കണ്ണൂര്‍: ‘ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ മാനവികതയില്‍ നിന്നകന്നു പോയി എന്ന് തുറന്നുപറയാന്‍ ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു ഒ.വി. വിജയന്‍. രണ്ടുപക്ഷങ്ങളും അദ്ദേഹത്തിന്റെ ചിന്തകളെ ഒരുപോലെ ഭയപ്പെടുകയും ചെയ്തു…’ പ്രശസ്ത നിരൂപകന്‍ ഡോ. പി.ശിവപ്രസാദിന്റെ വാക്കുകള്‍ ഒഴുകിയെത്തിയത് വാട്‌സ്ആപ്പിലൂടെയാണ്.
ഒ.വി. വിജയന്റെ ചരമവാര്‍ഷികദിനമായ മാര്‍ച്ച് 30ന് തപസ്യ കലാസാഹിത്യ വേദി കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ നൂറുകണക്കിനാളുകള്‍ ഡോ. ശിവപ്രസാദിന്റെ ഒ.വി. വിജയന്‍ അനുസ്മരണപ്രഭാഷണം കേട്ടു. മഹാമാരിയുടെ വ്യാപനം പ്രതിരോധിക്കാന്‍ വീടടച്ചിരിക്കാന്‍ ലോകം നിര്‍ബന്ധിതമായെങ്കിലും മാര്‍ച്ച് 30ന് ഒ.വി. വിജയനെ ഓര്‍ക്കാതിരിക്കാന്‍ തപസ്യക്കാവില്ല. എല്ലാവര്‍ഷവും ഈ ദിവസം നടത്താറുള്ള അനുസ്മരണം സമൂഹമാധ്യമത്തിലൂടെയാക്കുകയായിരുന്നു തപസ്യ പ്രവര്‍ത്തകര്‍. തപസ്യയുടെ കണ്ണൂര്‍ ഘടകം മാത്രമല്ല, കോട്ടയം ഉള്‍പ്പെടെയുള്ള മറ്റ് പല യൂണിറ്റുകളും വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ ഒ.വി. വിജയന്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. കൃത്യം നാലുമണിക്ക് എല്ലാവരും മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനായി. സാധാരണയായി തപസ്യയുടെ പൊതുപരിപാടി നടക്കുന്നതു പോലെ തന്നെ ഓണ്‍ലൈനില്‍ വീഡിയോ മെസ്സേജുകളെത്തി. നാന്ദിഗീതവും സ്വാഗതവും അധ്യക്ഷപ്രസംഗവും അനുസ്മരണപ്രഭാഷണവും ഒടുവില്‍ നന്ദിപ്രകടനവും. എല്ലാം ക്രമത്തില്‍. ചര്‍ച്ചയ്‌ക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും.
പരിപാടിയുടെ സംഘാടനവും സമൂഹമാധ്യമം വഴിയായിരുന്നു. രണ്ടുദിവസം മുമ്പുതന്നെ ജില്ലാതല പ്രവര്‍ത്തകരുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളില്‍, എങ്ങനെ പരിപാടി സംഘടിപ്പിക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് മറ്റൊരു പൊതുഗ്രൂപ്പിലൂടെ പരിപാടി സംഘടിപ്പിച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശ്യം. കോഴിക്കോട് ജില്ലാഘടകം ‘അകലം വന്ന നാളുകള്‍’ എന്ന വിഷയത്തില്‍ കവിതാമത്സരം സംഘടിപ്പിക്കും. വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് കവിതകളയച്ചുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കാം. കോട്ടയം ഘടകത്തിന്റെ വായനക്കൂട്ടം എന്ന പരിപാടി നേരത്തെ തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായുള്ള വായനാമത്സരമാണിത്. പാലക്കാട് ജില്ലാ ഘടകം സംഘടിപ്പിക്കുന്ന പുസ്തകാസ്വാദനക്കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 15 വരെ സമയമുണ്ട്. കണ്ണൂര്‍ ജില്ലയുടെ അടുത്തപരിപാടി സാഹിത്യസംവാദമാണ്. ലോക്ഡൗണ്‍ കാലത്തും തപസ്യ തുടരുന്ന സര്‍ഗാത്മകപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സന്ദേശങ്ങളുടെ ഒഴുക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: