ജോഹന്നാസ്ബര്‍ഗ്: വൈറസുകള്‍ക്കെതിരെ മറുമരുന്ന് കണ്ടെത്താന്‍ വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച പ്രൊഫ. ഗീതാ റാംജി( 64) യാത്രയായി, കൊറോണ ബാധിച്ച്. ഇന്ത്യന്‍ വംശജയാണ്. ദക്ഷിണാഫ്രിക്കയിലായിരുന്നു താമസം. ലോകപ്രശസ്ത വൈറോളജിസ്റ്റായ അവര്‍ എയ്ഡിസിനെതിരായ മരുന്നു കണ്ടെത്താനുള്ള ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിവരികയായിരുന്നു. ഔദ്യോഗികാവശ്യത്തിന് ലണ്ടനില്‍ പോയ അവര്‍ ഒരാഴ്ച മുന്‍പാണ് മടങ്ങിയെത്തിയത്. പക്ഷെ കൊറോണ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണ മൂര്‍ച്ഛിച്ച് ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം.
ദര്‍ബാനിലെ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ എച്ച്ഐവി പ്രതിരോധ ഗവേഷണ യൂണിറ്റിന്റെ ഡയറക്ടറും മരുന്ന് പരീക്ഷണ യൂണിറ്റിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായിരുന്നു. ഗവേഷണ കൗണ്‍സില്‍ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഫാര്‍മസിസ്റ്റായ പ്രവീണാണ് ഭര്‍ത്താവ്.
എച്ച്ഐവിക്ക് മരുന്ന് കണ്ടെത്താന്‍ ജീവിതം തന്നെ ഗവേഷണമാക്കിയ അവരെ യൂറോപ്യന്‍ ഡവലപ്മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് നല്കി 2018ല്‍ ലിസ്ബണില്‍ വച്ച് ആദരിച്ചിരുന്നു.
ലോകത്തിന്റെ വിദൂര കോണുകളില്‍ നിന്നുപോലും അവര്‍ക്ക് ആദരാഞ്ജലികള്‍ പ്രവഹിക്കുകയാണ്.ഇന്ത്യയില്‍ നിന്ന് ഉഗാണ്ടയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകള്‍. ജനനവും ഉഗാണ്ടയില്‍. 70 കളില്‍ ഈദി അമീന്റെ കിരാതമായ ഏകാധിപത്യ ഭരണകാലത്ത് കുടുംബം ഒന്നടങ്കം ഒളിവിലായിരുന്നു. പിന്നെ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി.
ഹൈസ്ക്കൂള് വരെ ഇന്ത്യയിലാണ് പഠിച്ചത്. സണ്ടര്‍ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് രസതന്ത്രത്തിലും ഫിസിയോളജിയിലും ഓണേഴ്സ്. ഇന്ത്യന്‍ വംശജനായ പ്രവീണിനെ വിവാഹം കഴിച്ചു.
രണ്ടു കുട്ടികളായ ശേഷം മാസ്റ്റര്‍ ബിരുദം നേടി. 94ല്‍ പി എച്ച്ഡി എടുത്തു. എയ്ഡ്സ്, ടിബി ഗവേഷണ സ്ഥാപനമായ ഔറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്, യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍, യൂണിവേഴ്സിറ്റി ഓഫ് കേപ് ടൗണ്‍ എന്നിവയിലെ ഓണററി പ്രൊഫസര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: