കൊച്ചി: യൂറോപ്പ്യന്‍ രാജ്യമായ സെര്‍ബിയയിലേയ്ക്ക് 35 ലക്ഷം ജോഡി സര്‍ജിക്കല്‍ കയ്യുറകള്‍ കയറ്റിയയച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ സെര്‍ബിയന്‍ സര്‍ക്കാരിന്റെ ആരോഗ്യവിഭാഗത്തിന്റെ ഓര്‍ഡര്‍ ലഭിച്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കയറ്റുമതി നടത്തിയത്.
സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലേയ്ക്ക് ഡച്ച് വിമാനക്കമ്പനിയായ ട്രാന്‍സേവിയ എയര്‍ലൈന്‍സിന്റെ ബോയിങ് 747 കാര്‍ഗോ വിമാനമാണ് കൊച്ചിയില്‍ നിന്ന് സര്‍ജിക്കല്‍ കയ്യുറകള്‍ കൊണ്ടുപോയത്. ഏഴായിരത്തിലധികം പെട്ടികളിലായി മൊത്തം 90,385 കി.ഗ്രാം ഭാരമുള്ള കാര്‍ഗോ കഴിഞ്ഞ ദിവസം ബെല്‍ഗ്രേഡില്‍ എത്തി. ചൊവ്വാഴ്ച വീണ്ടും ട്രാന്‍സേവിയന്‍ എയര്‍ലൈന്‍സ് വിമാനം സമാന കാര്‍ഗോ കയറ്റുമതിക്കായി കൊച്ചിയില്‍ എത്തുന്നുണ്ട്. ബൊല്ലോര്‍ ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കാര്‍ഗോ ഏജന്‍സി.
അതീവ നിയന്ത്രിതമായ പ്രവര്‍ത്തനമാണ് നിലവില്‍ കൊച്ചി വിമാനത്താവളത്തിലുള്ളത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന കാര്‍ഗോ സര്‍വീസുകള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സിയാല്‍ സൗകര്യമൊരുക്കുന്നുണ്ട്. നേരത്തെ ലുലു ഗ്രൂപ്പിനായി സ്പൈസ് ജെറ്റിന്റെ രണ്ട് കാര്‍ഗോ സര്‍വീസുകള്‍ അബുദാബിയിലേയ്ക്ക് പച്ചക്കറി കയറ്റുമതി നടത്തിയിരുന്നു. 34 ടണ്‍ പച്ചക്കറികളാണ് അബുദാബിയിലേയ്ക്ക് കയറ്റുമതി ചെയ്തത്.
സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ എയര്‍ ഏഷ്യ സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: