ന്യൂദല്‍ഹി: കൊറോണ വ്യാപനം ചെറുക്കാനും കൂടുതല്‍ പേരിലേക്ക് പടര്‍ന്നാല്‍ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും വേണ്ട മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഇതിന്റെ ഭാഗമായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ വാഹന നിര്‍മാണക്കമ്പനികളോട് നിര്‍ദേശിച്ചു. മാസ്ക്കുകളുടെയും വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത കേന്ദ്ര ആരോഗ്യമന്ത്രാലയം ഉറപ്പാക്കി.
നിലവില്‍ രണ്ടു കമ്പനികള്‍ പ്രതിദിനം അരലക്ഷം എന്‍95 മാസ്ക്കുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അവയുടെ ഉത്പാദനം ഒരു ലക്ഷമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രികളില്‍ 11.95 ലക്ഷം എന്‍95 മാസ്ക്കുകളുടെ ശേഖരമുണ്ട്. കഴിഞ്ഞ മൂന്നു ദിവസം ഏഴു ലക്ഷത്തോളം മാസ്ക്കുകള്‍ വിതരണം ചെയ്തു. ആശുപത്രികളില്‍ 3.34 ലക്ഷം വ്യക്തിസുരക്ഷാകിറ്റുകളുണ്ട് (പിപിഇ). ഏപ്രില്‍ നാലിനകം മൂന്നു ലക്ഷം കൂടി കിട്ടും.
11 ആഭ്യന്തര ഉത്പാദകരോട് 21 ലക്ഷം ഉത്പാദിപ്പിക്കാന്‍ ഓര്‍ഡര്‍ നല്കി. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ കൊണ്ടുപോകാന്‍ പ്രത്യേക പ്രോട്ടോകോളും സര്‍ക്കാര്‍ പുറത്തിറക്കി. രോഗമുണ്ടെന്ന് സംശയിക്കുന്ന മുഴുവന്‍ പേരെയും ക്വാറന്റൈന് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന പ്രോട്ടോകോളില്‍ രോഗിയുടെ അവസ്ഥയനുസരിച്ച് വെന്റിലേറ്റര്‍ ഉള്ളതോ ഇല്ലാത്തതോ ആയ ആംബുലന്‍സ് ഉപയോഗിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. കിടക്ക ഉറപ്പാക്കിയിട്ട് വേണം രോഗിയെ കൊണ്ടുപോകാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: