തിരുവനന്തപുരം: കൊവിഡ് 19 ബാധയെ തുടര്‍ന്ന് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ്(68) മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.
ഇന്ന് രാവിലെയാണ് സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണവും സ്ഥിരീകരിച്ചത്. ഈ മാസം 23 മുതല്‍ അബ്ദുള്‍ അസീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സെക്കന്‍ഡറി കോണ്ടാക്ടില് നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്. മാര്‍ച്ച് 13 നായിരുന്നു രോഗലക്ഷണം കണ്ട് തുടങ്ങിയത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ യാത്ര നടത്തുകയോ, രോഗബാധിതരുമായി ഇടപഴകിയിട്ടോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ പരിശോധനില്‍ ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: