പത്തനംതിട്ട: ആദ്യം ഭയമായിരുന്നു, ഇപ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാര്‍. ഇറ്റലിയില്‍ നിന്നുള്ള കുടുംബത്തിന്റെ റാന്നി ഐത്തലയിലേക്കുള്ള വരവും അവരുടെ രണ്ടു ബന്ധുക്കളുടെ രോഗ സ്ഥിരീകരണവും രാജ്യത്തെത്തന്നെ ഞെട്ടിച്ച സംഭവമായിരുന്നു . തുടര്‍ന്ന് ഇറ്റലിയില്‍ നിന്നുള്ള മൂന്നംഗ കുടുംബത്തെയും ബന്ധുക്കളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
കൊറോണയെ ചെറുക്കാനുള്ള ആദ്യ ദൗത്യം ഏറ്റെടുത്തവരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടര്‍മാരും. ഇതുവരെ എട്ടു രോഗികളെയാണ് ഇവര്‍ ചികിത്സിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നുള്ള കുടുംബവും അവരുടെ രണ്ടു ബന്ധുക്കളും രോഗ വിമുക്തമായി ഇവരുടെ വീടുകളിലേക്കു പോയി. അസാധാരണമായ ഒരു യുദ്ധത്തിലെ കര്‍മനിരതരായ പടയാളികളെപ്പോലെയാണ് ഇവരെ പരിചരിച്ച മാലാഖമാര്‍ സംസാരിച്ചത്.
ആദ്യ ദിവസങ്ങളില്‍ രോഗികള്‍ കടുത്ത നിരാശയിലായിരുന്നു. പലപ്പോഴും സിസംഗമായി പെരുമാറി. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസങ്ങളായതോടെ വേര്‍പിരിയുന്നതൊരു നനുത്ത ദുഃഖമായി മാറി. രോഗ മുക്തി നേടിയ രോഗികള്‍ക്ക് വീട്ടില്‍ പോകാമെങ്കിലും പരിചരിച്ച നഴ്സുമാര്‍ക്ക് തങ്ങളുടെ വീട് ഇപ്പോഴും അന്യമാണ്. ഇനി പത്തു ദിവസം കൂടി ആശുപത്രിയില്‍ തുടരണം. അതുകഴിഞ്ഞ് കൊറോണ ടെസ്റ്റ് നടത്തും. നെഗറ്റിവ് ആണെങ്കില്‍ വീട്ടില്‍ പോകാം. പക്ഷെ അടുത്ത 14 ദിവസം ഹോം ക്വാറന്റൈനില്‍ തന്നെ തുടരണം.
ഓരോ രോഗിയും ഓരോ മുറിയിലാണ്. കുടുംബത്തോടെയുള്ളവര്‍ കുടുംബമായി ഒരു മുറിയിലാകും. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. ഫോണില്ല. ടിവി ഇല്ല. മരുന്ന് കൊടുക്കാനും പരിശോധനകള്‍ക്കും മാത്രമേ നഴ്സുമാരും റൂമിനകത്തേക്കു പോകൂ. അകത്തു കയറുമ്പോള്‍ ഒരു സൂചിയുടെ വിടവ് പോലും പരിചാരകരുടെ സേഫ്റ്റി വസ്ത്രങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതില്‍ പോലും അതീവ ശ്രദ്ധ വേണം. മരുന്ന് കൊടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ആശ്വാസം പകരുന്നതും. ആദ്യ ദിവസങ്ങളില്‍ ധാരാളം പഴങ്ങള്‍ ചോദിക്കുമായിരുന്നു. ആഹാരം പച്ചക്കറികളും മത്സ്യ മാംസാദികളും ഉള്‍പ്പെടുത്തിയതായിരുന്നു. അതേ ഭക്ഷണം തന്നെയാണ് നഴ്സുമാരും കഴിക്കുന്നത്.
പ്രായമുള്ളവര്‍ മാത്രം ശ്വാസം മുട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കും. പത്തനംതിട്ടയില്‍ ഉണ്ടായിരുന്ന ഒരു രോഗിക്ക് പനി പോലും ഉണ്ടായിരുന്നില്ല. കൊറോണ ടെസ്റ്റ് പോസിറ്റിവ് ആയതു കൊണ്ട് മാത്രം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതാണ്. എന്തായാലും നീണ്ട കാലത്തെ ആതുര സേവനത്തില്‍ ഇത്രയധികം സംതൃപ്തി തന്ന ഒരു ദിവസമില്ലന്ന് അവര്‍ പറയുന്നു.
ആദ്യം അഡ്മിറ്റ് ചെയ്ത രോഗികളെല്ലാം രോഗം ഭേദമായി പോകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ആത്മസംതൃപ്തി തോന്നി. മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതുവരെ ഏഴു പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 14 നഴ്സുമാര്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി. 10 ദിവസമാണ് ഒരു ബാച്ച് ഡ്യൂട്ടി ചെയ്യേണ്ടത്. സാധാരണ ഷിഫ്റ്റുകള്‍ തന്നെയാണ് ഇവിടയും ഉള്ളത്. ഒരു ഷിഫ്റ്റില്‍ രണ്ടു പേര് ഉണ്ടാകും. ആദ്യമൊക്കെ അസ്വസ്ഥരായെങ്കിലും വലിയ കുറ്റബോധത്തോടെയും കൃതാര്‍ഥതയോടെയുമാണ് വൈറസ് ബാധിരരായിരുന്നവര്‍ ജനറല്‍ ആശുപത്രിയുടെ പടി ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: