ന്യൂദല്‍ഹി: മാര്‍ച്ച് രണ്ടാം വാരം നടന്ന തബ്ലീഗ് ജമായത്ത് സമ്മേളനത്തില്‍ നിന്ന് അനവധി പേര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയതോടെ ദല്‍ഹിയിലെ തബ്ലീഗ് ആസ്ഥാനം അടച്ചു പൂട്ടി മുദ്രവച്ചു. ഇവിടെയുണ്ടായിരുന്ന ആയിരത്തോളം അന്തേവാസികള്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 300 പേര്‍ക്ക് പനിയും ചുമയും കഫക്കെട്ടും ശ്വാസ തടസ്സവും ഉണ്ടെന്നും ഇവര്‍ ഐസൊലേഷനിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രവര്‍ത്തകര്‍ തബ്ലീഗ് ആസ്ഥാനവും ദര്‍ഗയും സമീപ സ്ഥലങ്ങളും ലായനികള്‍ തളിച്ച് മേഖല അണുമുക്തമാക്കിവരികയാണ്. രോഗ വ്യാപനം തടയാനും സംശയമുള്ളവരെ കണ്ടെത്താനും തബ്ലീഗ് ജമായത്ത് ആസ്ഥാനത്തിനു മുന്നില്‍ സ്ക്രീനിങ് ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടുത്തെ കെട്ടിടങ്ങളെല്ലാം ഒഴിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനം. ഇവിടെ താമസിച്ചിരുന്നവരുടെ വിശദവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഡ്രോണുകള്‍ ഉപയോഗിച്ചും പരിശോധനകള്‍ നടത്തുന്നുണ്ട്.
തെക്കന്‍ ദല്‍ഹിക്കടുത്ത് പടിഞ്ഞാറന്‍ നിസാമുദ്ദീനിലെ ഗലീബ് അക്കാദമി, സൂഫി വര്യന് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ എന്നിവയോട് ചേര്‍ന്നുള്ള വലിയ നാലു നില കെട്ടിടമാണ് ബംഗ്ലേവാലി മസ്ജിദ്. ഇവിടെയാണ് ജമായത്തിന്റെ ദേശീയ ആസ്ഥാനം.
കൂറ്റന്‍ കെട്ടിടമാണെങ്കിലും ഇടുങ്ങിയ ഒരു ഇരുമ്പുഗേറ്റാണ് പ്രവേശന കവാടം. കവാടം കടന്നെത്തിയാല്‍ ഒരു മിനി കോളനിയാണ്. വലിയൊരു കുളം. അതിനടുത്ത് അനവധി മുറികള്‍, വലിയ അടുക്കള. ഒന്നാം നിലയിലാണ് വലിയ ഹാള്‍. ആയിരത്തിലേറെ പേര്‍ക്ക് ഇരുന്ന് പ്രസംഗം കേള്‍ക്കാം. പ്രവാചകന്റെ കാലത്ത് ജീവിച്ചതുപോലെ ജീവിക്കാന്‍ മുസ്ലിങ്ങളെ പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് തബ്ലീഗ് ജമായത്ത്.
വലിയ ജനവാസമേഖലയാണ് നിസാമുദ്ദീന്‍. കാല്‍ലക്ഷം പേരെങ്കിലുമുണ്ട്. മാത്രമല്ല രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ നിത്യേന തീര്‍ഥാടകര്‍ ആയിഎത്തുന്ന സ്ഥലമാണ് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. ഇടുങ്ങിയ തെരുവുകളും സദാ തിങ്ങിനിറഞ്ഞ ജനക്കൂട്ടവും സകല പ്രതിരോധ നടപടികളും തകര്‍ക്കും.
മാര്‍ച്ച് രണ്ടാം വാരം നടത്തിയ സമ്മേളനത്തില്‍ നിത്യേന പ്രമുഖരുടെ പ്രസംഗ പരമ്പരകളായിരുന്നു. കൊറോണയെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ വന്നിട്ടും സമ്മേളനം തുടര്‍ന്നു. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ അടക്കമുള്ളവര്‍ സ്ക്രീനിങ്ങിനോ പരിശോധനകള്‍ക്കോ വിധേയരായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രോഗബാധിതര്‍ ആയിട്ടും പരിശോധനകള്‍ നടത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: