കാസര്‍കോട്: പത്തും നൂറും ആളുകള്‍ ഒരേ ഇങ്ക് പാഡില്‍ നിന്നുതന്നെ വിരല്‍ മുക്കി ചുണ്ടൊപ്പിട്ട് പെന്‍ഷനുകള്‍ വാങ്ങുന്നത് കൊറോണയെ വിളിച്ചു വരുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. വിതരണം ചെയ്യുന്നവര്‍ക്കും പെന്ഷന് വാങ്ങുന്ന ആളുകള്‍ക്കും സുരക്ഷിതമാണോയെന്നാണ് സര്‍ക്കാരിന്റെ വിവിധ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ ആശങ്കയോടെ ഉന്നയിക്കുന്നത്.
നാട് കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള് ഒരു സുരക്ഷയുമില്ലാതെ നൂറുകണക്കിന് സഹകരണസംഘം ജീവനക്കാരാണ് പെന്‍ഷനുമായി വീടുവീടാന്തരം കയറിയിറങ്ങുന്നത്. ഇവരുടെ പ്രധാന ആവശ്യം പണം നല്കി തെളിവായി സ്വീകരിക്കുന്ന ചുണ്ടൊപ്പിടുവിക്കുന്നതിനു പകരം പേനകൊണ്ട് തന്നെ ഒപ്പിടുവിക്കണമെന്നതാണ്.
ഒരേ പാഡില്‍ നൂറിലധികം ആളുകള്‍ വിരല്‍ തൊട്ട് ഒപ്പിടുമ്പോള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡത്തിന് വിരുദ്ധമല്ലേയെന്ന ജീവനക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. കൊറോണ വൈറസ് ഉണ്ടെങ്കില്‍ വ്യാപനത്തിന് ഇത് മാത്രം പോരെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. പല ഗുണഭോക്താക്കളുടെയും കൈ കഴുകിയതിനുശേഷമാണ് ഒപ്പിടുവിക്കുന്നതെങ്കിലും തീരെ പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ കൈ കഴുകാതെ തന്നെയാണ് ഒപ്പ് ചാര്‍ത്തുന്നത്. മറ്റൊരു പ്രശ്നം ലോക്ക് ഡൗണില്‍ ആളുകള്‍ വീട്ടിനകത്ത് ഇരിക്കുമ്പോള്‍ പലസ്ഥലങ്ങളിലും കറങ്ങി ജീവനക്കാര്‍ വരുന്നത് വീട്ടുകാര്‍ക്ക് കുറച്ചൊന്നുമല്ല ആശങ്കയുണ്ടാക്കുന്നത്.
ജീവനക്കാര്‍ കയ്യുറ ഉപയോഗിക്കുന്നുണ്ടെങ്കിലും നിരവധി വീടുകളില്‍ ഇടപഴകുന്നതിനാല്‍ കൂടുതല്‍ സുരക്ഷാ പാലിക്കാന്‍ കഴിയുകയില്ല. കോവിഡ് കൂടുതല്‍ ബാധിച്ച ജില്ലയെന്ന നിലയില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിന് ആദ്യം ചെയ്യേണ്ടത് ചുണ്ടൊപ്പ് വെക്കുന്ന സമ്പ്രദായം തല്‍ക്കാലത്തേക്ക് മാറ്റുകയെന്നതാണ്.
ഒപ്പിടാനറിയാത്തവരുണ്ടെങ്കില് പകരമായി വീട്ടിലുള്ളവരെക്കൊണ്ട് പേന ഉപയോഗിച്ച് തന്നെ ഒപ്പിടുന്ന സംവിധാനം താല്‍ക്കാലികമായി ഉണ്ടാക്കണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നു. സഹകരണ വകുപ്പിലെ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡം മാറ്റാന്‍ സംസ്ഥാന സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: