സമയമില്ല എന്ന പരാതി പറയാന്‍ പറ്റാത്ത വിധം ഈ കൊറോണ കാലം നമുക്കൊരു അവസരം തന്നിരിക്കുകയാണ്. മുഴുവന്‍ ജനങ്ങളോടും മൂന്ന് ആഴ്ച ഹോം ക്വാറന്റൈനില്‍ കഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഈ അവസരം കൊറോണ പ്രതിരോധത്തോടൊപ്പം മെച്ചപ്പെട്ട ആരോഗ്യ രക്ഷക്കായി എങ്ങനെപ്രയോജനപ്പെടുത്താം.
നമുക്കെന്ത് ചെയ്യാന്‍ കഴിയും?
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുക. കൈകള്‍ ആവര്‍ത്തിച്ച് കഴുകി വൃത്തിയാക്കുക. മറ്റുള്ളവരുമായി അകലം പാലിക്കുക. നിര്‍ദ്ദേശിക്കുന്ന കാലമത്രയും യാത്രകള്‍ ഒഴിവാക്കി വീടുകളില്‍ കഴിയുക.
ഇതിന് പുറമെ വ്യക്തി ശുചിത്വത്തിലൂടെ രോഗ പ്രതിരോധം ഉറപ്പാക്കാന്‍ തഴെ പറയുന്ന കാര്യങ്ങള്‍ അനുഷ്ഠിക്കാവുന്നതാണ്.
ശരീര ശുചിത്വത്തിനും ശരീര താപനിയന്ത്രണത്തിനുമായി രണ്ടു നേരം കുളിക്കുക.
ഒന്നര ലിറ്റര്‍ മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം ദിവസവും കുടിക്കുക.
വെറും വെള്ളത്തിന് പകരം ചില നേരങ്ങളില്‍ വെള്ളത്തില്‍ ചെറുനാരങ്ങാനീര്, ഇഞ്ചി, നെല്ലിക്ക, പുതീനയില, നാരകത്തില, തേന്‍ ഇവ രുചികരമായ അളവില്‍ ചേര്‍ത്ത് കുടിക്കുക.
രാവിലെയും രാത്രിയിലും ഉപ്പു ചേര്‍ത്ത ചെറുചൂടുവെള്ളം വായില്‍കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക.
ആല്‍ക്കലൈന്‍ ജ്യൂസ് തെറാപി
രോഗപ്രതിരോധ ശക്തിയുടെ ശരിയായ പ്രതികരണ പ്രവര്‍ത്തനത്തിന് രക്തത്തിന്റെ ആസിഡ് ആല്‍ക്കലി അനുപാതം അഥവാ പിഎച്ച്നില കൃത്യമായി നിലനിര്‍ത്തേണ്ടതുണ്ട്. ക്ഷാര ഗുണ പ്രധാനമായ ആഹാരവും പാനിയങ്ങളും ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം. കുമ്പളങ്ങ, വാഴപ്പിണ്ടി, കുക്കുമ്പര്‍, പടവലങ്ങ, വെള്ളരിക്ക, ചുരക്ക, തടിയന്‍കായ്, ഗോതമ്പില, തഴുതാമയില, ക്യാരറ്റ്, ഇവയിലൊന്ന് സമം വെള്ളം ചേര്‍ത്ത് ജൂസാക്കി രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് കുടിക്കുന്നത് ആവശ്യമായ ക്ഷാരത ഉറപ്പാക്കുന്നതിനുള്ള എളുപ്പമാര്‍ഗമാണ്.
സൂര്യസ്നാനം
രാവിലെ 10ന് മുമ്പും വൈകിട്ടു 4 കഴിഞ്ഞും വിയര്‍ക്കും വിധം പരമാവധി അര മണിക്കൂര്‍ വരെ കഴിയുന്നത്ര ശരീര ഭാഗങ്ങളില്‍ വെയില് കൊള്ളിക്കുന്നത് വിറ്റാമിന്‍ ‘ഡി’ യുടെ ഉത്പാദനത്തിനും അതുവഴി മെച്ചപ്പെട്ട കാത്സ്യം ഉപാപചയത്തിനും വഴിതെളിക്കും. ഇത് എല്ലിന്റെയും പല്ലിന്റെയും പേശികളുടെയും ആന്തരിക അവയവങ്ങളുടെയും ഗ്രന്ഥികളുടെയും രക്തത്തിന്റെയും ആരോഗ്യത്തിനും അതുവഴി ഉയര്‍ന്ന രോഗപ്രതിരോധ ശക്തിക്കും പ്രയോജനമാണെന്നത് അവിതര്‍ക്കിതമാണ്.
ശുദ്ധവായു
രക്തശുദ്ധി നിലനിര്‍ത്തുന്നതിനും ശരീരാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഓക്സിജനുള്ള പങ്ക് അനിഷേധ്യമാണ്. കൊറോണയുടെ സാഹചര്യത്തില്‍ ശ്വാസകോശങ്ങളുടെ ആരോഗ്യം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഭാരതീയ ശാസ്ത്രമായ യോഗയിലെ പ്രാണയാമത്തിനും യോഗാസനങ്ങള്‍ക്കും ഇക്കാര്യത്തില്‍ പ്രാധാന്യമുണ്ട്. പതിവായി ഇവ ശീലിക്കുന്നവരുടെ രോഗ പ്രതിരോധശേഷി മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തും.
വ്യായാമം
ആരോഗ്യരക്ഷയ്ക്ക് വ്യായാമത്തിന്റെ പ്രാധാന്യം എത്ര വലുതാണെന്നത് ഒരു പുതിയ ചിന്താവിഷയമല്ല. എന്നാല്‍ നമ്മുടെ സമൂഹം അത് നെഞ്ചേറ്റിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വ്യായാമ കുറവുകൊണ്ട് ജീവിത ശൈലീ രോഗങ്ങള്‍ മാത്രമല്ല പ്രതിരോധശേഷി കുറയുന്നതിനാ
ല്‍ അണു പ്രതിരോധവും പ്രതിസന്ധിയിലാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ലഘു നടത്തം, ജോഗിങ്, സ്വിമ്മിങ്, യോഗ, എയ്റോബിക്സ് തുടങ്ങി ഏത് വ്യായാമ മുറയും തെരഞ്ഞെടുക്കാം.
വിശ്രമം-മന:ശാന്തി
കഠിനാദ്ധ്വാനവും മനസ്സിന്റെ പിരിമുറുക്കവും ശാരീരിക പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. അന്തര്ശ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനവും മാലിന്യവിസര്ജനവും തകരാറിലാക്കും. മാലിന്യങ്ങളില്‍ രോഗാണു വളര്‍ച്ച അനായാസമാകും. അതുകൊണ്ട് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ് മന:സ്വാസ്ഥ്യത്തിനുള്ളത്. ദൈനംദിന ജീവിതത്തിലെ ശാരീരിക മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനാകുന്നതല്ല. വിശ്രമവും മന:സ്വാസ്ഥ്യ മാര്‍ഗങ്ങള്‍ അവലംബിക്കുകയുമാണ് ഏക പരിഹാരം.
ആഹാരം
നല്ല ആഹാരം ആരോഗ്യത്തിന് അത്യന്താപേക്ഷിതം എന്നതിന്റെ മറുവശമാണ് ചീത്ത ആഹാരം രോഗത്തിന്റെ പ്രധാന കാരണമെന്നത്. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, മുളപ്പിച്ചവ, തേങ്ങ, ഉണങ്ങിയ പഴങ്ങളും അണ്ടിവര്‍ഗങ്ങളും, തവിടു കളയാത്ത അരിയുടെ ചോറ് തുടങ്ങി പോഷണ പ്രധാനവും ധാരാളം നാരടങ്ങിയതുമായ വിഭവങ്ങള്‍ ആരോഗ്യാഹാര ഗണത്തില്‍ പെടുന്നു. ആഹാരത്തിലെ നാരിന്റെ സാന്നിദ്ധ്യം ആമാശയത്തിലെ ദഹനസഹായികളായ ബാക്ടീരിയകളുടെ വര്‍ദ്ധനവിനും പ്രവര്‍ത്തനത്തിനും ഉത്തേജനമേകുന്നു.
ഉപവാസം
ആധുനിക സമൂഹത്തിന് ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതും രാഷ്ട്രപിതാവായ ഗാന്ധിജിക്ക് മുഖ്യമായി സ്വീകരിക്കാന്‍ കഴിഞ്ഞതുമായ മാര്‍ഗമാണ് ഉപവാസം. നോബല്‍ സമ്മാന ജേതാവായ ജപ്പാന് ശാസ്ത്രജ്ഞന് യോഷിനോരി ഒഷൂമിയുടെ ഓട്ടോഫാജി എന്ന ജൈവ രഹസ്യത്തിന്റെ പൊ
രുള്‍ അംഗീകരിക്കുന്നതില്‍ നിന്നും ആധുനിക സമൂഹം ബോധപൂര്‍വം ഒഴിവാകുന്നു. ഉപവാസാവസരങ്ങളില് ശരീരം മൃതകോശങ്ങളെ സ്വയം ആഹരിക്കുന്നു എന്ന ഈ തത്വം തന്നെയാണ് ലംഘനം പരമൗഷധം എന്നതിന്റെയും പൊരുള്‍. ശരീര കോശങ്ങളെ മാലിന്യ മുക്തമാക്കി ശരീരം സ്വയം രോഗമുക്തമാകുന്നെന്നും മാലിന്യ മുക്തമാകുന്ന ശരീരത്തിന് രോഗാണു വളര്‍ച്ച തടയാനാകും എന്നതുമാണ് ഉപവാസം കൊണ്ടുള്ള നേട്ടം.
നല്ല ഉറക്കം
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണമെന്നാണ് ഭാരതീയ ചിട്ട. അതനുസരിച്ചാണ് നാം ഉറക്കക്കാര്യവും ചിട്ടപ്പെടുത്തിയിട്ടുള്ളത്. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലുവരെയുള്ളതാണ് ശരിയായ ഉറക്കം. ആരോഗ്യസംരക്ഷണത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
ഡോ. ബാബു ജോസഫ്
(9567377377)
പ്രതികരിക്കാൻ ഇവിടെ എഴുതുക: