അന്നമയകോശവിവേകം തുടരുന്നു.
അന്നമയകോശമായ ഈ സ്ഥൂല ശരീരം ഓരോ അവസ്ഥയിലും മാറി മാറിയാണിരിക്കുന്നത്. ശൈശവ ശരീരമല്ല ബാല്യത്തില്‍. അതുപോലെയല്ല കൗമാരത്തില്‍. യൗവനത്തിലും മദ്ധ്യവയസ്സിലും വാര്ദ്ധക്യത്തിലുമൊക്കെ വേറെ വേറെ ശരീരമാണ്. ഇനി മറ്റൊരു കാര്യം ഓരോ ആളുടേയും ശരീരവും മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. അതു കൊണ്ട് പലതരം ശരീരങ്ങള്‍ ഏകവും അദ്വിതീയവുമായ ആത്മാവാകില്ല.
മറ്റു ജഡ വസ്തുക്കളെ അറിയും പോലെ തന്നെ ശരീരത്തേയും അറിയാം. അതിനാണ് കുടം പോലെ കാണപ്പെടുന്നത് എന്ന് പറഞ്ഞത്. കുടത്തിന് സ്വയം കുടത്തെ അറിയാനാവില്ല. അതുപോലെ ശരീരത്തിന് തന്നെത്താന്‍ അറിയാന്‍ കഴിയില്ല. ഈ കാണാകുന്ന ശരീരത്തിന്റെ എല്ലാ ഭാവ വികാരങ്ങളേയും അറിയുന്നതാണ് ആത്മാവ്. അത് ശരീരത്തില്‍ നിന്നും വേറിട്ടതാണ്.
ശ്ലോകം 156
പാണിപാദാദിമാന് ദേഹോ
നാത്മാ വ്യംഗേളപിജീവനാത്
തത്തത്ച്ഛക്തേരനാശാച്ച
ന നിയമ്യോ നിയാമകഃ
കൈ, കാല് തുടങ്ങിയ അവയവങ്ങളോടുകൂടിയ ശരീരം ആത്മാവല്ല. ഈ അവയവങ്ങളില്‍ ചിലത് കേടുവന്നാലും മുറിച്ച് മാറ്റിയാലും ജീവികള്‍ ജീവിക്കുന്നതായി കാണാം. അവയവങ്ങളുടെ ശക്തിക്ക് നാശവും ഉണ്ടാകുന്നില്ല. മറ്റൊന്നിന്റെ നിയന്ത്രണത്തിലിരിക്കുന്ന ദേഹം എല്ലാം നിയന്ത്രിക്കുന്ന ആത്മാവാകാന്‍ സാധ്യമല്ല.
ദേഹം ആത്മാവല്ല എന്നതിന് വേറെയും കാരണം പറയുന്നു. കൈയും കാലും പോലെ പല അവയവങ്ങളും ചേര്‍ന്നതാണ് ശരീരമെങ്കിലും ഇവയുടെ അഭാവത്തിലും ശരീരത്തിന് ജീവിക്കാന്‍ കഴിയും. അതിനാല്‍ അവയവങ്ങളല്ല ജീവന്.
ജന്മനാ കൈകാലുകള്‍ ഇല്ലാത്തവരും വികലാംഗരും അപകടത്തില്‍ പെട്ടും മറ്റും അവ മുറിച്ച് മാറ്റിയവരുമൊക്കെ ജീവിക്കുന്നുണ്ട്. അവയവങ്ങള്‍ക്ക് പഴുപ്പ് ബാധിക്കുമ്പോഴും മറ്റും ജീവന് രക്ഷിക്കാന്‍ അവ മുറിച്ച് മാറ്റുന്നതും ഇപ്പോള്‍ സാധാരണമാണ്. കണ്ണു കാണാത്തവരും കാത് കേള്‍ക്കാത്തവരും സംസാരിക്കാന്‍ കഴിയാത്തവരുമൊക്കെ ജീവിച്ച് കാലം കഴിക്കുന്നുമുണ്ട്. ഓരോ അവയവത്തിന്റെയും പ്രവര്‍ത്തനം വ്യത്യസ്തവും പരിമിതവുമാണ്.
ഒന്നു ചെയ്യുന്ന കാര്യം മറ്റൊന്ന് കൊണ്ട് സാധ്യമല്ല. അല്ലെങ്കില്‍ പ്രയാസമാണ്. പക്ഷേ ഒരു അവയവത്തിന് പോരായ്മ വന്നാല്‍ മറ്റ് അവയവങ്ങളെ ശക്തിപ്പെടുത്തുമ്പോള്‍ കുറച്ചൊക്കെ ചെയ്യാനാകും. കൃത്രിമമായ അവയവങ്ങള്‍ വച്ച്
പിടിപ്പിച്ചും ഈ കുറവ് പരിഹരിക്കാറുണ്ട്. അവയങ്ങള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശരീരത്തിന് ബുദ്ധിമുട്ടാണ്. ദേഹം മുഴുവന്‍ തളര്‍ന്നാലും അവയവങ്ങള്‍ പലതും തകരാറിലായാലും എത്രകാലം ജീവനുണ്ടോ അത്രയുംകാലം അതിന് ജീവിച്ചേ മതിയാകൂ. അതിനാല്‍ ശരീരം മറ്റൊന്നിന്റെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കാം.
ജഡമായ ദേഹം സ്വയം പ്രവര്‍ത്തനക്ഷമമല്ല.
പ്രാണാപാനങ്ങളെ കൊണ്ടല്ല മനുഷ്യന് ജീവിക്കുന്നതെന്നും ഇവയ്ക്ക് രണ്ടിനും ആശ്രയമായ മറ്റൊന്നു കൊണ്ടാണെന്നും കഠോപനിഷത്ത് പറയുന്നു. ശരീരത്തിന്റെയും അവയവങ്ങളുടേയും പരിമിതി ഇതില്‍ നിന്ന് മനസ്സിലാക്കാം.ഒരു പരിമിതിയും ഇല്ലാത്തതാണ് ആത്മാവ്. അത് നിയാമകനായിരുന്ന് എല്ലാറ്റിനെയും നിയന്ത്രിക്കുന്നതാണ്.അത് അവയവങ്ങളില്ലാത്തതും നിയന്താവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: