മുംബൈ: പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇന്നു നിലവില്‍ വരും. 2019 ആഗസ്റ്റില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഇന്നു മുതല്‍ പത്തു ബാങ്കുകള്‍ ലയിക്കുന്നത്. ഇവ ഇനി നാലു ബാങ്കുകളായി ചുരുങ്ങും. ഓറിയന്റ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് ലയിക്കും. ഈ മൂന്നു ബാങ്കുകള്‍ ലയിച്ചാല്‍ എസ്ബിഐക്ക് ശേഷം രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാകും. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കില്‍ ലയിക്കും. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലേക്ക് ലയിക്കും. യൂണിയന്‍ ബാങ്ക്, ആന്ധ്രബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിക്കും. ലയിച്ചു ചേര്‍ന്ന ബാങ്കുകളിലെ ഉപഭോക്താക്കള്‍ പുതിയ ബാങ്കുകളുടെ ഉപഭോക്താക്കളാകും.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയാവും ഇനി രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകള്‍. സ്വതന്ത്ര ബാങ്കുകളായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആന്റ് സിന്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ തുടരും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഞ്ചുകളായി ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സിന്റിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിന്റെ ബ്രാഞ്ചും ആയിരിക്കും.ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളായിരിക്കും അലഹബാദ് ബാങ്ക്.
ഇന്നു മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ശാഖകളും കാനറ ബാങ്ക് ശാഖകളായി പ്രവര്‍ത്തിക്കും. ഇതോടെ കാനറ ബാങ്ക് ശാഖകള്‍ 10,391 ആയും എടിഎമ്മുകള്‍ 12,829 ആയും വര്‍ധിക്കും. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 91,685 ആകും. ഇരു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് കാനറ ബാങ്ക് എംഡിയും സിഇഒയുമായ എല്‍.വി പ്രഭാകര്‍ പറഞ്ഞു.
















