തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറാകാത്തവരുടെ ശമ്പളം വെട്ടിക്കുറയക്കണമെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സാലറി ചലഞ്ച് ഏര്‍പ്പെടുത്തുന്നത്. ഇതിനു മുമ്പ് പ്രളയ ദുരിതാശ്വാസത്തിനായി സാലറി ചലഞ്ചും, സെസ്സും ഏര്‍പ്പടുത്തിയിരുന്നു. പ്രളയ സമയത്തെ സാലറി ചലഞ്ചിനെതിരെ കോടതിയില്‍ പോയ സാഹചര്യം ഉണ്ടായതിനാല്‍ നിയമപരമായ സാധ്യത കൂടി പരിഗണിച്ചാകും സര്‍ക്കാര്‍ ഉത്തരവിറക്കുക. പ്രളയ കാലത്തെ സാലറി ചലഞ്ച് ഉത്തരവിലെ വിസമ്മതപത്രം അടക്കമുള്ള നിബന്ധനകള്‍ സുപ്രീം കോടതി തള്ളിയിരുന്നു.
നിലവില്‍ ഈ മാസത്തെ ശമ്പളബില്ലുകള്‍ നേരത്തെ പോയതിനാല്‍ അടുത്ത മാസം മുതലാണ് ചലഞ്ച് നടപ്പാക്കുക. ഈ മാസം ജീവനക്കാരുടെ പ്രതികരണം പരിശോധിക്കും. ഒരുമാസത്തെ ശമ്പളം ഒരുമിച്ചോ ഗഡുക്കളായോ നല്‍കാം. സഹകരിക്കില്ലെന്ന് പറയുന്നവരില്‍ നിന്നും എങ്ങിനെ പണം ഈടാക്കാമെന്നതിനെ കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമതീരുമാനമെടുക്കും. ഈ ജീവനക്കാരുടെ ശമ്പളം മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ വെട്ടിക്കുറയ്ക്കുന്നതും ആലോചനയുണ്ട്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പു വരുത്താനാണിത്.
ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ശമ്പളം സ്വീകരിക്കുന്നതിന് ഉത്തരവിറങ്ങിയില്ല. പ്രളയത്തോടനുബന്ധിച്ച് 2018ലെ സാലറി ചലഞ്ചില്‍നിന്ന് 40 ശതമാനം ജീവനക്കാര്‍ വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ച് തത്ത്വത്തില്‍ അംഗീകരിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല.
സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടത്. പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാരും സാധാരണ ജനങ്ങളുമുള്പ്പടെയുള്ളവര് സഹായം നല്കി. എന്നാല്‍ ആ പണം കൃത്യമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതര്‍ക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഎം നേതാക്കള്‍ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി.
ഇപ്പോള്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ വീണ്ടും ശമ്പളമുള്‍പ്പടെ പിടിച്ചെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ എന്തു വിശ്വസിച്ച് പണം നല്‍കുമെന്ന് സുരേന്ദ്രന് ചോദിച്ചു. ഈ പണവും ധൂര്‍ത്തടിക്കുകയും സിപിഎം നേതാക്കള്‍ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പ്? നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. കഴിവും മനസ്സുമുള്ളവര്‍ പണം നല്കട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്നും സര്‍ക്കാറിന്റെ പിടിപ്പ് കേടാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കൂടാതെ ആരോഗ്യവകുപ്പ് ജീവനക്കാരേയും പോലീസിനെയും ഫയര്‍ഫോഴ്സിനെയും സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: