ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,000 കടന്നു. ഏഴുലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് ഒന്നരലക്ഷത്തോളം പേര്. 25,426 പേരുടെ നില ഇപ്പോഴും ഗുരുതരം.
നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയില്‍ മരണം 2,300ലേക്ക് അടുത്തു. രണ്ട് ദിവസം കൊണ്ട് മരണനിരക്ക് ഇരട്ടിയായി. ഒന്നേകാല്‍ ലക്ഷം രോഗികളാണ് രാജ്യത്തുള്ളത്. 3,238 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 2,666 പേരുടെ നില അതീവ ഗുരുതരം. വൈറസ് വ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയര്‍ന്ന ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട് സംസ്ഥാനങ്ങളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ശനിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരം സ്തംഭിപ്പിക്കുന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. തുടര്‍ന്ന് ട്രംപ് തീരുമാനം തിരുത്തി. വിലക്കിനു പകരം യാത്രാ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ന്യൂയോര്ക്കിന്് രണ്ടര ലക്ഷം മാസ്ക്കുകള്‍ നല്കി സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രഖ്യാപിച്ചു.
രോഗബാധയില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ മരണം 10,000 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വൃദ്ധ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇറ്റലിയില്‍ മരണനിരക്ക് പത്ത് ശതമാനമാണ്. 12,384 പേര്‍ക്ക് ഇവിടെ രോഗം ഭേദമായെങ്കിലും 3,856 പേര് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സ്ഥിതി അതീവ ഗുരുതരമാകുന്നവര്‍ക്ക് മാത്രം പരിശോധന നടത്താനേ ഇറ്റലിയില്‍ സൗകര്യമുള്ളൂ എന്നതും മരണ നിരക്ക് ഉയരാന്‍ കാരണമാണ്.
മരണ നിരക്കില്‍ രണ്ടാമതുള്ള സ്പെയ്നില്‍ സ്ഥിതി വഷളായതോടെ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി. 78,797 രോഗബാധിതരുള്ള സ്പെയ്നില്‍ മരണം ആറായിരം കവിഞ്ഞു. 24 മണിക്കൂറില്‍ 900ത്തോളം പേര് മരിച്ചു. 14,709 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 4,165 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്പാനിഷ് രാജാവിന്റെ ബന്ധുവായ ബോര്‍ബണ്‍ പാര്‍മയിലെ രാജകുമാരി മരിയ തെരേസയും കൊറോണ ബാധിച്ച് മരിച്ചവരില്‍ പെടുന്നു. 86 വയസ്സായിരുന്നു.
ഫ്രാന്‍സില്‍ 319 പേര്‍ക്ക് കൂടി ജീവന് നഷ്ടപ്പെട്ടതോടെ ആകെ മരണം 2,314 ആയി. 5,700 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഗുതുരമായി തുടരുന്നതും ഫ്രാന്‍സിലാണ്, 4,273 പേര്‍ക്ക്. അതിനാല്‍, രാജ്യത്തെ അത്യാഹിത ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ജര്‍മനിയില്‍ രോഗബാധിതര്‍ 58,247 കടന്നെങ്കിലും വൈറസ് വ്യാപനം അമ്പതിനായിരം കടന്ന മറ്റു രാജ്യങ്ങളേക്കാള്‍ മരണ നിരക്ക് വളരെ കുറവാണ്. 455 പേരാണ് ഇതുവരെ മരിച്ചത്. 1,581 പേര് ഗുരുതരാവസ്ഥയിലാണ്. 8,481 പേര് രോഗ മുക്തരായി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനൊപ്പം ഹൗസ് ഓഫ് കോമണ്‍സിലുണ്ടായിരുന്ന ക്യാബിനറ്റ് അംഗം സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റര്‍ ജാക്കിനും കൊറാണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. 19,522 പേര്‍ക്ക് ഇതുവരെ ബ്രിട്ടനില്‍ കൊറോണ കണ്ടെത്തി. 1,228 പേര് മരിച്ചു. 135 പേര്‍ക്ക് ഭേദമായി. 163 പേര് ഗുരുതരാവസ്ഥയില്‍.
ദക്ഷിണ കൊറിയയില്‍ പുതിയ രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു. 9583 രോഗികളാണിവിടെയുള്ളത്. 152 പേര് മരിച്ചു.
ചൈനയില്‍ ഇന്നലെ കൊറോണ കണ്ടെത്തിയ 55 പേരില്‍ ഒരാളൊഴികെ എല്ലാവരും വിദേശത്ത് നിന്ന് രോഗവുമായി എത്തിയവരാണ്. വൈറസ് വ്യാപനം നിയന്ത്രിതമായതോടെ ചൈനയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.
ആഫ്രിക്കന്‍ മേഖലയില്‍ 2650 പേര്‍ക്ക് കൊറോണ ബാധിച്ചതായും 49 പേര് മരിച്ചതായും ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസ് ട്വീറ്റ് ചെയ്തു. ഖത്തറിലും ശ്രീലങ്കയിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: