തൃശൂര്‍: ജീവിതത്തിന്റെ നല്ലപങ്കും പോലീസ് സ്റ്റേഷന് പരിപാലനത്തിനായി ചെലവിട്ടു. വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി പോലീസുകാര്‍ ഉചിതമായ യാത്രയയപ്പ് നല്കി. തൃശൂര്‍ വരന്തരപ്പിള്ളി പോലീസ്് സ്റ്റേഷനിലെ പാര്‍ട് ടൈം സ്വീപ്പറായ മൂപ്ലിയം സ്വദേശി രാധ(70)യ്ക്കാണ് ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ അപൂര്‍വവും മാതൃകാപരവുമായ രീതിയില്‍ ഉചിതമായ യാത്രയയപ്പ് നല്‍കിയത്.
30 വര്‍ഷത്തോളമായി വരന്തരപ്പിള്ളി പോലീസ്് സ്റ്റേഷന്റെ ഭഗമാണ് രാധ. അവര്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ഉചിതമായ യാത്രയയപ്പ് തന്നെ നല്‍കണമെന്ന് അധികൃതര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.
കോവിഡ്-19 കരുതല്‍ നടപടികളുടെ ഭാഗമായി ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കിയിരുന്നു. പതിവുപോലെ രാവിലെ ജോലിക്കെത്തിയ രാധ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എന്നത്തേയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്, എസ്ഐ ജെ. ചിത്തരഞ്ജന് എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയായിരുന്നു.
സാധാരണ വിരമിക്കുന്നവര്‍ മാസങ്ങള്‍ക്ക് മുമ്പേ അവധിയെടുക്കാറുണ്ടെങ്കിലും രാധ മാര്‍ച്ച് 31വരെ ജോലിക്കെത്തി. 1969ല്‍ പത്താംതരം വിജയിച്ച രാധ 1990ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. അന്നത്തെ നിലയ്ക്ക് കൂടുതല്‍ ഉയര്‍ന്ന ജോലി സാധ്യതകളുണ്ടായിരുന്നെങ്കിലും മറ്റൊന്ന് തെരഞ്ഞെടുക്കാന്‍ രാധയ്ക്ക് താത്പ്പര്യമില്ലായിരുന്നു.
ശുചിത്വ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന രാധ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നന്നായി ഇടപെട്ടിരുന്നെന്നും സ്റ്റേഷന് എസ്എച്ച്ഒ പറഞ്ഞു. മുപ്ലിയം പണ്ടാരത്തില്‍ രാമന്റെ ഭാര്യയായ രാധ രണ്ടു മക്കളുടെയും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. യാത്രയയപ്പിന് ശേഷം പോലീസുകാര്‍ തന്നെ സ്റ്റേഷന് വാഹനത്തില്‍ രാധയെ വീട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: