നാടെങ്ങും അടഞ്ഞുകിടക്കുന്നു. എല്ലാവരും വീട്ടിലിരിക്കുന്നു. നാട്ടറിവുകളിലൂടെ, നാട്ടുരുചികളിലൂടെയാണ് ഇപ്പോള്‍ പലരുടെയും സഞ്ചാരം. ബര്‍ഗറും പിസയുമെല്ലാം രുചിച്ച് നാടന്‍ ഭക്ഷണശീലങ്ങളെ പടിക്കു പുറത്ത് നിര്‍ത്തിയവര്‍ ഇപ്പോള്‍ ചക്കയുടെയും ഇടിയന്ചക്കയുടെയും വാഴപ്പിണ്ടിയുടെയും ഇരിമ്പന്പുളിയുടെയുമെല്ലാം പിന്നാലെയാണ്. അതിന്റെ രുചി അനുഭവിച്ചറിയുന്ന തിരക്കിലാണ്.
വീട്ടുവളപ്പില്‍ ചുറ്റുമുള്ള ഫലവര്ഗങ്ങളെല്ലാം ഒരുകാലത്ത് തീന്മേശയിലെ വിഭവങ്ങളായിരുന്നു. ഓരോ കാലത്തും ഓരോന്ന്. കാലത്തിന്റെ വേഗത്തിനൊപ്പം പാഞ്ഞപ്പോള്‍ അതെല്ലാം പാഴ്ച്ചെടികളുടെ ഗണത്തിലായി. ചക്ക മുറിച്ചു കഴിക്കാന്‍ സമയമില്ലാതായി. അവിടെ നിന്ന് ചക്ക വിഭവങ്ങളുടെ വൈവിധ്യം കണ്ട് വിസ്മയിക്കുകയാണ് ഇപ്പോഴൊരു തലമുറ. ചക്കപ്പുഴുക്ക്, ഇടിച്ചക്ക തോരന്‍… അങ്ങനെ ചക്കമടല് ഉള്‍പ്പടെ അതിലെ ഓരോ ഭാഗങ്ങളില്‍ നിന്ന് രുചികരമായ, പോഷകസമൃദ്ധമായ വിഭവങ്ങളുണ്ടാക്കാമെന്ന് ലോക്ഡൗണ്‍ കാലം ചിലരെയെങ്കിലും പഠിപ്പിക്കുന്നു. അവരത് ആസ്വദിക്കുന്നു.
വീട്ടുപറമ്പില്‍ സ്ഥിരമായി കാണാറുള്ള ചേമ്പ്, ഇപ്പോഴത്തെ തലമുറ കളകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ചേമ്പിന്താള്കൊണ്ടുള്ള വിഭവങ്ങള്‍ മലയാളിയുടെ തീന്മേശയെ സമ്പന്നമാക്കിയിരുന്നെന്ന് ഇപ്പോഴെങ്കിലും ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ചേമ്പ്, ചേന, വാഴച്ചുണ്ട്, സാമ്പാര്‍ ചീര…വിഭവങ്ങളുടെ പട്ടിക നീളുന്നു. വാഴപ്പിണ്ടി, വാഴക്കുടപ്പന്‍, താള് തോരനൊക്കെ ഇതാ വീണ്ടും ഊണ്മേശയില്…
ലോക്ഡൗണ്‍, വര്‍ക്ക് അറ്റ് ഹോം…എല്ലാവരും വീട്ടിലുണ്ട്. പറമ്പിലേക്ക് ഒന്നിറങ്ങാന്‍ തീരുമാനിച്ചാല്‍ മുന്‍പ് എപ്പഴോ മറന്നു പോയതു പലതും കാണാം…ഓഫീസ് നേരങ്ങളിലെ പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെയുള്ളതിന് ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരെ കാത്തുനിന്ന കാലത്ത് നിന്ന്് വീട്ടുപറമ്പിലെ രുചികളിലേക്ക് വീണ്ടും ചെല്ലാം… സമൂഹമാധ്യമങ്ങളും ഈ മാറ്റം ആഘോഷിക്കുന്നു. രസകരമായാണ് പലരും ഇത് അവതരിപ്പിക്കുന്നത്. പറമ്പില്‍ നിന്ന് തെങ്ങിന്മടല് വലിച്ചു കൊണ്ടുവരുന്ന അമ്മയെ കാണുമ്പോള്‍, ഇതാകുമോ ഇന്നത്തെ തോരന്‍ എന്ന് ചോദിക്കുന്ന അച്ഛനും മക്കളും ഇതിലൊന്ന്. എന്തൊക്കെയായിരുന്നു, കബാബ് ചിക്കന്‍, അല്‍ഫാം, കുഴിമന്തി, ഷവര്‍മ…ഒലക്കേടമൂട്…ഇപ്പോ, ഉണ്ണിപ്പിണ്ടി, ചക്കക്കുരു, ചേമ്പിന്താള് എന്നാണ് മറ്റൊരു ട്രോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: