അന്നമയകോശ വിചാരം തുടരുന്നു.
ശ്ലോകം 157
ദേഹതദ്ധര്മ്മ തത്കര്‍മ്മ
തദവസ്ഥാദി സാക്ഷിണഃ
സത ഏവ സ്വതഃസിദ്ധം
തദ് വൈലക്ഷണ്യമാത്മനഃ
ദേഹത്തിന്റെയും അതിന്റെ ധര്‍മ്മങ്ങളുടേയും കര്‍മ്മങ്ങളുടേയും അവസ്ഥകളുടേയും സാക്ഷിയായി സദാ നിലകൊള്ളുന്ന ആത്മാവ് അവയില്‍ നിന്നെല്ലാം വേറിട്ടവനാണെന്നത് സ്വതഃസിദ്ധമാണ്. ഓരോ ജീവിയുടേയും ശരീരം ഓരോ തരത്തിലുള്ളതാണ്. ഒരാളില്‍ മറ്റൊരാളും ഒരു ജന്തുവില്‍ അതേ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു ജന്തുവും വേറെയാണ്. ദേഹം പൊതുവെ നാല് തരം. ഭൂമി പിളര്‍ന്ന് കിളിര്‍ത്ത് വരുന്നത് – ഉദ്ഭിജം, വിയര്‍പ്പ് -അഴുക്ക് മുതലായവയില്‍ നിന്നുണ്ടാകുന്നത് -സ്വേദജം, മുട്ടപൊട്ടി വിരിയുന്നത് -അണ്ഡജം, പ്രസവത്തിലൂടെ പുറത്ത് വരുന്നത് – ജരായുജം എന്നിങ്ങനെയാണ്. ആത്മാവ് ഈ ദേഹങ്ങളില്‍ നിന്നെല്ലാം വേറിട്ടവനാണ്.
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയെയാണ് ദേഹ ധര്‍മ്മങ്ങളായി പറയുന്നത്.ഇവയൊന്നും ആത്മാവല്ല. ഇഷ്ടത്തെ നേടാനും അനിഷ്ടത്തെ നീക്കാനും വേണ്ടി ചെയ്യുന്ന നടത്തം, പോക്കും വരവും, എടുക്കല്‍, പിടിക്കല്‍, കളയല്‍ എന്നിവയാണ് ദേഹ കര്‍മ്മങ്ങള്‍. ഇവയും ആത്മാവല്ല.
ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയുള്ളവയാണ് അവസ്ഥകള്‍. അതില്‍ തന്നെ സ്വാസ്ഥ്യം, രോഗം,ജരാനരകള്‍ തുടങ്ങിയവയും പെടും. ആദി എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ തടിക്കലും മെലിയലും നില്പും ഇരിപ്പും കിടപ്പുമൊക്കെയായി എന്തൊക്കെയുണ്ടോ അവയെന്ന് അറിയണം. ഇപ്പറഞ്ഞവയൊന്നും ആത്മാവല്ല.
ശരീരത്തിന്റെ എല്ലാ ധര്‍മ്മങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും അവസ്ഥകള്‍ക്കും സാക്ഷിയായിരിക്കുന്നതാണ് ആത്മാവ്. അത് ഒരു മാറ്റവുമില്ലാതെ അന്തര്യാമിയായി ഓരോന്നിലും കുടികൊള്ളുന്നു.
ആത്മാവ് ഇവയ്ക്കെല്ലാം സാക്ഷി എന്ന് പറഞ്ഞാല്‍ മറ്റൊരു കാരണവും കൂടാതെയിരിക്കുന്നതാണ്. അവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഇവയുടെ ഒന്നും സഹായമില്ലെങ്കില് ആത്മാവിന് നിലനില്‍പ്പുണ്ട്. ആത്മസാന്നിദ്ധ്യമില്ലാതെ ഇപ്പറഞ്ഞയ്ക്ക് നിലകൊള്ളാനുമാവില്ല. അത് ദൃക്കാണ് ദൃശ്യമല്ല. കാണുന്ന ആള് ഒരിക്കലും കാഴ്ചവസ്തു ആവില്ല. അതിനാല്‍ ജഡവും ദൃശ്യ വസ്തുവുമായ ദേഹം ആത്മാവല്ല.
ശ്ലോകം 158
ശല്യരാശിര്മാംസലിപ്തോ
മലപൂര്ണ്ണോളതികശ്മലഃ
കഥം ഭവേദയം വേത്താ
സ്വയമേതത് വിലക്ഷണഃ
മാംസത്താല്‍ പൊതിഞ്ഞതും മലം നിറഞ്ഞതും അത്യന്തം അശുദ്ധവുമായ എല്ലിന് കൂടായിട്ടുള്ള ഈ ദേഹം അതില്‍ നിന്നൊക്കെ വേറിട്ടതും അതിനെ അറിയുന്നതുമായ ആത്മാവാകുന്നത് എങ്ങനെ?
ശരീരത്തിന്റെ സൗന്ദര്യത്തില്‍ മതിമറന്ന് നില്ക്കുന്ന നമ്മളോട് വീണ്ടും അതിന്റെ വൃത്തികേടിനെയും അനാത്മത്വത്തേയും ചോദ്യരൂപത്തില്‍ കാട്ടിത്തരുകയാണ്. അത്രത്തോളം അമംഗളമായ ഒന്നിന് എങ്ങനെ ആത്മാവാകാന്‍ കഴിയും എന്നാണ് ചോദ്യം. ശരീരത്തില്‍ ഭ്രമിച്ച് നടന്ന് ഞാന്‍ ഈ ശരീരമാണെന്ന് കരുതുമ്പോള്‍ അതിലും വലിയൊരു മണ്ടത്തരമില്ലെന്നറിയുക. മാംസവും മലവുമൊക്കെ നിറഞ്ഞ, എല്ലിന് കൂട് മാത്രമായ ഈ ശരീരമൊരിക്കലും ആത്മാവല്ല. വെറും മാംസപിണ്ഡത്തിന് എങ്ങനെ ആത്മാവാകാനാകും? ഈ മലിന വസ്തുക്കളുടെ കൂമ്പാരമായ ശരീരത്തിന് നിന്ന് വേറിട്ടതാണ് നിത്യ ശുദ്ധവസ്തുവായ ആത്മാവ്. അത് വേത്താവാണ്. വേത്താ എന്നാല്‍ അറിയുന്നവന്. ഈ ശരീരത്തിനെ എല്ലാ തരത്തിലും അറിയുന്നവനാണ് ആത്മാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: