കണ്ണൂര്‍: ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചുനില്ക്കുമ്പോള് കേരളത്തിലെ ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് സ്വന്തം ജീവന്‍പോലും പണയം വെച്ചു ജോലി ചെയ്യാന്‍ തയ്യാറായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണ് സാലറി ചലഞ്ച് പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേരള എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സജീവന് ചാത്തോത്തും സെക്രട്ടറി കെ.കെ.സന്തോഷും പ്രസ്താവനയില്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എന്‍ജിഒസംഘ്- ഫെറ്റോ സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ഓഖി, പ്രളയ ദുരന്തസമയത്ത് ജീവനക്കാര്‍ നല്കിയ തുക ശരിയായ വിധത്തില്‍ വിനിയോഗിച്ചില്ല. എന്നുമാത്രമല്ല വന്‍ വെട്ടിപ്പും നടത്തുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ സാലറി ചലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം ഒരിക്കല്‍ക്കൂടി പിടിച്ചെടുക്കുന്നതിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ക്ലാസ്സ് 4 ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ തുച്ഛമായ മാസവരുമാനക്കാരാണ്. കൃത്യമായ കുടുംബ ബജറ്റില്‍ ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്ക് സാലറി ചലഞ്ച് ഒരു വലിയ ഭീഷണി തന്നെയാണ്. ഈ സാഹചര്യത്തില്‍ ഒരു മാസത്തെ വേതനം നിര്‍ബ്ബന്ധമായും നല്‍കണമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഓരോ ജീവനക്കാരനും സ്വന്തം സാമ്പത്തിക ശേഷിക്കനുസരിച്ച് നല്കാന് സാധിക്കുന്ന തുക നല്കിയാല് മതിയെന്ന നിലപാട് സ്വീകരിക്കണം.
അതോടൊപ്പം സര്‍ക്കാര്‍ സമസ്ത മേഖലയിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: