ഭോപ്പാല്‍: പതിനാലു ദിവസം ജയില്ക്കിടന്ന് പുറത്തിറങ്ങിയ പാക് ചാരര്‍ കൊറോണ വൈറസില്ക്കുടങ്ങി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വീണ്ടും അജ്ഞാത കേന്ദ്രത്തില്‍ തടവിലായി. അബ്ബാസ് അലിഖാന് എന്ന പാക്കിസ്ഥാന്‍കാരനാണ് ഈ ഗതി.
ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് ശിക്ഷ കിട്ടി ഗ്വാളിയാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അലി ഖാന് പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല.
ജയിലില്‍ നിന്ന് ഇയാളെ മോചിപ്പിച്ച് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ശേഷിക്കുന്ന ദിവസങ്ങള്‍ ഇവിടെ തങ്ങണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എത്ര കാലം ഇവിടെ കഴിയണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊറോണ വ്യാപനത്തില്‍ ആഗോള സാഹചര്യമനുസരിച്ച് ഇയാളെ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. 2006 മാര്‍ച്ച് 31 നാണ് അലിഖാനെ ഗ്വാളിയാര്‍ ഡാലിയാവാല പ്രദേശത്ത് നിന്നും അറസ്റ്റ് ചെയ്യുന്നത്. മാധോ സിംഗ്
എന്ന വ്യാജപേരില്‍ ഇയാള്‍ ഇവിടെ കഴിയുകയായിരുന്നു. സ്വന്തമായി ഒരു ഡ്രൈവിംഗ് ലൈസന്‍സും സംഘടിപ്പിച്ചു. പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് അറസ്റ്റിലാകുന്നത്. ഇയാള്‍ക്ക് പ്രാദേശിക സഹായം നല്‍കിയതിന് മുഹമ്മദ് ഷഹീദ് , അമീന് അന്‍സാരി എന്നിവരും അറസ്റ്റിലായിരുന്നു.
കേസ് അന്വേഷിച്ച സംഘം അലി ഖാന്റെ പാക്കിസ്ഥാന് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തി. 2008 മെയ് 28നാണ് അലി ഖാനെ 14 വര്‍ഷത്തെ തടവിന് ഗ്വാളിയാര്‍ കോടതി ശിക്ഷ വിധിച്ചത്.അന്‍സാരി 10 വര്‍ഷവും ഷഹീദ് രണ്ടു വര്‍ഷവും തടവ് ശിക്ഷ അനുഭവിച്ചു. പഞ്ചാബ് പ്രവിശ്യയിലെ റഹീം -യാര് – ഖാന് ജില്ലയാണ് ഇയാളുടെ സ്വദേശം. 2005 ഏപ്രില്‍ 26ന് അനുവദിച്ച വിസ പ്രകാരമാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയ ശേഷം ഇയാള്‍ ഒരു റെസിഡന്റ് പെര്‍മിറ്റ് സംഘടിപ്പിച്ചിരുന്നു. വിസ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ പേരു മാറ്റി ഒളിവില്‍ പോയി. ഇയാളില്‍ നിന്നും ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങളുടെ സ്കെച്ച് മാപ്പ് ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: