ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്സിക്കോയെ ബ്രസീല്‍ തോല്‍പ്പിച്ചതിന്റെ അന്നുരാത്രി അഭിനവ് ആരതിയോട് പറഞ്ഞു.
അമ്മേ ഞാനെന്റെ പേര് മാറ്റി. ഇന്ന് മുതല്‍ ഞാന്‍ അഭിനവല്ല…. നെയ്മറാണ്. ആരതി കമ്പ്യൂട്ടറിന് മുന്നിലായിരുന്നു. ഇന്ന് രാത്രിതന്നെ തീര്‍ക്കേണ്ട ചിലജോലികള്‍. അതുകൊണ്ടുതന്നെ അഭിനവിന്റെ പേരുമാറ്റം ഗൗരവമായിട്ടെടുക്കാന്‍ ആരതിക്ക് തോന്നിയില്ല. എന്നാല്‍ പിറ്റേന്നത്തെ ടൈംടേബിള്‍ എടുത്തുവയ്ക്കാനായി സ്റ്റഡി റൂമില്‍ ചെന്നപ്പോഴാണ് ആരതി ആ മാറ്റത്തെ ആഴത്തില്‍ അറിഞ്ഞത്.
സകല പുസ്തകങ്ങളിലും അഭിനവ് എന്ന് വെട്ടിമാറ്റിയിട്ട് നെയ്മറാക്കി മാറ്റിയിരിക്കുന്നു. സ്റ്റഡി റൂമിന്റെ വാതിലില്‍ വെല്‍ക്കം ടു സോക്കര്‍ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നു. സ്റ്റിക്കറിന് താഴെ ഒരാളുടെ പടം, അധികം പ്രായം തോന്നിക്കാത്ത ഇവനാണോ നെയ്മര്‍.
ആരതിക്ക് ദേഷ്യം വരാന്‍ വേറൊന്നും വേണ്ടായിരുന്നു. അല്ലെങ്കില്‍ത്തന്നെ ഹൈ ബിപിയാണ്. സ്രെസ്സ് കുറയ്ക്കൂ എന്ന് എല്ലാവരും ഉപദേശിക്കുന്നു. എന്നിട്ട് എല്ലാവരും അതിനുള്ള വകകള്‍ സമ്മാനിക്കുന്നു.
അഭിനവ് നീയുംകൂടി ഇങ്ങനെ തുടങ്ങിയാല്‍ കുറച്ച് കഷ്ടമാണ്. അമ്മക്ക് നീമാത്രമേയുള്ളൂന്ന് ഓര്‍ക്കണം.
അഭിനവ് ചിരിച്ചു. അതൊരു പത്തുവയസ്സുകാരന്റെ ചിരിയായിരുന്നില്ല. ആ ചിരിയില്‍ ഒരു മുപ്പത്തിമൂന്നുകാരന് ഒളിഞ്ഞിരിക്കുന്നു. ഈ ചിരി തനിക്ക് പരിചയമുണ്ട്. ചിരിക്കുമ്പോള്‍ വിടരുന്ന നുണക്കുഴികള്‍.. നിഷ്ക്കളങ്കത…കുസൃതി… ദൈവമേ ഇത്ര സാമ്യമോ ഇവനും അയാളും തമ്മില്‍.
അമ്മേ… നെയ്മര്‍ ആരാണെന്ന് അമ്മയ്ക്കറിയ്യോ… ഇന്ന് ജീവിച്ചിരിക്കുന്ന ഫുട്ബോള്‍ കളിക്കാരില്‍ ഏറ്റവും വിലകൂടിയ താരമാണ്. നെയ്മര്‍ക്ക് ഒരുവര്‍ഷം കിട്ടുന്നത് ഏതാണ്ട് 200കോടി യൂറോയാണ്.
അതിന്..
ഞാന്‍ നെയ്മറായില് പിന്നെ അമ്മക്ക് എന്തിനാണ് ജോലി.
അമ്മ എനിക്ക് വേണ്ട സാധനങ്ങളൊക്കെ ഉണ്ടാക്കിത്തന്ന് ഇവിടെയിരിക്കും.
ഞാന്‍ പന്തുകളിക്കുമ്പോള്‍ അമ്മ ടിവിയില്‍ അത് കാണും… സന്തോഷിക്കും.
ആരതിക്ക് ചിരിവന്നു. നെയ്മര്‍ അഭിനവിനെ ആവേഗിച്ചിരിക്കുന്നുവെന്ന് ആരതിക്ക് മനസ്സിലായി. അവന്റെ പ്രകൃതംവച്ച് ഇനിയത് മനസ്സില്‍നിന്ന് ഇറങ്ങിപ്പോകുവാന് കുറേസമയമെടുക്കും. അതും അയാളുടെ സ്വഭാവമാണ്. അയാളും ഇങ്ങനെതന്നെയായിരുന്നു. മനസ്സിലേക്ക് കയറ്റിവച്ചതൊന്നും പെട്ടെന്ന് ഇറക്കികളഞ്ഞിട്ടില്ലയ ഒരുപക്ഷേ തന്നെയൊഴികെ. സത്യത്തില്‍ അയാളെപ്പോലെയാണ് അഭിനവ്, അതോ അഭിനവിനെപ്പോലെയാണോ അയാള്‍. രണ്ടായാലും തോറ്റുപോകുന്നത് താന്‍മാത്രമാണെന്ന് വേദനയോടെ ആരതി ഓര്‍ത്തു.
അഭിനവ് അന്ന് നേരത്തെയുറങ്ങി. കളിയുടെ ക്ഷീണം അവനെ ബാധിച്ചിരുന്നു. ബ്രസീലിനെപ്പോലെ മഞ്ഞ ജഴ്സിയിലാണവന്. നീല ട്രൗസറും. അവന്റെ കിടപ്പുകണ്ടപ്പോള്‍ മൈതാനത്ത് ഒരുകളിക്കാരന് കിടക്കുന്നതായി ആരതിക്ക് തോന്നി. നെയ്മര്‍ ഇങ്ങനെയാണോ കിടക്കുന്നത്.
അന്നുതന്നെ നെയ്മറെക്കുറിച്ചുള്ളതെല്ലാം ആരതി മനസ്സിലാക്കി. ഇനിയുള്ള ദിവസങ്ങള്‍ നെയ്മര്‍ക്കെതിരെ പടപൊരുതാനുള്ളതാണ്. നെയ്മറെ അഭിനവിനെക്കാള് കൂടുതല്‍ താന്‍ ഇഷ്ടപ്പെട്ടാല്‍ മതിയെന്ന ലളിതമായ സത്യം ആരതിക്കറിയാഞ്ഞിട്ടല്ല. തന്രെ ഇഷ്ടങ്ങള്‍ തന്റെമാത്രം ഇഷ്ടങ്ങളാണെന്ന വാശിതകര്ത്താല് അഭിനവ് കീഴടങ്ങും.
നെറ്റില്‍ നെയ്മറിന്റെ കളിയുടെ ശകലങ്ങള്‍ ആരതികണ്ടു. കാണുംതോറും ആരതിയുടെ മനസ്സില്‍ നെയ്മര്‍ ഒരു ഇഷ്ടമായി ഉറയ്ക്കുവാന്‍ തുടങ്ങി. എന്തുകൊണ്ടാണ് ലോകത്ത് നെയ്മറിന് ഇത്രയും ആരാധകരുള്ളതെന്ന് ആരതിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് ഫുട്ബോള്‍ ലോകമാകമാനമുള്ള ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ട കളിയായി മാറിയതെന്ന് ആരതി തിരിച്ചറിഞ്ഞു. എന്തുകൊണ്ടാണ് അഭിനവിന്റെ അച്ഛന് ബ്രസീല്‍ ഒരു ഭ്രാന്തായിരുന്നു എന്നതും ആരതിക്ക് ബോധ്യപ്പെട്ടു. ആ സത്യം തിരിച്ചറിഞ്ഞപ്പോള്‍ ആരതി പൊട്ടിക്കരഞ്ഞു.
ആരതിക്കപ്പോള്ത്തന്നെ കാര്‍ത്തിക്കിനെ വിളിക്കണമെന്ന് തോന്നി. സമയമേതും നോക്കാതെ തന്റെ ഹോസ്റ്റലിലേക്ക് നിരന്തരം വിളിക്കുമായിരുന്നു കാര്‍ത്തിക്ക്. തന്നെ ബൈക്കിന്രെ പുറകിലിരുത്തി മണിക്കൂറുകളോളം നഗരം ചുറ്റുമായിരുന്നു കാര്‍ത്തിക്. അഭിനവിനെ വേണമെങ്കില്‍ ഞാന്‍ പ്രസവിച്ചോളാം എന്ന് ലേബര്‍റൂമിലേക്ക് കയറുംമുന്‍പ് തന്നോട് തമാശ പറഞ്ഞ കാര്‍ത്തിക്ക്. പിന്നെപ്പിന്നെ വഴക്കിന്റെ മുകുളങ്ങളെ വലിയ പട്ടങ്ങളായി ഫ്ളാറ്റിനുള്ളില്‍ പറപ്പിക്കുമായിരുന്നു കാര്‍ത്തിക്ക്.
അതോ താനായിരുന്നോ അങ്ങനെ ചെയ്തത്. കാര്‍ത്തിക്കിന്റെ എല്ലാ സ്വഭാവങ്ങളും സഹിക്കാന്‍ പറ്റിയിരുന്ന തനിക്ക് എന്തുകൊണ്ടാണ് ഫുട്ബോള്‍ പ്രേമം മാത്രം സഹിക്കാന്‍ പറ്റാതിരുന്നത്. യൂറോപ്പിലെ ക്ലബ് ഫുട്ബോള്‍ മത്സരങ്ങള്‍വരെ വിടാതെ കണ്ടിരുന്ന കാര്‍ത്തിക്കിലെ സ്പോര്ട്മാനെ എന്തുകൊണ്ടാണ് താന്തിരിച്ചറിയാതെ പോയത്.
ഇങ്ങനെയായാല്‍ പിരിയേണ്ടിവരും എന്നാദ്യം പറഞ്ഞത് താന്‍തന്നെയല്ലേ… ഡിവോഴ്സ് വേണ്ട ഞാന്‍ മാറിത്തന്നേക്കാം എന്നുപറഞ്ഞ് കയ്യിലൊരു ബാഗുമായി കാര്‍ത്തിക്ക് ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോയിട്ട് എത്രദിവസങ്ങള്‍ കഴിഞ്ഞു. ദിവസങ്ങളോ അതോ മാസങ്ങളോ… 8വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്ന് ആരതി ഞെട്ടലോടെ തിരിച്ചറിഞ്ഞു. കാര്ത്തിക്കില്ലാത്ത ഒമ്പതാം വര്‍ഷമാണ് തന്നെ കടന്നുപോകുന്നത്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും അഭിനവ് അച്ഛനെ തിരക്കിയിട്ടില്ല. എന്നിട്ടും ഇപ്പോഴിതാ നെയ്മറിലൂടെ കാര്‍ത്തിക്കിനെ അഭിനവ് തിരിച്ചുപിടിച്ചിരിക്കുന്നു.
അപ്പുറത്ത് ഫോണ്‍ റിംങ് ചെയ്യുന്നുണ്ട്. കാര്‍ത്തിക്ക് ഉറങ്ങിക്കാണുമോ ഒരിക്കലും ഇല്ലെന്ന് ആരതിക്ക് അറിയാം. ലോകകപ്പിന്റെ മാസം കാര്‍ത്തിക്കിന് ഉറക്കമില്ലാത്ത മാസംകൂടിയാണ്. മിക്കവാറും ആ ഒരുമാസം ലീവായിരിക്കും ആയാള്‍. കണ്ടകളിതന്നെ വീണ്ടും വീണ്ടും കണ്ട് അയാള്‍ ആ മാസം ആഘോഷിക്കും. കണ്ടകളിതന്നെ വീണ്ടും വീണ്ടും കാണുമ്പോള്‍ എന്തുരസമാ നിങ്ങള്‍ക്ക് കിട്ടുന്നത്. ഒരിക്കല്‍ പൊട്ടിത്തെറിച്ചതോര്ക്കുന്നു. കണ്ട പെണ്ണിനെ വീണ്ടും വീണ്ടും കാണുമ്പോഴുള്ള അതേരസം തന്നെ… മറുപടി പെട്ടെന്നായിരുന്നു. തുടര്‍ന്ന് എത്രയെത്ര വഴക്കുകള്‍. ഒടുവില്‍ ആരാണ് ജയിച്ചത്. ഞാനോ കാര്‍ത്തിക്കോ…
ഹലോ…
അപ്പുറത്തുനിന്ന് കാര്‍ത്തിക്കിന്റെ ശബ്ദം
കാര്‍ത്തിക്ക്…
ആരതി വിളിച്ചു.
എനിക്കൊരു കാര്യം പറയാനുണ്ട്. നെയ്മറിന്… അവന് അവന്റെ അച്ഛനെ തിരിച്ചുവേണം
അപ്പുറത്ത് ഒരു പൊട്ടിച്ചിരി കേട്ടുവോ.. അതോ നിശബ്ദതയാണോ…ആരതി കാതോര്‍ത്തു. നിശ്വാസങ്ങള്‍ മാത്രം. അതിനൊടുവില്‍ സ്നേഹം വിടാത്ത വിളി. അതേ താളത്തില്‍
നെയ്മറിന്റെ അമ്മേ…..
ആരതി അത് കേട്ടില്ല. അപ്പോഴേക്കും അഭിനവ് ചാടിയെഴുന്നേറ്റിരുന്നു.
അമ്മേ,… അടുത്ത കളിക്കുള്ള സമയമായി.
അവന് ടിവിക്ക് മുന്നിലേക്ക് ഓടുകയാണ്.
അവന് പുറകേ ഓടുമ്പോള്‍ മൈലുകള്‍ക്കപ്പുറം വര്‍ഷങ്ങള്‍ക്ക് മുമ്പ് നെയ്മറുടെ അമ്മയും മകന് പുറകേ ഇതുപോലെ ഓടിയിട്ടുണ്ടാവും എന്ന് ആരതി ആഹ്ലാദത്തോടെ ഓര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: