ശുഭയെ കണ്ടതിനുശേഷം ഞാന്‍ വളരെ വയസ്സനായെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി.
സര്‍ക്കാരുദ്യോഗത്തില്‍ നിന്നു പിരിയാന്‍ ഇനിയും ഒരു വര്‍ഷംകൂടി ബാക്കിയുണ്ട്. എന്നാലും ഇതിനിടയില്‍ സ്വന്തം വാര്‍ധക്യത്തെക്കുറിച്ച് ഇതിനുമുമ്പൊരിക്കലും ഇത്രയും വേവലാതി തോന്നിയിട്ടില്ല. പ്രായം കൊണ്ട് ശുഭ എന്നേക്കാള്‍ വളരെ ഇളയവളായിരുന്നു. അവളെ ഒരിക്കലും വയസ്സിയായി സങ്കല്പിക്കാന് പോലുമാകാത്തവിധം കുട്ടിത്തം എപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നു.
എന്നാല്‍ ശുഭയെ കണ്ടതോടെ ഞാന്‍ അന്തിച്ചു പോയി. ശുഭ വയസ്സിയായെന്നുതോന്നിക്കുക മാത്രമല്ല അവള് അക്ഷരാര്‍ഥത്തില്‍ വയസ്സിയായി എന്നു കാണുകയും ചെയ്തു. അതുകൊണ്ട് ഇതിനിടയില്‍ ഞാനും വയസ്സനായെന്നത് നിഷേധിക്കാനാവില്ല.
തിരക്കുപിടിച്ച ജീവിതം കാരണം സ്വയം വയസ്സനായി കാണപ്പെട്ടെങ്കിലും അതെക്കുറിച്ചു ചിന്തിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. ആരാണ് നിങ്ങളെ വയസ്സനാകാന്‍ അനുവദിക്കുക? ഭാര്യ, ഇളയ മകള്‍, കൊച്ചുമകന്-കൊച്ചുമകള്‍ തുടങ്ങി ആരെ കണ്ടില്ലെന്നു നടിച്ചിട്ടാണ് ‘ഇനി എന്നെ ഈ നൂലാമാലകളില്‍ നിന്ന് ഒഴിവാക്കൂ, എനിക്കു പ്രായമായി’ എന്നു പറയാനാകുക? മകന്-മരുമകള്‍, മകള്‍-മരുമകന്, കൊച്ചുമകന്-കൊച്ചുമകള്‍ തുടങ്ങിയവരെയെല്ലാം കണ്ടിട്ട് ആര്‍ക്കാണ് സ്വയം യുവാവാണെന്നു കരുതി ഇരിക്കാനാകുക? ലോകത്ത് ആരാണ് നിങ്ങളെ യുവാവായി കണക്കാക്കുക? എല്ലാവരും വയസ്സുകാലത്താണ് മയാബന്ധനങ്ങളില് പെട്ടുപോകുന്നത്. അതില്ലാതിരിക്കാന്‍ താന്‍ എവിടത്തെ അനാസക്തയോഗിയാണ്? അമ്പത്തെട്ടു വയസ്സായിട്ടേ സര്‍ക്കാര്‍ തന്നെ വയസ്സനെന്നു പ്രഖ്യാപിക്കൂ എന്നതു ശരിതന്നെ. എങ്കിലും കുഞ്ഞുകുട്ടികളെല്ലാം തന്നെ കണ്ടാല്‍ വയസ്സനെന്നു പറയും. രാഷ്ട്രീയനേതാക്കളെപ്പോലെ ഒരു ഉപയോഗവുമില്ലാത്ത വയസ്സാനായിട്ടേ ഉള്ളുവെങ്കിലും അതാണു സ്ഥിതി. അതുമല്ല, ജോലിയെല്ലാം തീര്‍ന്നു എന്നു വിചാരിച്ച് പൊടിയും തട്ടി മാറിയിരിക്കാന്‍ ഇടത്തരക്കാരന്റെ ജീവിതസ്വപ്നങ്ങള്‍ എപ്പോഴാണ് അവസാനിക്കുക?
ഇടത്തരം കുടുംബത്തില്‍ യഥാര്‍ഥ ജീവിതസഖി ഭാര്യയല്ല, ഇല്ലായ്മയാണ്. എല്ലാവരെയും പോലെ പണക്കാരനാകാനുള്ള ഓട്ടത്തിനിടയില്‍ ഇടത്തരക്കാരനായിത്തന്നെ ഇരിക്കും. പണക്കാരനാകുന്നത് ദിവാസ്വപ്നമാണെന്ന് എന്നെപ്പോലെ വളരെപ്പേര്ക്കറിയാം, എന്നാലും മധ്യവര്‍ഗ്ഗമെന്ന നിലയില്‍ സ്വയം അത് അംഗീകരിക്കുക എളുപ്പമല്ല. അതുകൊണ്ട് ജീവിതം മുഴുവന്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കലാണ് സാധിക്കുക.
ഞാന്‍ സമ്പന്നനല്ലെന്ന് വീടു വയ്ക്കുന്നതിനുമുമ്പുതന്നെ അറിയാമായിരുന്നു. സമ്പന്നന് വേറൊരു ജാതിയാണെന്നും അറിയാമായിരുന്നു. കാരണം, കഷ്ടിച്ച് മെട്രിക് പാസായശേഷം ഇന്ററിനു പഠിക്കുമ്പോള്‍ എനിക്ക് രണ്ടുമൂന്നു ട്യൂഷന് നടത്തേണ്ടിയിരുന്നു. ഞാന്‍ ട്യൂഷന് പഠിപ്പിക്കാന്‍ സമയം മാറ്റി വച്ചില്ലെങ്കില്‍ എനിക്ക് സ്കൂളിലും കോളജിലും ഒന്നാം ക്ലാസോടെ പാസാകാമായിരുന്നുവെന്ന് എനിക്കു മാത്രമല്ല, എന്റെ അച്ഛനും അമ്മാവനും അറിയാമായിരുന്നു. എങ്കിലും ഒന്നാം ക്ലാസ് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നം മാത്രമായിരുന്നില്ല, ഇന്റര്‍ കഴിഞ്ഞ് ബി.എ.യ്ക്കും പഠിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്നെപ്പോലെ വളരെ പാവങ്ങളും ഇടത്തരക്കാരുമായ വിദ്യാര്‍ഥികള്‍ ട്യൂഷന് നടത്തിയാണ് പഠിക്കുന്നത്. ഭാവിയില്‍ സ്വന്തം മക്കള്‍ക്ക് നാലും അഞ്ചും ട്യൂഷന് മാസ്റ്റര്‍മാരെ ഏര്പ്പാടാക്കാനുമാകും. എന്നാല്‍ ഭാവിയില്‍ സ്വന്തം മകന് ട്യൂഷനേകാനാകുമെങ്കിലും അവനെ ട്യൂഷനു വിടേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു വച്ചിരുന്നു. കുട്ടികളെ ട്യൂഷനയച്ചാല് ശുഭയെപ്പോലെ അവന് എല്ലാ കാര്യത്തിലും ട്യൂഷന് മാസ്റ്ററെ ആശ്രയിക്കാന്‍ തുടങ്ങും. ശുഭയുടെ കണക്കു ചെയ്തുകോടുക്കലും, കോപി ബുക്കില്‍ പടം വരയ്ക്കലും വേണ്ടി വന്നിരുന്നതിനപ്പുറും പ്രബന്ധങ്ങള്‍ പോലും അവള്‍ക്കുവേണ്ടി കോപിയില്‍ എഴുതേണ്ടി വന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശുഭയ്ക്ക് ഭാഗ്യം കൊണ്ട് കൈയക്ഷരം നന്നാക്കാന്‍ കോപ്പിയെഴുതേണ്ടി വന്നിരുന്നില്ല, അല്ലെങ്കില്‍ അതും എനിക്കു ചെയ്യേണ്ടി വരുമായിരുന്നു. എന്റെ ട്യുഷന് കുട്ടികളില്‍ ശുഭയുടെ കാര്യത്തില്‍ എനിക്ക് വിശേഷിച്ച് വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു.
വലിയ വീടുകളിലെ സുന്ദരികളായ പുന്നാരമക്കള്‍ക്ക് മുറ്റത്ത് കോലം വരയ്ക്കല്‍, ഇംഗ്ലീഷ് പഠിച്ചിട്ടില്ലെങ്കിലും തലയണയുറയുടെ മുകളില്‍ ‘സ്വീറ്റ് ഡ്രീം’ എന്ന് അലങ്കാരത്തുന്നല്‍ നടത്തുക, അലങ്കാരത്തുന്നലിനിടയില് ‘ഗോഡ് ഈസ് ഗുഡ്’ എന്ന് തുന്നിച്ചേര്‍ത്ത് ഭഗവാന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റ് ഭിത്തിയില്‍ തൂക്കുക, എബ്രോയിഡറി, പൂരി ബാജി ഉണ്ടാക്കുക തുടങ്ങിയവയാണ് ചെയ്യാനുണ്ടായിരുന്നത്. മുടികെട്ടുന്നതുപോലെ ഓരോരോ ക്ലാസിലും തോറ്റും ജയിച്ചും മെട്രിക് വരെ പഠിക്കുന്നതുതന്നെ ഒരു രസമാണ്. ചെറുക്കന് കൂട്ടര് കാണാന്‍ വരുമ്പോള്‍ പെണ്‍കുട്ടിയുടെ യോഗ്യതപ്പട്ടികയില് പഠിത്തത്തെക്കുറിച്ചു ചേര്‍ക്കുന്നതും ഒരു കലയാണ്.
മെട്രിക് പാസാകുന്നതിനു മുമ്പുതന്നെ ശുഭയുടെ കല്യാണം നടക്കും എന്നെനിക്കറിയില്ലായിരുന്നു. കാരണം എല്ലാ ക്ലാസുകളിലും ഏകദേശം രണ്ടു വര്‍ഷം ഇരിക്കുന്നതു കാരണം പത്താംക്ലാസിലെത്തിയപ്പോഴേക്കും ശുഭയ്ക്കു പ്രായം ഇരുപതായിരുന്നു. ഞാനും വൈകി പഠനം ആരംഭിച്ച് ട്യൂഷനുകളെടുത്ത് പ്രായം വെറുതെ കളഞ്ഞ്, ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ക്ലാസിലെ വയസ്സനാണെന്ന ഭാവത്തിലായിരുന്നു. എങ്കിലും ശുഭയുടെ വിവാഹം വൈകി നടക്കട്ടെ എന്നാണു ഞാനാഗ്രഹിച്ചിരുന്നത്. അങ്ങനെ ആഗ്രഹിച്ചതിനുപിന്നില് എന്റെ ദുരാഗ്രഹമൊന്നുമില്ലായിരുന്നു. ഉന്നതാഗ്രഹങ്ങളുള്ള ഒരു യുവാവിന്റെ സ്വാര്‍ഥത്തിനപ്പുറം മറ്റൊന്നുമായിരുന്നില്ല അത്.
ശുഭയുടെ വീട്ടില്‍ നിന്ന് എനിക്ക് വളരെ പണം കിട്ടുന്നുണ്ടായിരുന്നു, ഇടയ്ക്കിടെ മൃഷ്ടാന്ന ഭോജനവും. അതുകൊണ്ടാണ് ആ വിവാഹം വൈകി നടക്കാന്‍ ഭഗവാനോടു പ്രാര്‍ഥിച്ചിരുന്നത്. ശുഭയുടെ വിവാഹം രണ്ടുനാലു വര്ഷകൂടി കഴിഞ്ഞു നടന്നാല്‍ എന്റെ ബി.എ.വരെയുള്ള പഠനച്ചിലവ് വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടും. പക്ഷേ, ഞാന്‍ ആഗ്രഹിച്ചതുകൊണ്ടോ ആഗ്രഹിക്കാതിരുന്നതുകൊണ്ടോ ശുഭയ്ക്കു കിട്ടാനിടയുള്ള നല്ല വരന് കാത്തുനില്ക്കില്ലല്ലോ?
മെട്രിക് പരീക്ഷ തലയില്‍നിന്നിറക്കി വച്ച് ശുഭ അപ്രതീക്ഷിതമായി വിവാഹക്കിരീടം തലയിലേറ്റി. ശുഭയുടെവിവാഹസദ്യ കഴിഞ്ഞതിനുശേഷം മറ്റൊരു ട്യൂഷന് അന്വേഷിക്കാന്‍ തുടങ്ങിയതായിരുന്നു. ശുഭയുടെ വലിയ ഓഫീസര്‍ പദവിയിലുള്ള ആ വരനെയും ഞാന്‍ കണ്ടില്ലായിരുന്നു, കാരണം വരനെത്തിയത് അര്‍ദ്ധരാത്രിയിലായിരുന്നു. കല്യാണസദ്യ ഉണ്ടതിനുശേഷം ഉറക്കം കളഞ്ഞ് ശുഭയുടെ വരനെ കാണാന്‍ പോകാന്‍ തക്കവിധം വിശേഷിച്ച് ആഗ്രഹമൊന്നുമില്ലായിരുന്നു. ശുഭയുടെ വിവാഹം കാരണം എന്റെ സ്വപ്നം അവസാനിച്ചുപോയില്ല. ആരു കാരണവും ലോകത്തിലെ ഒരു കാര്യവും നിലച്ചുപോവില്ല. കേവലം ബി.എ. അല്ല, സ്വന്തം പ്രയത്നത്തിലൂടെ എം.എയും വളരെ പോരാട്ടം നടത്തി പാസായവനാണു ഞാന്‍. മാന്യമായ ഒരു തൊഴിലും കിട്ടിയിരുന്നു. വീടും കുടുംബവുമായി. സ്വാഭാവികമായ ജീവിതം കഴിച്ചു. കുട്ടികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാനും, അവര്‍ക്കുവേണ്ടി കണ്ട സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും, ഭാര്യയുടെസ്നേഹവും പരിഭവങ്ങളും, ജോലിയിലെ നിരാശകളും, സാമൂഹിക ജീവിതത്തില്‍ നീതി നിഷേധവും, രാത്രി വെളുക്കുമ്പോഴത്തേക്കുള്ള വിലക്കയറ്റങ്ങളും, ചതികളും, മത്സരങ്ങളെ നേരിട്ടതും ജോലിയുടെ തോണിയില്‍ കയറിയുള്ള ആഗ്രഹിക്കാത്ത സ്ഥലം മാറ്റങ്ങളും, നഗരമാറ്റങ്ങളും, വീട്ടുമാറ്റങ്ങളും, സുഹൃദ്മാറ്റങ്ങളും അവസാനം അടുത്തൂണ്‍ പറ്റി പിരിയലിനുള്ള തയ്യാറെടുപ്പുകളും എല്ലാം നടന്നതിനിടയില്‍ ശുഭയെ കുറിച്ചോര്ക്കേണ്ട ആവശ്യം വന്നില്ല, സമയം കിട്ടിയതുമില്ല.
ശുഭ വീണ്ടും ശോഭയായി എന്നുമാത്രം അറിയാനായി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ശുഭയുടെ മകന്റെ ഫോട്ടോ പത്രത്തില്‍ കണ്ടു. അതില്‍ എഴുതിയിരുന്നത് ‘ശ്രീ.മദന്മോഹന് മഹാന്തിയുടെയും ശ്രീമതി ശോഭാറാണി മഹാന്തിയുടെയും മകനും ചൗധുരി ജഗമോഹന്‍ റായയുടെ കൊച്ചുകനുമായ ദീപ്തിമാന്‍ മഹാന്തി….’ എന്നൊക്കെയായിരുന്നു.
ഞാന്‍ അവളുടെ ശോഭാറാണി എന്ന പേരു മാറ്റി ശുഭ എന്നാക്കിയതായിരുന്നു. അവള് മെട്രിക് പാസായിരുന്നെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ശുഭാ എന്നായിരിക്കുമായിരുന്നു പേര്. ശുഭയും ശോഭയും തമ്മിലുള്ള അര്‍ഥവ്യത്യാസം ശുഭയ്ക്ക് പ്രാധാന്യമുള്ളതല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ശുഭയും ശോഭയും തമ്മില്‍ വളരെ അന്തരമുണ്ട്. പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശോഭാ, സുന്ദരി, മേനക, ഉര്‍വശി എന്നെല്ലാം പേരിടുന്നത്? പിന്നെ പേരിന്റെ കൂടെ റാണി എന്നൊരു കൂട്ടിച്ചേര്‍ക്കലും. ആദ്യം സുന്ദരി, ശോഭ, സുനയന എന്നെല്ലാമുള്ള പേരുകള്‍തന്നെ പെണ്‍കുട്ടികളെ അവരല്പമെങ്കിലും സുന്ദരികളാണെങ്കില്‍ അഹങ്കാരികളാക്കും. സുന്ദരികളല്ലാതിരിക്കയും പേര് സുന്ദരി എന്നായിരിക്കയും ചെയ്താല്‍ അപകര്ഷതാബോധമുണ്ടാവുക സ്വാഭാവികമാണ്. പിന്നെ റാണിയാകാനുള്ള ഭാഗ്യം എത്രപേര്ക്കാണുണ്ടാവുക? ആയാല്ത്തനെ റാണിയായാല് എന്തു സുഖമാണുള്ളത്? അങ്ങനെ അനേകം കാര്യങ്ങള്‍ ആ പ്രായത്തില്‍ ഞാന്‍ ആലോചിച്ചിരുന്നു.
അങ്ങനെ ശോഭയുടെ പേര് ശുഭ എന്നായിരിക്കട്ടെ എന്നു വിചാരിച്ചു. ഞാന്‍ ശോഭയെ ശുഭേ എന്നേ വിളിച്ചിരുന്നുള്ളെന്നതുകൊണ്ടുതന്നെ മെട്രിക്കിന്റെ ആപേക്ഷാഫോറം പൂരിപ്പിക്കുമ്പോല് ഞാന്‍ ശുഭ എന്നേ എഴുതുമായിരുന്നുള്ളൂ. പോട്ടെ, ശുഭ ഭര്‍ത്താവിന്റെ വീട്ടില്‍ ശോഭയായെങ്കില് അതിന് ഞാനെന്തിന് എന്റെ തല പുണ്ണാക്കണം.
പക്ഷേ ശോഭാറാണി എന്നായി എന്നാണു കേട്ടത്. ഭര്‍ത്താവിന്റെ അളവറ്റ വരുമാനം, പദവിയും ബഹുമാന്യതയും, നഗരത്തില്‍ വീടും…! സ്ഥാവരജംഗമ സ്വത്തുക്കള്‍. ശുഭയ്ക്കായി പ്രത്യേകം കാറും. ശുഭയുടെ വീട്ടില്‍ മുപ്പത്-മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പോയപ്പോള്‍ ഇതെല്ലാം ഞാന്‍ കണ്ടു. പണ്ട് ശുഭ സുന്ദരി ആയിരുന്നോ എന്തോ? ഓര്ത്തുനോക്കേണ്ടി വന്നു. അതായത് ഓര്‍മ്മ മനസ്സില്‍ പതിഞ്ഞു കിടക്കാന്‍ തക്കവിധം ശുഭ അങ്ങനെ വിശേഷിച്ച് സുന്ദരിയൊന്നുമായിരുന്നില്ല. എന്നാലും ആ പ്രായത്തില്‍ നൈര്‍മ്മല്യമാര്‍ന്ന ഒരു പുതുമയും തെളിച്ചവും പെണ്കുട്ടികളിലുണ്ടാകാവുന്ന കാന്തിയും ശുഭയുടെ മുഖത്തും ആരോ മനപ്പൂര്‍വ്വം തേച്ചു പിടിപ്പിച്ചിരുന്നു. എല്ലാ യുവതികളായ പെണ്‍കുട്ടികളെയും പോലെ ശുഭയും കണ്ണിനാന്ദമേകുന്നവളായിരുന്നു. എന്നല്ലാതെ വിശേഷിച്ച് സുന്ദരിയായിരുന്നില്ല ശുഭ.
മഴക്കാലത്ത് ചില നദികള്‍ നിറഞ്ഞ് കരകവിയും, മറ്റു ചില നദികള്‍ ഗാംഭീര്യത്തോടെ ശാന്തമായി ഒഴുകും. ശുഭ ചാപല്യമുണ്ടാകേണ്ട പ്രായത്തില്‍ ഗൗരവത്തോടെ, ഓളത്തള്ളിച്ചകളില്ലാത്തവളായിരുന്നു. അളന്നുതൂക്കി സംസാരിച്ചിരുന്നു, കണക്കുവച്ച് ചിരിച്ചിരുന്നു. എങ്കിലും അത് മനപ്പൂര്‍വ്വമല്ലായിരുന്നു. ഗൗരവവും ശാന്തതയും അവളുടെ ശീലമായിരുന്നു. ഹോംവര്‍ക്ക് ചെയ്യാഞ്ഞതു കാരണവും ചില കാര്യങ്ങള്‍ പല പ്രാവശ്യം പറഞ്ഞു കോടുത്തിട്ടും മനസ്സിലാകാഞ്ഞതു കാരണവും പതിവായി എന്റെ വഴക്കുകേട്ട് അവള്‍ക്ക് ഗൗരവത്തോടെ ഇരിക്കേണ്ടി വന്നിരുന്നതുമാകാം. അല്ലാതെതന്നെ, അന്യമനസ്കയായിരിക്കാന് അവള്‍ക്ക് മറ്റുകാരണവും ഉണ്ടായിരുന്നിരിക്കാം. ആ പ്രായത്തില്‍ അന്യമനസ്കതയും ഒരു സ്വാഭാവികമായ ഗുണവിശേഷമാണ്. ചുരുക്കത്തില്‍ ശുഭ ഒരു നിശ്ശബ്ദയായ പെണ്‍കുട്ടിയായിരുന്നു. വിവാഹത്തിനുമുമ്പ് അവളുടെ പഠനം നിര്‍ത്തിയ ദിവസം ശുഭ പറഞ്ഞു, ‘സര് എനിക്കു വളരെ ദുഃഖമുണ്ട്!’
‘എന്തിനാണു ദുഃഖിക്കുന്നത്, ഒരുനാളല്ലെങ്കില് മറ്റൊരു നാള് എല്ലാ പെണ്‍കുട്ടികളുടെയും വിവാഹം നടക്കും.’
‘വിവാഹത്തിന്റെ ദുഃഖമല്ല സര്.’
‘പിന്നെ പഠനം നിന്നുപോകുന്നതിന്റെ ദുഃഖമാണോ?’ ഞാന്‍ ചോദിച്ചു. ശുഭ ഉടന്‍ മറുപടി തന്നു, ‘പഠനം നിന്നുപോകുന്നതില്‍ എനിക്ക് അല്പവും ദുഃഖമില്ല. കാരണം പഠനം എന്നെക്കൊണ്ടു സാധിക്കുന്ന കാര്യമല്ലെന്ന് എനിക്കറിയാം. പരിക്ഷയ്ക്കുമുമ്പുതന്നെ അച്ഛന് എന്റെ കല്യാണം നടത്തുന്നത് നന്നായി. എന്റെ ട്യൂഷന് നിന്നുപോകുന്നു എന്നതിലാണു ദുഃഖം.’
ശുഭ പറഞ്ഞതുകേട്ട് ഞാന്‍ ചിരിച്ചുപോയി. അവളോടു പറഞ്ഞു, ‘നീ മുതിര്‍ന്ന കുട്ടിയല്ലേ. പഠിക്കാനായിട്ടാണ് ട്യൂഷന്… പഠിക്കാനാഗ്രഹവുമില്ല, ട്യൂഷന് നിന്നുപോകുന്നതില്‍ ദുഃഖവുമോ?!’
‘സാറിന്റെ ബി.എ.പഠനം നിലച്ചുപോകുമോ എന്നോര്‍ത്തിട്ടാണ് എനിക്കു വിഷമം. പക്ഷേ, എല്ലാം ഈശ്വരേച്ഛപോലെയാണു നടക്കുന്നത്. അങ്ങയ്ക്ക് ബി.എ.പാസാകാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പാസാകും. സര്, സാറ് തീര്‍ച്ചയായും എന്റെ വീട്ടില്‍ വരണം.’
എന്റെ വീട് എന്നു പറഞ്ഞപ്പോള്‍ ശുഭയുടെ മുഖം അകാരണമായി ചുവന്നുപോയിരുന്നു. ഞാന്‍ ശുഭയുടെ നേരെ വായ പൊളിച്ച് നിന്നുപോയി. പെണ്‍കുട്ടികള്‍ക്ക് എന്റെ വരന് എന്നതിനേക്കാള്‍ എന്റെ വീട് എന്നതു വലുതാണ് എന്നെനിക്കു തോന്നി. വീടിനോടുള്ള കൊതി പെണ്‍കുട്ടികളില്‍ സഹജമായി ഉണ്ടാകുന്നതാണ്. പലപ്പോഴും ഇഷ്ടപ്പെട്ട വരനെ കിട്ടിയില്ലെങ്കിലും വീട് ഇഷ്ടപ്പെട്ടതാക്കി പെണ്‍കുട്ടികള്‍ അതിന്റെ ലഹരിയില്‍ മുങ്ങി ജീവിതം മുഴുവന്‍ കഴിക്കുന്നു. മനസ്സിഷ്ടപ്പെട്ട വരനെ കിട്ടുകയെന്നത് പെണ്‍കുട്ടികള്‍ വിചാരിച്ചാല്‍ സാധിക്കുന്ന കാര്യമല്ല, എങ്കിലും വീടിനെ മനസ്സിനിഷ്ടപ്പെട്ടതാക്കുകയെന്നത് പെണ്‍കുട്ടികള്‍ക്ക് സാധിച്ചെടുക്കാവുന്ന കാര്യമാണ്. വരനെ സ്നേഹിക്കാതെതന്നെ ജീവിതം കഴിക്കാം, പക്ഷേ, ചെറുതായാലും വലുതായാലും വീടിനെ സ്നേഹിക്കാതെ ജീവിതം കഴിക്കുക പ്രയാസമാണ്.
ശുഭയുടെ വരന് അവള്ക്കിഷ്ടപ്പെട്ടവനായിരുന്നോ അല്ലയോ എന്ന് ആര്‍ക്കറിയാം. എന്നാല്‍ ശുഭയുടെ വീട്ടിലേക്ക് കാല്കുത്തിയപ്പോഴേ തോന്നിയത് അത് ശുഭയ്ക്കിഷ്ടപ്പെട്ട വീടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ്. അതായത് ശുഭയുടെ ശുഭസ്പര്ശം കൊണ്ട് ശുഭയെ കേന്ദ്രമാക്കി ഒരു മനസ്സിനിണങ്ങിയ വീട് ഉണ്ടാക്കപ്പെട്ടിരിക്കയാണ്. ശുഭയില്ലാതെ ആ വീട് കേന്ദ്രത്തില്‍ നിന്ന് വിട്ടുപോകാന്‍ വിധിക്കപ്പെട്ടതാകും.
അന്ന് മുപ്പത്തി രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം സാരിക്കടയിലാണ് വീണ്ടും കണ്ടത്. എനിക്ക് ശുഭയെ മനസ്സിലാക്കാനായില്ല. പക്ഷേ, കടയില്‍ വച്ച് ശുഭ എന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. ശുഭയ്ക്ക് ചുരുണ്ട മുടി, തടിച്ച ശരീരം, മുറുക്കാന്‍ ചവയ്ക്കുന്ന ചുവന്നു കറുത്ത പല്ലുകള്‍, വിലകൂടിയ ആടയാഭരണങ്ങള്‍, രണ്ടു കവിളുകളിലും പ്രായം വെളിവാക്കുന്ന കറുത്ത പുള്ളികള്‍ ഒക്കെയുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഒരിക്കലും സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കാത്ത ശുഭയുടെ വട്ടത്തിലുള്ള മുഖവും വലിയ ആത്മവിശ്വാസത്തോടെ വിലയേറിയ സാരികള്‍ നോക്കുന്ന അവളുടെ ഹാവഭാവാദികളും അവള് തന്നെക്കാളധികം സമ്പത്സമൃദ്ധിക്കും കുടുംത്തിന്റെ സ്റ്റാറ്റസിനും കൊടുക്കുന്നുണ്ടായിരിക്കുമെന്നു വെളിവാക്കുന്നുണ്ടായിരുന്നു. സെയില്സ്മാന് എന്നെ ശ്രദ്ധിക്കാതെ ശുഭയെ ശ്രദ്ധിക്കയായിരുന്നു. ഒരുപക്ഷേ, ശുഭ റെഗുലര്‍ കസ്റ്റമറായിരിക്കും. ഞാന്‍ ഭാര്യയ്ക്കുവേണ്ടി ഒരു വിലകുറഞ്ഞ സാരി വാങ്ങാനുള്ള ശ്രമത്തിലായിരുന്നു. സാരി വിലകുറഞ്ഞതായിരുന്നെങ്കിലും ഭംഗിയുള്ളതായിരുന്നു. ശുഭയുടെ ദൃഷ്ടി അതില്‍ പതിഞ്ഞു, പിന്നെ സാരിയിലൂടെ നോട്ടം എന്നിലേക്കെത്തി. ശുഭ ഉടന്‍ എഴുന്നേറ്റ് നമസ്കാരം പറയുകയും സന്തോഷം കൊണ്ട് തൊണ്ടയിടറി പറയുകയും ചെയ്തു, ‘സര്. നമസ്കാരം.. അങ്ങിവിടെ?’
ഞാന്‍ ആശ്ചര്യത്തോടെ അവരുടെ നേരെ നോക്കി. ‘ആരാ?’
‘സര്… എന്നെ മനസ്സിലായില്ലേ… ഞാന്‍ ശുഭയാണ്.’
ശുഭയുടെ മുഖത്തിന്റെ ചലനതാളം ചേര്ന്നിട്ടെന്നപോലെ അവളുടെ സ്വരം പറപറത്തതായിരുന്നു. കഫം കട്ടപിടിച്ചിരുന്നിട്ടെന്നപോലെ. ഞാന്‍ പറഞ്ഞു, ‘ഇല്ല.. എനിക്ക് സത്യമായും മനസ്സിലായില്ല. വളരെമാറിപ്പോയിരിക്കുന്നു…’
‘സര്… ഇതിനിടയില്‍ ഞാനൊരു വയസ്സിയായെന്ന് അങ്ങ് തെളിച്ചങ്ങു പറയാത്തതെന്താണ്? കൊച്ചുമക്കള്‍ മൂന്നായി.. ഇളയ കൊച്ചുമകന്റെ ജന്മനാളാണ്. അവനുടുപ്പു വാങ്ങാന്‍ വന്നതാണ്. അവന് എന്തെങ്കിലുമൊക്കെ വാങ്ങിയാല്‍ മതി. പക്ഷേ, മരുമകള്‍ക്ക് ഇഷ്ടപ്പെടുന്ന സാരി വാങ്ങിയില്ലെങ്കില്‍ ശരിയാവില്ല.’ ശുഭയുടെ സ്വരത്തില്‍ നിറഞ്ഞൊഴുകുന്ന നദിയുടെ ആഴത്തിലുള്ള സംഗീതമാണ് പ്രതിധ്വനിച്ചത്.
ഞാന്‍ പറഞ്ഞു, ‘മകന്റെ നേട്ടത്തെക്കുറിച്ച് പത്രത്തില്‍ വായിക്കയുണ്ടായി. എന്തായാലും മകന് ഇത്ര നല്ല നേട്ടമുണ്ടാക്കിയത് വളരെ ഭാഗ്യം തന്നെ.’
‘അവന് അച്ഛനെപ്പോലെ തന്നെയാണ്. എന്റെ ബുദ്ധി സാറിനറിയാമല്ലോ…’ ഭര്‍ത്താവിന്റെയും മകന്റെയും കാര്യത്തില്‍ തികഞ്ഞ അഭിമാനം ശുഭയുടെ സ്വരത്തിലുണ്ടായിരുന്നു. എന്തായാലും ശുഭയ്ക്കു സുഖമാണ്. അവളുടെ സുഖകരമായ ജീവിതംകണ്ട് സന്തോഷം തോന്നി. ശുഭയെപ്പോലെ വലിയ ബുദ്ധിമതികളൊന്നുമല്ലാത്ത സ്ത്രീകള്‍ സ്വാഭാവികമായും സുഖമായി ജീവിക്കുന്നു. കുട്ടികള്‍ നന്നായി പഠിക്കണം, ഭര്‍ത്താവ് വളരെ സമ്പാദിക്കണം…അത്രയേ അവര്‍ക്കാഗ്രഹമുള്ളൂ. പിന്നെ ഇവരെപ്പോലുള്ളവര്‍ക്ക് എന്താ വിഷമം?
ശുഭ എന്റെ നേരെ നോക്കി പതിയെ ചോദിച്ചു, ‘സര്, ബി.എ.പാസായോ ഇല്ലേ?’
ശുഭയുടെ ചോദ്യം കേട്ട് ഞെട്ടി. ശുഭയുടെ രൂപഭാവങ്ങളെല്ലാം മാറി ശുഭ മാറിയില്ല എന്നു മനസ്സിലായി. പഴയതുപോലെ സഹജതയോടെ, വലിയ ബുദ്ധിയൊന്നുമില്ലാതെ…. അവള്‍ക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആ ചോദ്യത്തില്‍ നിന്ന് വ്യക്തമായിരുന്നു. പക്ഷേ, അതിന്റെയര്‍ഥം ശുഭ ഇതുപോലൊരു ചോദ്യം ഒരു കടയില്‍ വച്ച് ചോദിക്കാമെന്നല്ല. ശുഭയുടെ ബുദ്ധി വളര്‍ന്നില്ല എന്നതു ശരിതന്നെ, പക്ഷേ, പ്രായം വളര്‍ന്നല്ലോ… ഞാന്‍ ആ ചോദ്യത്തിന് ഉത്തരം പറയാതെ പറഞ്ഞു, ‘വീട്ടിന്റെ വിലാസം പറയൂ സമയം കണ്ടെത്തി വരാം. ഇവിടെ സ്ഥലംമാറ്റം കിട്ടി വന്നിട്ട് ആറുമാസമേ ആയുള്ളൂ. ഇനി ഒരു വര്‍ഷം കഴിയുമ്പോള്‍ റിട്ടയറാവുകയും ചെയ്യും. വളരെ കാലത്തിനുശേഷം ശുഭയെപ്പോലൊരു വിദ്യാര്‍ഥിനിയെ കണ്ടത്തില്‍ വളരെ സന്തോഷം തോന്നുന്നു.’
ശുഭ പേഴ്സ് തുറന്ന് ഭര്‍ത്താവിന്റെ പേരുള്ള ഒരു കാര്‍ഡ് എടുത്തു നീട്ടി. ഞാന്‍ കൂടുതലൊന്നും സംസാരിക്കാതെ കടയില്‍ നിന്നിറങ്ങി. സാര്‍, ബി.എ.പാസായോ എന്നു ചോദിച്ചതുപോലെ സാര്‍ നന്നായി വല്ലതും തിന്നുന്നും കുടിക്കുന്നുമുണ്ടോ എന്നെങ്ങാനും ചോദിച്ചാല്‍ ആ കടയില്‍വച്ചു തന്റെ മാനം പോയേനെ എന്നു തോന്നി.
ശുഭയുടെ ക്ഷണം സ്വീകരിച്ച് ഒരു ദിവസം അവളുടെ വീട്ടില്‍ പോയി. അവള് ട്യൂഷന് നിര്‍ത്തിയെങ്കിലും ഞാന്‍ ബി.എ.മാത്രമല്ല, എം.എയും പാസായി എന്നും മാന്യമായ ഒരു ജോലി ചെയ്യുന്നുണ്ടെന്നും അതുകാരണം മത്സ്യമാംസാദികളും, പാലും നെയ്യും, ഫലമൂലാദികളും ഒക്കെ കഴിക്കുന്നുണ്ടെന്നും അവളോടു പറയേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ ട്യൂഷനെ ആശ്രയിച്ചല്ല ജീവിക്കുന്നതെന്നും പറയണം. ശുഭയെന്താണ് എന്നെക്കുറിച്ചു മനസ്സിലാക്കി വച്ചിരിക്കുന്നത്? ശുഭയുടെ ഭര്‍ത്താവ് ധനികനായിരിക്കാം, പക്ഷേ, ഞാനും ദരിദ്രനല്ല. ഭാരതത്തില്‍ മധ്യവര്‍ഗ്ഗജീവിതം നയിച്ചുപോവുകയെന്നത് കളിയല്ല.
വൈകിട്ട് അഞ്ചുമണിക്ക് ശുഭയുടെ വീട്ടിലെത്തിയപ്പോള്‍ ശുഭ ഒരു വലിയ കപ്പില്‍ പാലുമായി ഇരിക്കയായിരുന്നു. എന്നെ കണ്ടപ്പോള്‍ പറഞ്ഞു, ‘സര്. അങ്ങ് പാല് വാങ്ങുകയായിരിക്കും. അങ്ങയുടെ വീട് ഇവിട അടുത്തെങ്ങാനുമായിരുന്നെങ്കില് എന്റെ വീട്ടില്‍നിന്നുതന്നെ അങ്ങയ്ക്ക് പാല് എത്തിച്ചുതരാമായിരുന്നു. ഇവിടെ വര്‍ഷം മുഴുവന്‍ പാല് തരുന്ന പശുക്കളുണ്ടാകും. ഇവിടത്തെ പാലും തൈരുമെല്ലാം കാരണം ഞാനൊരു പാല്ക്കാരിതന്നെ ആയിരിക്കയാണ്.’
ഭര്‍ത്താവിന്റെ സ്റ്റാറ്റസിനൊപ്പം വീട്ടില്‍ ജേഴ്സി പശുവിനെ വളര്‍ത്തി പാല്‍ക്കച്ചവടം നടത്തുക, പട്ടിക്കുഞ്ഞുങ്ങളുടെയും സാരിയുടെയും കച്ചവടം നടത്തുക ഒക്കെ ഇപ്പോള്‍ ഒരു തരത്തില്‍ അഭിജാത്യരുടെ തൊഴിലായി കണക്കാക്കിപ്പോരുന്നു. ശുഭം വേഗം കുടിക്കാന്‍ തൈരു കലക്കിയതും കൈ നിറയെ കശുവണ്ടിയും മറ്റു മധുരപലഹാരങ്ങളും ഉത്സാഹത്തോടെ കൊണ്ടുവന്നു വച്ചു. പണ്ട് ശുഭ എത്രതന്നെ, എന്തുതന്നെ സാധനങ്ങള്‍ എന്റെ മുന്നില്‍ വച്ചാലും ഞാന്‍ മുഴുവന്‍ തിന്നുമായിരുന്നു. പലപ്പോളും പിന്നീട് രാത്രിയില്‍ ഒന്നും കഴിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഈ അസമയത്ത് ഈ തീറ്റ സാധനങ്ങളെല്ലാം കണ്ട് ഞാന്‍ പറഞ്ഞു, ‘ഇത്രയധികമോ… ഞാനെന്താ വല്ല പശുവോ കുംഭകര്‍ണ്ണനോ മറ്റോ ആണോ? മധുരവും കശുവണ്ടിയുമൊന്നും കഴിക്കാനും പാടില്ല. തൈരുമാത്രം തരൂ, അതും കുറച്ച്.’
‘സാറിന് ഇതൊന്നും കഴിക്കാന്‍ പാടില്ലേ…’ ശുഭയ്ക്ക് വിശ്വാസമായില്ലെന്നു തോന്നി. ഒരു കാലത്ത് ആഹാരക്കുറവ് കാരണം എന്റെ ശരീരത്തിലെ രക്തത്തില്‍ മധുരവും, അവയവപുഷ്ടിയുമൊക്കെ കുറവായിരുന്നു. പോഷകാഹാരക്കുറവു കാരണം മുഖം എങ്ങനെയിരിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു ഞാന്‍. എല്ലാം കഴിക്കണമെന്ന് ഡോക്ടര്‍ പറയുമായിരുന്നു. നെയ്യ്, പാല്, തൈര്, മത്സ്യമാംസാദികള്‍, ഫലമൂലാദികള്‍ എല്ലാം. ഇഷ്ടം പോലെ കഴിക്കുന്നതിന് ഒരു കുഴപ്പവുമില്ലായിരുന്നു. അന്ന് ഈ സാധനങ്ങളെക്കുറിച്ചൊക്കെ കെട്ടിരുന്നതല്ലാതെ കണ്ണാലെ കണ്ടിരുന്നില്ല. പക്ഷേ, ഇന്ന് പലതും കഴിക്കാന്‍ പാടില്ല. ഇതിനിടയ്ക്ക് എന്റെ രക്തം ഇത്രയ്ക്ക് സമ്പന്നമായെന്ന് ശുഭയ്ക്ക് ഒരുപക്ഷേ, വിശ്വാസമാകുന്നില്ലായിരുന്നു. ധനവാന്മാരുടെ രക്തം സമ്പന്നമായിരിക്കണം, ദരിദ്രരുടെ രക്തം എപ്പോഴും ക്ഷാമത്തിലാണ്.
ശുഭയുടെ ആഗ്രഹത്തിന് മങ്ങലേറ്റു. കുറച്ച് തൈര് സ്പൂണ്‍കൊണ്ട് കഴിച്ചുകൊണ്ടു പറഞ്ഞു, ‘കള്ളമല്ല പറയുന്നത്. പ്രായം അനുവദിച്ചിരുന്നപ്പോള്‍ ഇഷ്ടം പോലെ കഴിച്ചു. ഇപ്പോള്‍ രക്തം എതിര്‍പ്പു പ്രകടിപ്പിക്കുമ്പോള്‍ എങ്ങനെ കഴിക്കും? മധ്യവര്‍ഗ്ഗത്തില്‍ പെട്ടവര്‍ ഭക്ഷണം കഴിച്ചാണ് ധനം പൊടിപൊടിക്കുന്നത്. നല്ല ഭക്ഷണമാണ് മധ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ ധൂര്‍ത്ത്. മറ്റൊരു ധൂര്‍ത്തും അവന്റെ കൊക്കിലൊതുങ്ങുന്നതല്ല. ഞാന്‍ സമ്പന്നനല്ലെങ്കിലും എന്റെ രക്തം സമ്പന്നരുടേതാണ്.’
എന്നെ അവള് ദരിദ്രനെന്നു കരുതുന്നത് ശരിയല്ലെന്ന് അവളെ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. ഞാന്‍ എന്റെ അധ്വാനം കൊണ്ട് മധ്യവര്‍ഗ്ഗത്തില്‍ പെട്ടവനായിരിക്കുന്നു.
ശുഭ എന്റെ മുഖത്ത് നോക്കിക്കൊണ്ടിരുന്നു കശുവണ്ടി വാതോരാതെ തിന്നുകൊണ്ടു പറഞ്ഞു, ‘ഇതൊന്നും കഴിക്കരുതെന്ന ഡോക്ടര്‍ എന്നോടും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ നിയന്ത്രണമൊന്നും ഞാന്‍ പാലിക്കാറില്ല. ഭക്ഷണം കഴിച്ചാലും മരിക്കും, കഴിച്ചില്ലെങ്കിലും മരിക്കും. എങ്കില്പിന്നെ കഴിച്ചിട്ടു മരിച്ചൂകൂടേ? കഴിക്കുന്ന ശീലമല്ലാതെ മറ്റെന്താണ് എനിക്കുള്ളതുതന്നെ?’
തീര്‍ച്ചയായിട്ടും കുട്ടിക്കാലത്തും ശുഭയ്ക്ക് ആഹാരം കഴിപ്പായിരുന്ന പ്രധാന ശീലം. ഇന്നും അവള്‍ക്ക് ആഹാരം കഴിക്കുന്നതാണു മുഖ്യശീലമെന്ന് കരുതിയാല്‍ ശുഭ സുഖമായല്ല ജീവിക്കുന്നതെന്ന് എന്തിനു വിചാരിക്കണം.
ശുഭയുടെ വീട്ടില്‍ പോകുന്നത് ഞാന്‍ പതിവാക്കി. ട്യൂഷന് പഠിപ്പിക്കുന്നതുപോലെയുള്ള നിശ്ചിതമായ കാരണമൊന്നുമില്ലെങ്കിലും രണ്ടുനാലു ദിവസത്തിലൊരിക്കല്‍ ശുഭയുടെ വീട്ടിലേക്കു പോയില്ലെങ്കില്‍ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ വീഴ്ച പറ്റിയെന്നു തോന്നിച്ചു. ഒന്നുരണ്ടുപ്രാവശ്യം ഭാര്യയെയും കുട്ടികളെയും കൂട്ടി പോയിരുന്നു. ശുഭയും മക്കളെയും കൊച്ചുമക്കളെയുമൊക്കെ കൂട്ടി ഞങ്ങളുടെ വീട്ടിലും വന്നിട്ടുണ്ട്.. എന്നാല്‍ അതിനുള്ള നേരം ശുഭയുടെ ഭര്‍ത്താവിന് ഇതുവരെ കിട്ടിയിട്ടില്ല. വലിയ ഓഫീസറാണ്, വലിയ ഉത്തരാവാദിത്തമുള്ള ആളാണ്. വീട്ടിലേക്കും ഓഫീസുമായിട്ടാണ് വരുന്നത്.. ഓഫീസല്ലാതെ ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന പോലെ. ഉന്നതോദ്യോഗസ്ഥരുടെ ജീവിതം ഇങ്ങനെ ദയനീയമാണ്. വ്യക്തിപരമായ സുഖമോ, കുടുംബസുഖമോ ഒക്കെ ഉണ്ടെങ്കിലും ഇല്ലെന്നപോലെയാണ്. എനിക്ക് ശുഭയുടെ ഭര്‍ത്താവിനെക്കുറിച്ച് തെറ്റായ ധാരണയൊന്നുമില്ലായിരുന്നു. മധ്യവര്‍ഗ്ഗക്കാരന്റെ അളവുകോലുമായി അയാള്‍ എന്റെ വീട്ടില്‍ വന്നിരുന്നെങ്കില്‍ എനിക്ക് വല്ലാതെ തോന്നുമായിരുന്നു. അയാളോട് വിശേഷിച്ച് അടുപ്പമൊന്നുമില്ല. ശുഭയുടെ ഭര്‍ത്താവെന്ന നിലയില്‍ സംസാരിച്ചിട്ടുള്ളിടത്തോളം കൊണ്ടും പരിചയം കൊണ്ടും അയാള്‍ ഒരു പരമ്പരാഗത ഭര്‍ത്താവു തന്നെയാണെന്ന് എനിക്കു മനസ്സിലായിരുന്നു. സ്വന്തം ചെറിയ ലോകം ഭാര്യയുടെ തലയില്‍ വച്ചുകൊടുത്തിട്ട് സ്വയം ഒരു വലിയ ലോകത്തിന്റെ ഭാരം ചുമക്കുന്നയാളാണ്. സുഹൃത്തുക്കളെ കാണാന്‍ എവിടെയാണു സമയം?
പക്ഷേ, ഞാന്‍ ശുഭയുടെ വീട്ടിലേക്ക് സ്ഥിരമായി പോകുന്നതു കണ്ടാല്‍ ഞാന്‍ ശുഭയുടെ കൊച്ചുമക്കളുടെ വയസ്സന് ട്യൂഷന് മാസ്റ്ററാണെന്നു പുറത്തുള്ളവര്‍ക്കു തോന്നിയേക്കും. കുട്ടികളും അമ്മൂമ്മയുടെ വിളി കേട്ട് എന്നെ ‘സര്, സര്’ എന്നു വിളിക്കാന്‍ തുടങ്ങിയിരുന്നു. ശുഭയുടെ ഭര്‍ത്താവ്, അവിടത്തെ ജോലിക്കാര്‍, അവിടത്തെ നാല്ക്കാലികള് പോലും ‘സര് സര്’ എന്നു വിളിക്കാന്‍ തുടങ്ങി. ശുഭയുടെ വീട്ടിലേക്കുള്ള എന്റെ ആകര്‍ഷണത്തിന്റെ കേന്ദ്രത്തില്‍ എന്തായിരുന്നു? ശുഭയിലേക്കല്ല എന്തായാലും. അവളുടെ ഉയര്‍ന്ന പദവിയിലുള്ള ഭര്‍ത്താവിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. ശുഭയുടെ വീട്ടിലെ സ്വാദേറിയ ഭക്ഷണവുമല്ല. കാരണം ഞാന്‍ ശുഭയുടെ വീട്ടില്‍ നിന്ന് കാര്യമായൊന്നും കഴിച്ചിരുന്നില്ല.
ശുഭയുടെ വീട്ടിലെ ചായ മാത്രമാണു കഴിച്ചിരുന്നത്. എല്ലാ വലിയ ആളുകളെയും പോലെ ശുഭയുടെ വീട്ടില്‍ ഒരുപക്ഷേ അവര്‍ ഗ്രീന്‍ലീഫ് ചായയാണു കുടിച്ചിരുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് ഡസ്റ്റ് ടീ കൊടുത്തിരുന്നു. എന്നാല്‍ എനിക്ക് ശുഭയുടെ വീട്ടില്‍ നിന്ന് വീട്ടിലുള്ളവര്‍ കുടിക്കുന്ന ചായതന്നെയാണു കിട്ടിയിരുന്നത്. എന്തൊരു മണമാണ് അതിന്റേത്. പാലും പഞ്ചസാരയും കൃത്യം അളവില്‍! എന്നെപ്പോലുള്ള മധ്യവര്‍ഗ്ഗക്കാരുടെ വീടുകളില്‍ പൊടിച്ചായയില് നിറയെ പാലും പഞ്ചസാരയും കാരണം ചായയുടെ സുഗന്ധമേ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ശുഭയുടെ വീട്ടില്‍ ഒരിക്കലും അങ്ങനെയായിരുന്നില്ല. ശുഭയുടെ വീട്ടിലെ ചായയാണ് ഓഫീസില്‍നിന്നു മടങ്ങുമ്പോള്‍ എന്നെ പാല്കുടിക്കുന്ന പശുക്കുട്ടിയെപ്പോലെ ശുഭയുടെ വീട്ടിലേക്കാകര്ഷിച്ചിരുന്നത്. ചിലപ്പോഴൊക്കെ ഞാന്‍ ഒരു കപ്പു ചായകൂടി ചോദിച്ചുവാങ്ങി കുടിക്കുമായിരുന്നു. ശുഭയുടെ കൊച്ചുമക്കള്‍ എന്നെ ‘ചായക്കാരന് സാര്‍’ എന്നു വിളിക്കാന്‍ തുടങ്ങി.
ഒരുപക്ഷേ, ചായയിലുള്ള താത്പര്യത്തെക്കാള്‍ ശുഭയുടെ കൊച്ചുമക്കളാണ് എന്നെ അവിടേക്ക് ആകര്‍ഷിച്ചിരുന്നതെന്നും പറയാം. എന്റെ കൊച്ചുമക്കള്‍ എന്റെ കൂടെ ഇല്ലാതിരുന്നതു കാരണം ഞാന്‍ ശുഭയുടെ കൊച്ചുമക്കളെ സാവധാനം കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഞാന്‍ ചെല്ലാത്ത ദിവസത്തെക്കുറിച്ച് ‘ഇന്നലെ എന്താണു വരാഞ്ഞത്? കുട്ടികള്‍ കാത്തിരുന്നു. സാറെന്താണ് വരാഞ്ഞത്, എന്നെല്ലാം ചോദിച്ച് കുട്ടികള്‍ എന്നെ കഷ്ടപ്പെടുത്തിക്കളഞ്ഞു. ഞാന്‍ സാറിനെ കാത്തിരുന്നതുകാരണം നാലുമണിക്കേ ചായ രാത്രി എട്ടുമണിക്കാണു കുടിച്ചത്. സാറിന് അസുഖമൊന്നുമില്ലല്ലോ..?’ എന്നെല്ലാം ശുഭ ചോദിച്ചു.
ആഹാ.. ഇത് നല്ല നിര്‍ബന്ധിക്കലാണ്. ഒരു കപ്പു ചായ കുടിപ്പിച്ച് എന്നെ വിലക്കെടുത്തിരിക്കയാണോ? ഞാന്‍ അവരുടെ വീട്ടിലെ ട്യൂഷനെടുക്കുന്നെന്നപോലെ ദിവസേന ഹാജരാകാന്‍ ബാധ്യസ്ഥനാണോ? അതുമല്ല, ഞാന്‍ എന്റെ ഇഷ്ടപ്രകാരമല്ലേ പോകുന്നത്, അവരുടെ ഇഷ്ടപ്രകാരം ചെല്ലുന്നതല്ലല്ലോ… പോകാന്‍ തോന്നാത്ത ദിവസം പോകില്ല, അവളാരാ ചോദിക്കാന്‍? എന്നൊക്കെ മനസ്സില്‍ തോന്നി. ശുഭ പറഞ്ഞതിനു മറുപടിയല്ലെങ്കിലും ഇങ്ങനെ പറഞ്ഞു, ‘ഇന്ന് രണ്ടുമൂന്നു കപ്പ് ചായ കുടിക്കാമെന്നാണ് വിചാരിക്കുന്നത്. ആദ്യം ചായ വരട്ടെ. കുട്ടികളെവിടെ?’ പിന്നെ എല്ലാം പതിവുപോലെ ചായയുടെ സുഗന്ധത്തില്‍ മുങ്ങിപ്പോകും…
മൗനസ്വഭാവക്കാരിയായിരുന്ന ശുഭ ഇപ്പോള്‍ സാധാരണ സ്ത്രീകളെപ്പോലെ വളരെ സംസാരിക്കുന്നു എന്നെനിക്കു സാവധാനം തോന്നാന്‍ തുടങ്ങി. അവള് സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ഭൂതകാലം പ്രകാശമാനവും വര്‍ത്തമാനകാലം മങ്ങിയതുമായി തോന്നും. ശുഭ ഗ്രാമത്തെക്കുറിച്ചും, നദിയെക്കുറിച്ചും, മാവിനെക്കുറിച്ചും, ചാമ്പയെക്കുറിച്ചും അക്കാലത്തെ കൂട്ടുകാരെക്കുറിച്ചുമൊക്കെ പറയും. സംസാരം തുടങ്ങുന്നത് തിന്നുന്ന കാര്യം പറഞ്ഞുകൊണ്ടാണ്.
നഗരത്തില്‍ മാങ്ങ, പേരയ്ക്ക, ചാമ്പയ്ക്ക, വാഴപ്പഴം, ചാമ്പയ്ക്ക, തുടങ്ങിയവയൊക്കെ വാങ്ങാന്‍ കിട്ടുമെങ്കിലും ഞാവല്‍പ്പഴം കിട്ടില്ല. ഇവിടത്തെ പല തരം പൂക്കളുടെ കൂട്ടത്തില്‍ കൈതപ്പൂവോ, നീലത്താമരയോ കാണാന്‍ കിട്ടില്ല. ഇവിടെ തുറന്ന ആകാശം കാണാന്‍പറ്റില്ല. ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ ഇടയില്‍, വൈദ്യുതിവിളക്കിന്റെ പ്രകാശത്തില്‍ ചന്ദ്രന് മറഞ്ഞുപോകുന്നു, നഗരത്തിന്റെ ഭയപ്പെടുത്തുന്ന ഗര്‍ജ്ജനങ്ങള്‍ക്കിടയില്‍ പക്ഷികളുടെ കളകളാരവം കേള്‍ക്കാന്‍ പറ്റില്ല, പൊടിയുടെയും പുകയുടെയും ആധിക്യത്തില്‍ മണ്ണിന്റെ മണം ഇല്ലാതെപോകുന്നു, സ്വാര്‍ഥതയുടെ പാരമ്യത്തില്‍ മനുഷ്യന് ഇല്ലാതെയാകുന്നു. അപരിചിതത്വത്തില്‍ ബന്ധങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നു…. വളരെ അടുത്താണെങ്കിലും മനുഷ്യന് അകലെയായിപ്പോകുന്നു. ഭിത്തിയോടു ചേര്‍ന്നു ഭിത്തിയുള്ള ഇടം… എന്നാലിവിടെ ഭിത്തിക്ക് മനുഷ്യനെക്കാളധികം ശക്തിയുണ്ട്. ഇവിടെ പ്രഭാതമില്ല, സായാഹ്നമില്ല, സമയമില്ല… ഏകാന്തമായ മനസ്സില്ല.
‘സര്, അങ്ങ് കാര്യമൊന്നുമില്ലാതെ സമയം കണ്ടെത്തി ഞങ്ങളുടെ വീട്ടിലെത്തുന്നുവെന്നത് ഞങ്ങളുടെ ഭാഗ്യമാണ്. നമ്മുടെ ഗ്രാമത്തിലെ ആ കൈതക്കാട് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് അങ്ങയെ കാണുമ്പോള്‍ എനിക്കു തോന്നുന്നു. അവിടത്തെ കുളത്തില്‍ നീലത്താമരപ്പൂക്കള്‍ വിടരുന്നുവെന്നും മേല്‍ക്കൂരയില്‍ പുക കാണാമെന്നും പച്ചക്കറി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കൊടുക്കാറുണ്ടെന്നും എല്ലാവര്ക്കും എല്ലാത്തിനും സമയമുണ്ടെന്നും സാറിനെ കാണുമ്പോള്‍ എനിക്കു വിശ്വാസം തോന്നുന്നു. ഗ്രാമത്തില്‍ പോയിട്ട് എത്രയോ കാലമായി. അതിനവിടെ ആരാണുള്ളത്? ഞങ്ങളുടെ എല്ലാവരും തന്നെ ഓരോരോ നഗരത്തിലാണ്. ഗ്രാമത്തിനും വയസ്സായി എന്നാണു കേട്ടത്. അവിടെ രോഗങ്ങളും, ദാരിദ്ര്യവും നിവൃത്തിയില്ലാത്ത കുറെ വയസ്സന്മാരും വയസ്സികളുമേ ഉള്ളെന്നു കേട്ടു. സാറിപ്പോഴും ഗ്രാമത്തില്പോകാറുണ്ടോ?’ ഞാന്‍ ആശ്ചര്യത്തോടെ ശുഭയുടെ നേരെ നോക്കി. ഈ വയസ്സായ സ്ത്രീയ്ക്ക് നഗരത്തില്‍ കൊഴുപ്പടിഞ്ഞ ശരീരവും പ്രായാധിക്യവുമല്ലാതെ ഒരുപക്ഷേ, മറ്റൊന്നും കിട്ടിയില്ല. ഇന്ന് ഒരു കാര്യവുമില്ലാതെ കൈതക്കാടിനെ ഓര്‍മ്മിക്കുകയാണ്. ഞാന്‍ ശുഭയ്ക്കായി സ്ഥിരം കൈതപ്പൂക്കള്‍ പറിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നോര്ത്തു. അവളുടെ അമ്മൂമ്മയ്ക്ക് മുറുക്കാന്‍ കൂട്ട് ഉണ്ടാക്കാന്‍.. കൈതപ്പൂ പറിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. എന്റെ കൈയില്‍ നിന്ന് കൈതപ്പൂ വാങ്ങുമ്പോള്‍ ഒരിക്കല്‍ ശുഭ പറഞ്ഞു, ‘കൈതപ്പൂവിന്റെ മുറുക്കാന്‍ കൂട്ടിന്റെ സുഗന്ധത്തെക്കാള്‍ കൈതപ്പൂവിന്റെ സുഗന്ധം കൂടുതല്‍ നല്ലതാണ്. അമ്മൂമ്മ മുറുക്കാന്‍ കൂട്ടിനായി വെറുതെയാണ് ഈ പൂക്കളെല്ലാം നശിപ്പിക്കുന്നത്.’
ഇവിടെ എല്ലാമുള്ളിടത്ത് ശുഭയ്ക്ക് എന്തിന്റെ കുറവാണ്? ശുഭയെപ്പോലെ സാധാരണ ബുദ്ധിയുള്ള സ്ത്രീക്ക് പൊതുവെ നോക്കിയാല്‍ ഇല്ലായ്മ അനുഭവപ്പെടുകയേ ഇല്ല. തടിച്ച ശരീരവും അതുപോലുള്ള ചിന്തകളുമുള്ള ഈ സ്ത്രീക്ക് ഭൂതകാലത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ഇല്ലായ്മകളുടെ ചിന്തയുണ്ടോ? അസാധ്യമാണ്. ശുഭയുടെ ദൈനംദിന ജീവിതത്തെ ശ്രദ്ധിച്ചാല്‍ അതില്‍ ഇങ്ങനെയുള്ള സൂക്ഷ്മമായ ഭാവനകള്‍ അവശേഷിക്കുന്നുവെന്ന് വിശ്വാസം വരില്ല. ശുഭ പറയുന്നതുകേട്ടാല്‍ മറ്റാരാണെങ്കിലും ചിന്തിക്കുക, ശുഭയിപ്പോഴും ഗ്രാമീണ സ്ത്രീതന്നെയാണെന്നാകും.
ഇപ്പോള്‍ ശുഭയുടെ വീട്ടില്‍ പോകാറില്ല. ഇനി പോകില്ലെന്നു തീരുമാനിച്ചിരിക്കയാണ്. ഇനി ശുഭയുടെ മുന്നില്‍ പോകാതിരിക്കുന്നതാണു നല്ലത്. ശുഭയുടെ കൊച്ചുമക്കളുടെ, ‘ദാ ചായക്കാരന് സാര്‍ വന്നു’ എന്ന ഉത്സാഹത്തോടെയുള്ള സ്വരവും ശുഭയുടെ വീട്ടിലെ ചായയുടെ സുഗന്ധവും ഇടയ്ക്കൊക്കെ ഓര്‍മ്മ വരാറുണ്ട്. ഞങ്ങളുടെ വീട്ടിലെ ചായയ്ക്ക് ചായയുടെ മണമില്ല, ഞങ്ങളുടെ വീട്ടില്‍ പരദേശികളായ കൊച്ചുമക്കളുടെ സ്വരം കേള്‍ക്കാനാവില്ല. അതുകൊണ്ട് മനസ്സ് വീണ്ടും വീണ്ടും ശുഭയുടെ വീട്ടിലേക്ക് കാലിനെ നയിക്കാന്‍ ശ്രമിക്കുമെങ്കിലും വിവേകവും ബുദ്ധിയും കാലുകളെ പിന്നോട്ടു വലിക്കും.
അന്ന് ശക്തമായ മഴയുടെ നേരത്ത് ശുഭയുടെ കൈയില്‍ നിന്നു കിട്ടിയ ചായയുടെ സുഗന്ധം മനം നിറയെ ആസ്വദിച്ചുകൊണ്ട് അറിയാതെ നടന്ന സംഭവത്തിനുശേഷം ശുഭയുടെ വീട്ടിലേക്കു പോകുന്നത് ഉചിതമല്ലെന്നു തോന്നി. എന്തു പ്രയോജനം? പെട്ടെന്നുണ്ടായ ആ സംഭവത്തെക്കുറിച്ച് മറ്റാര്‍ക്കുമറിയില്ല, ഭാവിയില്‍ ആരെങ്കിലും അറിയാനുള്ള സാധ്യതയുമില്ല. ശുഭയുടെ ഭര്‍ത്താവ്, അവരുടെ ഉയര്‍ന്ന പദവിയിലുള്ള മകന്, മകള്‍, അളിയന്, മരുമകന് തുടങ്ങി ആര്‍ക്കും ആ സംഭവത്തെക്കുറിച്ച് സൂചനപോലും കിട്ടില്ല. ഭാവിയില്‍ ഒരിക്കലും ആ സംഭവം ആവര്‍ത്തിക്കില്ല. ആ സംഭവത്തിനുംശേഷം ആവര്‍ത്തിക്കപ്പെടാന്‍ എന്താണ് അവശേഷിച്ചിരിക്കുന്നതുതന്നെ. ആ സംഭവം മുഴുവനായും നടന്നുകഴിഞ്ഞിരുന്നു. ഒഴുകിപ്പോയിക്കഴിഞ്ഞ വെള്ളത്തെ തിരികെ കൊണ്ടുവരാനാകുമോ? ആരും ആറിഞ്ഞില്ലെങ്കിലും, എനിക്കറിയാം, ശുഭയ്ക്കറിയാം, ഞങ്ങളുടെ മനസ്സിനും ഹൃദയത്തിനും, വിവേകവിചാരങ്ങള്ക്കും അറിയാം. പിന്നെ ഒരു മാന്യനായ വ്യക്തിയെപ്പോലെ ഒന്നും അറിയാത്ത ഭാവത്തില്‍ ശുഭയുടെ നല്ല പ്രതിച്ഛായയുള്ള പാവം വയസ്സന് ട്യൂഷന് മാസ്റ്ററെപ്പോലെ അവളുടെ വീട്ടില്‍ ഗൗരവത്തോടെ ഇരുന്ന് ചായ ആസ്വദിക്കുന്നത് കുറ്റകൃത്യം പോലെതന്നെയല്ലേ?
ശുഭയുടെ ഭര്‍ത്താവുമായി ചുരുക്കമേ കണ്ടുമുട്ടാറുള്ളൂ. അതും വളരെ അല്പനേരത്തേക്ക്, ഉപരിപ്ലവമായ രീതിയില്‍ ഞങ്ങള്‍ ഇരുവരും കഷണ്ടിത്തലകള്‍ പരസ്പരം കാണുന്നു, പക്വതയുള്ള മുഖങ്ങള്‍ കാണുന്നു, എങ്കിലും കണ്ണുകള്‍ പരസ്പരം കൂട്ടിമുട്ടാറില്ലായിരുന്നു. അകാരണമായി വഴിമുറിച്ചു കടന്നുപോകുന്നതുപോലെയായിരുന്നു ഞങ്ങളുടെ നോട്ടങ്ങള്‍… പക്ഷേ, ശുഭയുടെ മിഴികളുമായി എന്റെ കണ്ണുകള്‍ ഇടഞ്ഞിരുന്നു. ഇരുവരുടെയും തടിച്ച കണ്ണടകള്‍ക്കു പിന്നില്‍ കണ്ണുകള്‍ അസ്പഷ്ടങ്ങളാകാം, ദൃഷ്ടി അസ്പഷ്ടമായിരുന്നില്ല. ഇനി എനിക്ക് ശുഭയുടെ നേരെ പഴയതുപോലെ നോക്കാനാകുമോ? ശുഭയ്ക്കോ…? ഭഗവാനേ… ശ്മശാനത്തിലേക്കു കാല് നീട്ടുന്ന പ്രായത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതെങ്ങനെ നടന്നു?
അന്ന് ആ സംഭവം അപ്രതീക്ഷിതമായി നടന്നതുകൊണ്ട് ഞങ്ങളുടെ ജീവിതം മാറിയോ അതോ മാറുമോ? ആ സംഭവം നടന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതം അപൂര്ണ്ണമായിരിക്കുമായിരുന്നോ? ഇതിന്റെ അര്‍ഥം ഈ പ്രായത്തില്‍ ഇങ്ങനെ നടക്കുന്നത് ശോഭനീയമാണെന്നാണോ? അത് തടയാനാകുമായിരുന്നില്ലേ? ആര്‍ക്കാണ് തടയാനാകുമായിരുന്നത്? ശുഭയ്ക്കോ എനിക്കോ? ആ സംഭവത്തിന് ഉത്തരവാദി ആരാണ്, ശുഭയോ ഞാനോ? ആ സംഭവം ശുഭയുടെ ഭാഗത്തുനിന്നാണ് നടന്നതെങ്കിലും എന്റെ സമ്മതമില്ലാതെ വെറും സാധാരണ ബുദ്ധിയുള്ള പ്രായംചെന്ന സ്ത്രീ അങ്ങനെ അപ്രതീക്ഷിതമായ ഒരു സംഭവത്തിന് വഴി വയ്ക്കുമായിരുന്നോ? ശുഭ കമ്മി ബുദ്ധിയുള്ളവളൊന്നുമല്ല… ശുഭയുടെ ഭാരിച്ച ശരീരത്തില്‍ സൂക്ഷ്മവികാരങ്ങള്‍ മന്ദ്രമധുരമായ സ്വരത്തില്‍ മുഴങ്ങുന്നുണ്ട് എന്ന് എനിക്കല്ലാതെ ആര്‍ക്കുമറിയില്ല. ശുഭയുടെ ഉന്നതപദവിയിലിരിക്കുന്ന, കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷം ശുഭയുടെ കൂടെ ഒരേ കൂരക്കീഴില്‍ കഴിയുന്ന, ഒരേ കിടക്കയിലുറങ്ങുന്ന ഭര്‍ത്താവിന് അറിയില്ല.
മനുഷ്യന്റെ മനസ്സ് കൈതക്കാടുപോലയാണ്. അവിടെ എത്തുക പ്രയാസമാണ്. എത്ര മുള്ളുനിറഞ്ഞ കുറ്റിച്ചെടികളും ഇലയില്‍ മൂര്‍ച്ചയുള്ള മുള്ളുകളുമാണുള്ളത്. എന്നാല്‍ കൈതപ്പൂന്റെ മദിപ്പിക്കുന്ന സുഗന്ധം ഒളിച്ചിരിക്കില്ല. ‘എന്റെ സുഗന്ധം മദിപ്പിക്കുന്നതാണ്, മണപ്പിച്ചോളൂ’ എന്ന് കൈത എന്തിനു വിളിച്ചുപറയണം?
ലോകത്തിലെ ഏതൊരു യുവതിയും കുറച്ചുകൊണ്ട് തൃപ്തിയാവില്ല, ഒരു സ്ത്രീയും കമ്മിബുദ്ധില്ല, ഒരു യുവതിക്കും പ്രായപൂര്‍ത്തിയാവില്ല എന്ന് ഈ സംഭവത്തോടെ എനിക്ക് ബോധ്യമായി. സ്ത്രീകളെ സംബന്ധിച്ചുള്ള എന്റെ ഉറച്ച ധാരണകളെ ശുഭ ഒരു നിമിഷം കൊണ്ട് പിടിച്ചു കുലുക്കിക്കളഞ്ഞു. ഞങ്ങളിരുവരും വയസ്സനും വയസ്സിയുമല്ല എന്ന് ശുഭ സ്ഥാപിച്ചു. പ്രായം ബാഹ്യമായ ആവരണംമാത്രമാണ്. ആ ആവരണം മാറ്റിയാല്‍ രസം നിറഞ്ഞു തുളുമ്പും. ആ സംഭവത്തിന് ഞാന്‍ ശുഭയെ കുറ്റപ്പെടുത്തുന്നില്ല. മുപ്പത്തി രണ്ടു വര്‍ഷം മുമ്പു നടക്കേണ്ട സംഭവം ഇപ്പോള്‍ നടത്തിയതുകൊണ്ട് എന്തു നേട്ടമുണ്ടായി എന്നതു മാത്രമാണ് ഇതിലെ പ്രശ്നം. ആത്യന്തികമായി ഉണ്ടായിരിക്കുന്നത് ശുഭയുടെ വീട്ടിലേക്കുള്ള വഴി എന്നെ സംബന്ധിച്ചിടത്തോളം എന്നന്നേക്കുമായി അടഞ്ഞുപോയി എന്നതാണ്. ശുഭ വാതിലടച്ചില്ല, എങ്കിലും ആ സംഭവത്തിനുശേഷം ഞാന്‍ അവളുടെ വീട്ടിലെത്തരുതെന്ന് അവള് തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാകും. അവളുമായി അറിയാതെ സുഖദുഃഖങ്ങളെക്കുറിച്ച് സംസാരിക്കരുതെന്നാഗ്രഹിക്കുന്നുണ്ടാകും. ഞാന്‍ പോയാല്‍ ശുഭയ്ക്ക് പഴയതുപോലെ സ്വാതന്ത്ര്യത്തോടെ സംസാരിക്കാനാവില്ലെന്ന് എനിക്കറിയാം. എനിക്കും പഴയതുപോലെ തുറന്നു സംസാരിക്കാനാവില്ല.
അന്ന് സായംകാലത്തില്‍ സംഭവിച്ചതിന് ആ കോരിച്ചൊരിയുന്ന മഴയായിരുന്നിരിക്കണം കാരണം. വീട്ടില്‍ ആരുമില്ലായിരുന്നു. കൊച്ചുമക്കള്‍ അമ്മാവന്റെ അടുത്തു പോയിരുന്നു. വലിയ വീട്. വേനലയവധിക്ക് സ്കൂളുപോലെ ആരുമില്ലാതെ, നിശ്ശബ്ദതയോടെ. പെട്ടെന്നാണ് ശക്തമായ മഴ തുടങ്ങിയത്. തുമ്പിക്കൈവണ്ണത്തിലുള്ള മഴ മുപ്പത്തിരണ്ടുവര്‍ഷം മുമ്പുണ്ടായ മഴയെപ്പോലെ എല്ലാ വര്‍ഷവുമുണ്ടായിരുന്നു. നദിതീരങ്ങള്‍ ഇടിഞ്ഞിറങ്ങും, കൃഷി നശിക്കും, വീടുകളില്‍ വെള്ളം കയറുകയും തകരുകയും ചെയ്യും, എന്നുവേണ്ട ആകെ നാശമാകും… അങ്ങനെയുള്ള പെരുമഴയില്‍ ഇരുവയസ്സുകാരിയായ ശുഭ അവളുടെ വിവാഹകാര്യം പറഞ്ഞു. അവള്‍ക്ക് ട്യൂഷന് നിന്നുപോകുന്നതിലാണു ഖേദമെന്നു പറഞ്ഞു. അവളുടെ ഭര്‍ത്താവിന്റെ വീട്ടിലേക്കു ചെല്ലാന്‍ അവള് പറഞ്ഞതായിരുന്നു. വിവാഹശേഷം ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന എല്ലാ പെണ്‍കുട്ടികളുടേതും പോലെയായിരുന്നു ശുഭയുടെയും മുഖം. ദരിദ്രനായ ട്യൂഷന് മാസ്റ്ററുടെ ട്യൂഷന് നിന്നുപോകും, അയാള്‍ക്ക് ചായയും കാപ്പിയും കിട്ടില്ല. ബി.എയ്ക്കു പഠിക്കാനുള്ള സ്വപ്നം നടക്കില്ല എന്നെല്ലാം വിചാരിച്ച് ശുഭയെന്നു പേരുള്ള ആ യുവതിയുടെ മുഖം കരുണകൊണ്ട് ഇറനണിഞ്ഞിരുന്നു.
ഇന്ന് നാടെങ്ങും ഉണ്ടായിരിക്കുന്ന പേമാരി ആസ്വദിക്കാന്‍ ചൂടോടെ അവള് പനീറിന്റെ പകൗഡാ ഉണ്ടാക്കിക്കൊണ്ടുവന്ന് എന്റെ മുന്നില്‍ വച്ചു. ഞാന്‍ പറഞ്ഞു, ‘എനിക്ക് വറുത്ത സാധനങ്ങള്‍ കഴിക്കാന്‍ പാടില്ല. പഴയതുപോലെയല്ല എന്റെ രക്തം… വളരെ കൊഴുപ്പാണ്.’ കേട്ടപ്പോള്‍ ശുഭയുടെ മുഖത്ത് ‘ആഹാ, വിളമ്പിവച്ചതു കഴിക്കാനുള്ള ഭാഗ്യം പോലും ഈ മനുഷ്യനില്ല’ എന്ന ഭാവം തെളിഞ്ഞു. അതായിരുന്നോ അവളുടെ ദുഃഖം? ഈ വേദനയുടെ സ്വരൂപം വളരെ സ്ഥൂലമാണ്. അത് സത്യമായിരുന്നെങ്കില്‍ ശുഭ പെട്ടെന്ന് അങ്ങനെ ചെയ്തുകളഞ്ഞതെന്തിന്?
പകൗഡാ പാത്രം തിരിച്ചെടുത്തുകൊണ്ടുപോകുമ്പോള് ശുഭയുടെ മിഴികള്‍ നിറഞ്ഞിരുന്നുവെന്ന് എനിക്കു തോന്നി. ഒരുപക്ഷേ, കണ്ണുനീരല്ല, മഴത്തുള്ളികളാകാം. മധുരമിടാത്ത ചായയുമായി എന്റെ അടുത്തെത്തുമ്പോള്‍ ശുഭയുടെ നേറ്റിയിലും മുഖത്തും പ്രായത്തിന്റെ കറുത്ത ചുളിവുകള്‍ക്കിടയില്‍ വിയര്‍പ്പിന്റെ ചെറുതുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു, ഒരു പക്ഷേ, തീയുടെ ചൂടുകൊണ്ടാകാം.
എവിടെയോ ഇടിവെട്ടി. ജന്നലിനപ്പുറം ഇത്രയും നാള് വാഴക്കുലയുടെ ഭാരം താങ്ങി നിന്നിരുന്ന മരം നിലത്തുവീണു.
ഓഹ്..ശുഭ എന്തിനങ്ങനെ ചെയ്തു?
ശുഭ അന്നേരം തന്നെ വിഡ്ഢിയെന്നോ ബോധമില്ലാത്തവനെന്നോ വിചാരിച്ചോ?
അല്ല, എല്ലാം അങ്ങനെയങ്ങു പറയാമോ…?
ജീവിതത്തില്‍ എന്തെല്ലാം പറയുന്നു, അതിലധികവും പറയാതിരിക്കുന്നു.. ശുഭയ്ക്കിതറിയാമായിരുന്നില്ലേ? പറഞ്ഞ കാര്യങ്ങള്‍തന്നെ ശരിയായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചില്ലെന്നു വരാം. പക്ഷേ, പറയാത്ത കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷ്മവികാരങ്ങളെ വ്യക്തമാക്കുന്നതില്‍ ഏറ്റവുമധികം ശക്തിയുള്ളതാണ്. ഇന്നോളം ഇത്രയും വലിയ വേലിയേറ്റം മനസ്സില്‍ അമര്‍ത്തി വച്ചിരുന്നിട്ടും ശുഭയ്ക്ക് മനസ്സിലായില്ലെന്നുണ്ടോ? കണ്ണടച്ചു തുറക്കുന്ന നേരത്തിനടയില് കൈതയിതളിലെഴുതിയ രഹസ്യമായ വരികള്‍ അവള് ഛിന്നഭിന്നമാക്കി.
ശുഭ എന്റെ നേരെ ചായക്കപ്പു നീട്ടിക്കൊണ്ടു പറഞ്ഞു, ‘സര് അങ്ങ്, അപ്പോള്‍ ഇക്കാര്യം തുറന്നു പറയാഞ്ഞതെന്താണ്? ഞാന്‍ ഒരു പെണ്കുട്ടിയാണെന്നിരിക്കെ മനസ്സു തുറന്ന് എങ്ങനെ പറയാനാകും?’
അവള് പറഞ്ഞതുകേട്ട് പേമാരി സഹിച്ചുകൊണ്ട് ഞാന്‍ ശുഭയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി. ട്യൂഷന്മാസ്റ്ററാണെന്നിരിക്കെ അവളുടെ ചോദ്യം എനിക്ക് അവളോടു ചോദിക്കാനാകുമായിരുന്നോ?
‘മഴയത്തുപോകാതെ, നനയും.’ എന്നു പറഞ്ഞ് ശുഭ എന്നെ തടഞ്ഞില്ലായിരുന്നു.. കാരണം അതിനകം തന്നെ ഞാന്‍ മുഴുവന്‍ നനഞ്ഞു കഴിഞ്ഞിരുന്നു.
വിവര്‍ത്തനം
ഡോ.കെ.സി.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: