തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സാലറി ചലഞ്ച് വീണ്ടും കോടതി കയറും. സാലറി ചലഞ്ച് നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അമ്പത് ശതമാനം വെട്ടിക്കുറയ്ക്കാനും നീക്കം.
കൊറോണ ബാധയെ തുടര്‍ന്ന് കാലിയായ ഖജനാവില്‍ പണം എത്തിക്കുന്നതിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാലറി ചലഞ്ചിനെതിരെ ജീവനക്കാര്‍ ഇതിനകം രംഗത്ത് വന്നു. നിര്‍ബന്ധമായും പണം പിരിച്ചെടുക്കാനാണ് നീക്കമെങ്കില്‍ കോടതിയില്‍ പോകാനാണ് ഇടത് സര്‍വീസ് സംഘടനകള്‍ ഒഴികെയുള്ളവരുടെ തീരുമാനം.
പ്രളയ ദുരന്തത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പിലാക്കിയിരുന്നു. നിര്‍ബന്ധപൂര്‍വം സമ്മത പത്രം വാങ്ങി നടപ്പിലാക്കാന്‍ ശ്രമിച്ചതോടെ എന്‍ജിഒ സംഘ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. നിര്‍ബന്ധപൂര്‍വം ജീവനക്കാരില്‍ നിന്നും പണം പിരിക്കരുതെന്നായിരുന്നു സൂപ്രീംകോടതി വിധി. അതിനാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് സാധിക്കില്ല. 1345.65 കോടി രൂപയാണ് നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും കഴിഞ്ഞ തവണ ഖജനാവില്‍ എത്തിച്ചേര്‍ന്നത്. പണം തന്നില്ലെങ്കില്‍ സ്ഥലം മാറ്റുമെന്നുള്ള ഇടത് സംഘടനകളുടെ ഭീഷണിയില്‍ പന്ത്രണ്ടു ഗഡുക്കളായി പകുതിയോളം ജീവനക്കാര്‍ പണം നല്‍കുകയായിരുന്നു.
സാലറി ചലഞ്ചുമായി ജീവനക്കാര്‍ സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനു മുന്നിലുള്ള അടുത്ത പോംവഴി ശമ്പളത്തില്‍ നിന്നും അമ്പതു ശതമാനം ഖജനാവിലേക്ക് മാറ്റുക എന്നതാണ്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരിന് അങ്ങനെ ചെയ്യാം. സാമ്പത്തിക ഭദ്രത ഉണ്ടായ ശേഷം തുക തിരികെ നല്കിയാല് മതി. നിലവില്‍ തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അമ്പതു ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 312 അംഗീകൃത സംഘടനകള്‍ ഉള്ളപ്പോള്‍ ഏതാനും സംഘടനകളെ മാത്രമാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ എല്ലാ സംഘടനകളുടെയും യോഗം വിളിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: