വൈക്കം: കൈകള്‍ അണുവിമുക്തമാക്കണോ? അതിന് ‘ക്രോനി’ ഒരുക്കമാണ്. ആരാണ് ക്രോനിയെന്നല്ലേ? ഒരു റോബോട്ട്. കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഈ റോബോട്ട്.
ആളുകള്‍ അടുത്ത് ചെന്നാല്‍ സെന്‍സറിങ് ഉപയോഗിച്ച് ക്രോനി സാനിറ്റൈസര്‍ സ്പ്രേ ചെയ്യും. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ എത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ഉപയോഗിച്ചാണ് സാനിറ്റൈസര്‍ വിതരണം ചെയ്തിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് വൈക്കം സ്വദേശി പൊന്മനശ്ശേരിയില് വീട്ടിലെ ഹരികൃഷ്ണന് ഇത്തരത്തിലുള്ള റോബോട്ടിനെ നിര്‍മിച്ചത്.
എംബിഎ ബിരുദധാരിയായ ഹരികൃഷ്ണന് നിലവില്‍ ബിഷ് ഓട്ടോമേഷന്‍ എന്ന സ്റ്റാര്‍ട്ട്അപ്പ് നടത്തുകയാണ്. സ്റ്റാര്‍ട്ട്അപ്പിലെ ആവശ്യങ്ങള്‍ക്ക് വാങ്ങിയ ഇലക്ട്രിക് ഉത്പന്നങ്ങളും മെറ്റല്‍ ഷീറ്റ്, പ്ലാസ്റ്റിക്, ഫൈബര്‍ എന്നിവയും ഉപയോഗിച്ചാണ് റോബോട്ട് നിര്‍മിച്ചത്. 14,000 രൂപ മുതല്‍മുടക്കില്‍ അഞ്ച് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ട് ലിറ്റര്‍ സാനിറ്റൈസര്‍ ഉള്‍ക്കൊള്ളാവുന്ന ടാങ്കും ഇതിലുണ്ട്. ഏകദേശം 1500 സ്പ്രേ ഇതില്‍ നിന്ന് ലഭിക്കും. കൊറോണയ്ക്കെതിരായ ബോധവത്കരണ സന്ദേശവും ക്രോനി നല്കുന്നു.
മൂന്നു ദിവസം മുമ്പാണ് ക്രോനിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ചത്. ആളുകളില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്് ഹരികൃഷ്ണന് പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രിയിലെ ഹെഡ് നഴ്സായി വിരമിച്ച രമയുടേയും ശിവന്റേയും മകനാണ് ഹരികൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: