മനുഷ്യനേയും വളര്‍ത്തുമൃഗങ്ങളേയും ബാധിച്ച് രോഗാദി ദുരിതങ്ങള്‍ വരുത്തി പലതരത്തില്‍ ഉപദ്രവിക്കുന്ന അദൃശ്യങ്ങളും അഭൗമങ്ങളുമായ പലതരം ക്ഷുദ്രജീവികള്‍ ഉണ്ടെന്ന വിശ്വാസം ഈ തലത്തിന്റേതാണ്. ഇവയെ ഭൂതപ്രേതപിശാചാദികള് എന്നു പൊതുവേ മന്ത്രവാദ- ജ്യോതിഷഗ്രന്ഥങ്ങളില്‍ പറഞ്ഞുകാണുന്നു. ഇവയ്ക്കു പലതിനും പേരുകളും ആകൃതികളും ഇവ ഓരോന്നും എപ്പോഴൊക്കെയാണ് നമ്മില്‍ കടന്നുകൂടുക, ഇവ ആവേശിച്ചാലുണ്ടാകുന്ന വ്യത്യസ്തലക്ഷണങ്ങളും പരിഹാരക്രിയകളും മറ്റും വിശദമായി അവയില്‍ വിവരിച്ചിരിക്കുന്നതും കാണാം. ഈ ബാധകളെ അയക്കലും (ആഭിചാരം)ഒഴിപ്പിക്കലുമാണ് മന്ത്രവാദികളുടെ പ്രധാനപണി. വശ്യം, വിദ്വേഷം, സ്തംഭനം, ഉച്ചാടനം, മാരണം, ശാന്തി എന്നീ ഷള്‍ക്കര്‍മ്മങ്ങള്‍ ചേര്‍ന്നതാണ് മന്ത്രവാദം. മന്ത്രവാദക്രിയകള്‍ അഥര്‍വവേദത്തില്‍ വിസ്തരിക്കുന്നുണ്ട്. ഈ ലേഖനപരമ്പരയില്ത്തന്നെ ആയുര്വേദദര്ശനത്തെ വിവരിക്കുന്ന ഭാഗത്ത് ഈ വിഷയത്തെ നാം വിസ്തരിച്ചു മനസ്സിലാക്കിയതാണ്. ഈ മന്ത്രവാദപാരമ്പര്യത്തിന്റെ വേരുകള്‍ ഹിന്ദുസാമൂഹ്യജീവിതത്തിന്റെ ആരണ്യകതലത്തില് നിന്നാണ് തുടങ്ങുന്നത്. വൈദികരും താന്ത്രികരും പിന്തുടരുന്ന പാരമ്പര്യങ്ങളും തനിനാടന്‍ പാരമ്പര്യങ്ങളും എല്ലാം ഇതിന്റെ പരിഷ്കൃതരൂപങ്ങളാണ്.
വൈദികയാഗങ്ങള്‍ പ്രാചീനകാലത്തെന്നപോലെ ഇന്നു നടക്കുന്നില്ല. ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടു മാത്രമാണ് വൈദികച്ചടങ്ങുകള്‍ മിക്കവാറും നിലനിന്നുപോരുന്നത്. അശ്വമേധം പോലുള്ള യാഗങ്ങളുടെ വിധി പഠിച്ചുനോക്കിയാല്‍ താന്ത്രികപഞ്ചമകാരങ്ങളെ മറ്റൊരു സൈദ്ധാന്തികചട്ടക്കൂട്ടില് ചേര്‍ത്തുവെച്ച് ഉപയോഗിച്ചതാണെന്ന് അനുമാനിക്കാന്‍ കഴിയും. നിരവധി അഭൗമങ്ങളായ ദേവതാകല്പ്പനകളും അര്ത്ഥസങ്കേത (ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം) ങ്ങളും വേദങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. വൈദികമന്ത്രങ്ങള്ക്കും അഗ്നിഹോത്രം മുതലായവൈദികക്രിയകള്ക്കും ലൗകികകാര്യങ്ങള്‍ സാധിപ്പിച്ചുതരാനുള്ള കഴിവുണ്ടെന്നു പറയപ്പെടുന്നു. സമ്പത്തുണ്ടാകാന്‍ ഏറ്റവും ഉപയുക്തമായതത്രേ ശ്രീസൂക്തം. ബ്രഹ്മവര്ച്ചസ്സു നല്‍കുന്നതാണത്രേ ഗായത്രീമന്ത്രം.
ഐകമത്യസൂക്തം കലഹങ്ങള്‍ നീക്കുമെന്നു കരുതുന്നു. ഈ അവകാശവാദങ്ങളെല്ലാം ഇന്നു കേവലം വിശ്വാസത്തിന്റെ തലത്തില്‍ ഒതുങ്ങി നിലകൊള്ളുന്നു. കാവ്യരസം തുളുമ്പുന്ന ശ്രീസൂക്തം പോലുള്ള വൈദികഋക്കുകള് സ്വരസഹിതം ചൊല്ലിയാല്‍ അതിന്റെ പ്രത്യേകമായ ഈണം ഒരു തരം ആത്മഹര്‍ഷം ഉണര്‍ത്തും. ആത്മഹര്ഷത്തിലൂടെ കാര്യസിദ്ധി എന്നതാകാം, ഒരു പക്ഷേ, വൈദികഋക്കുകളുടെ ഉല്‍ഭവത്തിനും ഉപയോഗത്തിനും തുടക്കകാരണം. മറ്റു ചിട്ടവട്ടങ്ങളെല്ലാം ഈ ഒരു അനുഭൂതിയുടെ അടിത്തറയില്‍ കാലക്രമേണ കെട്ടിപ്പൊക്കിയതാകാം (HinduMysticism by Surendra Nath Dasguptha).
കൂട്ടംകൂടി നടത്തുന്ന ഭജനകളിലും ഇത്തരം ഒരു ആത്മഹര്‍ഷവും തൃപ്തിയും അനുഭവപ്പെടാറുണ്ടല്ലോ. വ്യക്തിപരമായും കുടുംബപരദേവതാപരമായും ഗ്രാമക്ഷേത്രപരമായും മന്ത്രവാദപരമായും നടത്തിവരുന്ന വിവിധദേവീദേവമൂര്‍ത്തികളുടെ പൂജാവിധികള്‍ പരിശോധിച്ചാല്‍ പൂജയുടെ മൂലഘടകം അതിഥിസത്കാരം ആണെന്നു കാണാം. നമ്മുടെ ഇംഗിതം സാധിപ്പിച്ചുതരുവാന്‍ കെല്‍പ്പുള്ള ഒരു പ്രഭുവിനെ വീട്ടില്‍ ആദരപൂര്‍വം ക്ഷണിച്ചുവരുത്തി അദ്ദേഹത്തിനേറ്റവും ഇഷ്ടപ്പെട്ടതും നമ്മെ സംബന്ധിച്ച് ഏറ്റവും മൂല്യവത്തുമായ വിഭവങ്ങളേകി സന്തോഷിപ്പിച്ച് കാര്യം നേടിയെടുക്കുന്നതാണ് ആ പ്രക്രിയ. പരിപൂര്ണ്ണഭക്തിയുടെ അടിസ്ഥാനത്തില്‍ നിഷ്കാമം ചെയ്യുന്ന പൂജയിലും പ്രധാനതത്വം ഇതു തന്നെ. യോഗശാസ്ത്രം, വാസ്തുശാസ്ത്രം, വേദം, വാദ്യാദിസംഗീതശാസ്ത്രം തുടങ്ങിയവയുടെ അംശങ്ങള്‍ യുക്തിപരമായി ഈ മൂലപ്രക്രിയയോടു യഥായോഗ്യം ക്രമേണ ചേര്‍ത്തതാണ്. ശ്രദ്ധാഭക്തിസമേതം പത്രം, ഫലം, തോയം എന്നിവ നല്കിയാലും ദേവതാപ്രസാദമുണ്ടാകുമെന്നാണല്ലോ പ്രമാണം.
ഒരു പദ്ധതി (system) യെക്കുറിച്ചു പഠിക്കുമ്പോള്‍ അതിനു പുറകിലുള്ള മൂലആശയവും അതിന്റെ മൂലരൂപവും അന്നത്തെ സാഹചര്യവും എന്തായിരുന്നു, അതിന് ഇന്നു കാണുന്ന രൂപം കൈവന്നത് എങ്ങിനെയാണ് എന്നെല്ലാംചിന്തിക്കേണ്ടതാണ്. ഇത്തരത്തിലൊന്നും ചിന്തിക്കാതെയാണ് വേദാന്തത്തിലെ പഞ്ചകോശസിദ്ധാന്തത്തിന്റെയും വാസ്തുവെല്ലാം ഊശ്വരരൂപമാണ് എന്ന വാസ്തുസിദ്ധാന്തത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഇന്നു പലരുംകപോലകല്പിതമായി ക്ഷേത്രപദ്ധതിയെ വിശദീകരിക്കുന്നത്. വിശ്വാസം, ഭക്തരുടെ ബുദ്ധിക്കു സരയെന്നു തോന്നുന്ന തരത്തിലുള്ളതും വ്ശ്വാസത്തിനുയോജ്യമായ തരത്തിലുള്ളതും ആയ യുക്തിപരമായ ഒരു ചട്ടക്കൂട് എന്നിവയുടെപശ്ചാത്തലത്തില് വാദ്യഘോഷങ്ങളും സുഗന്ധദ്രവ്യങ്ങളും മണിനാദവും മറ്റും ചേര്‍ന്നൊരുക്കുന്ന അന്തരീക്ഷമാണ് ഭക്തതതിക്കു ആത്മസംതൃപ്തി ഏകുന്നത് എന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: