കൊച്ചി: ആരും വിശന്നിരിക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ സമൂഹ അടുക്കളകള്‍ സജീവമായി. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 79 സമൂഹ അടുക്കളകളാണ് തുറന്നിരിക്കുന്നത്. കുന്നുകര പഞ്ചായത്തിലാണ് കൂടുതല്‍, നാല് എണ്ണമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ചേന്ദമംഗലം, ചിറ്റേത്തുകര, കുട്ടമ്പുഴ, പാറക്കടവ്, വെങ്ങോല എന്നീ പഞ്ചായത്തുകളില്‍ രണ്ട് അടുക്കളകള്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ 14 എണ്ണമാണ് പ്രവര്‍ത്തനമാരംഭിച്ചത്. മുവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ രണ്ട് എണ്ണവും കൊച്ചി കോര്‍പ്പറേഷന്റെ കീഴില്‍ ഏഴ് അടുക്കളയും ജില്ലയിലുണ്ട്.
നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കുക. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കിയിട്ടുള്ളത്.
മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ അധികം നല്‍കണം.
















