ന്യൂദല്‍ഹി: രാജ്യത്തെ നിശ്ചലമാക്കിയ കൊറോണ വൈറസ് ജനങ്ങളില്‍ ഭീതിയുയര്ത്തിയിട്ടുണ്ടെന്നും ഈ ഭീതി വൈറസിനെക്കാള്‍ അപകടകരമാണെന്നും സുപ്രീംകോടതി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഭീതിയിലാണ്. ഇവര്‍ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ പൊതു സമൂഹത്തിലെത്തിക്കേണ്ടതുണ്ട്. പുത്തന്‍ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സര്‍ക്കാര്‍ നടപടികളുടെ റിപ്പോര്‍ട്ട്് തേടിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ പുത്തന്‍ നിര്‍ദേശങ്ങള്‍ നല്‍കാതിരുന്ന കോടതി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് ആരായുകയായിരുന്നു. 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ പല സ്ഥലങ്ങളിലായി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ മടക്ക സാധ്യതയ്ക്ക് അവസരം ഒരുക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു.
യാത്രയ്ക്ക് അവസരം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസ്താവന ഉണ്ടായാല്‍ സ്ഥിതി വഷളാകുമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ കോടതി വിഷയത്തില്‍ നിര്‍ദേശം നല്‍കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എല്ലാ സൗകര്യവും സര്‍ക്കാരുകള്‍ ഒരുക്കുന്നുണ്ട്. ഇവരുടെ ഭയം കൊറോണയെക്കാള്‍ ഗൗരവമാണെന്നും ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: