പത്തനംതിട്ട: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാപെൻഷൻ പദ്ധതിയിൽ അർഹരായവർക്ക് രണ്ടു മാസത്തെ കുടിശിക തുക അനുവദിച്ചെങ്കിലും അത് ഉടൻ ഗുണഭോക്താക്കളിൽ എത്തിയേക്കില്ല എന്ന് ആശങ്ക ഉയരുന്നു.കഴിഞ്ഞ വർഷത്തെ തുക ഇനിയും കൊടുത്തുതീർക്കാനുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം 2019 ഒക്ടോബർ, നവംബർ മാസത്തെ കുടിശിക സർക്കാർ അനുവദിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയില്ല. അതുകൊണ്ട് പലർക്കും പെൻഷൻ വാങ്ങാനാവില്ല.
പ്രാഥമിക കാർഷികവായ്‌പാ സംഘങ്ങൾ മറ്റ് വായ്‌പാസംഘങ്ങൾ എന്നിവമുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ സാമൂഹ്യസുരക്ഷാപെൻഷൻ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ മിക്കവരും ആ പദ്ധതിയിൽ ഉൾപ്പെട്ടില്ല. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യസുരക്ഷാപെൻഷൻ നൽകുന്നതിനായി ആയിരത്തിഅറുപത്തിയൊൻപത് കോടി മൂവായിരത്തിയെണ്ണൂറ് രൂപയാണ് അനുവദിച്ചത്. ഇതിൽ അഞ്ഞൂറ്റി അൻപത്തിയേഴ് കോടി പതിനെട്ട് ലക്ഷത്തി ആയിരത്തി എണ്ണൂറു രൂപ പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നത് അഞ്ഞൂറ്റിപതിനൊന്ന് കോടി എൺപത്തിരണ്ട് ലക്ഷത്തിരണ്ടായിരം രൂപയുമാണ്.
ഓരോദിവസം കഴിയുംതോറും നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നസാഹചര്യത്തിൽ പെൻഷൻ വീടുകളിൽ നേരിട്ട് എത്തിക്കുന്നതും എത്രത്തോളം പ്രാവർത്തികമാകും എന്നകാര്യത്തിലും ആശങ്ക ഉണ്ട്. തൊഴിലിടങ്ങൾ അടക്കം സമസ്തമേഖലകളും നിശ്ചലമായിരിക്കേ സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ കുടിശിക പോലും ലഭിക്കാത്ത സ്ഥിതി ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോൾ അനുവദിച്ചതുകൂടാതെ നിലവിൽ മൂന്നുമാസത്തെ പെൻഷൻ ഇപ്പോഴും കുടിശികയാണ്. പെൻഷൻതുക വിതരണം ചെയ്യാനായില്ലെങ്കിൽ അവശേഷിക്കുന്നതുക ഏപ്രിൽ 15നകം കേരളാസോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരിൽ സംസ്ഥാനസഹകരണബാങ്കിന്റെ ഹെഡ്ഓഫീസ് ബ്രാഞ്ചിൽ തിരച്ചടയ്‌ക്കണമെന്നും ഉത്തരവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: