ന്യൂദല്‍ഹി : കോവിഡ് മഹാമാരിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജ്‌രിവാള്‍ തരംതാണ രാഷ്‌ട്രീയം കളിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിക്കുമ്പോള്‍ സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം വെച്ച് പന്താടാനുള്ള ശ്രമമാണ്. ഈ തൊഴിലാളികള്‍ക്കായി നല്‍കി വന്നിരുന്ന ഭക്ഷണവും, വെള്ളവും, ജലവിതരണവും നിര്‍ത്തിവെച്ചതായും ആരോപണമുണ്ട്.
കൂടാതെ ദല്‍ഹിയിലുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി അതിര്‍ത്തിയില്‍ വണ്ടികള്‍ കാത്തുകിടക്കുന്നതായി തെറ്റിദ്ധരിപ്പിച്ച് ഡിറ്റിസി ബസുകള്‍ റോഡരികില്‍ ഇറക്കിവിടുകയും ചെയ്തു. ഇത്തരത്തില്‍ എഎപി സര്‍ക്കാരിന്റെ കള്ളപ്രചരണത്തിൽ വിശ്വസിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ദല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയത്. കൊറോണ വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് തലസ്ഥാന നഗരിയില്‍ തന്നെ ഇത്രയും ആളുകള്‍ ഒത്തുകൂടിയത്.
ഇതിനെ തുടര്‍ന്ന് രാത്രി വൈകിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തലില്‍ ഇവരെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു. ദല്‍ഹി അതിര്‍ത്തിയില്‍ നിന്നും തൊഴിലാളികളെ വീടുകളിലേക്ക് എത്തിക്കുന്നതിനായി 1000 ബസുകള്‍ യുപി സര്‍ക്കാര്‍ സജ്ജമാക്കുകയും, രാത്രി തന്നെ തൊഴിലാളികളുമായി ഇവ യാത്ര തുടങ്ങുകയും ചെയ്തിരുന്നു.
കാണ്‍പൂര്‍, ബല്ലിയ, വാരണാസി, ഗോരഖ്പൂര്‍, ആസംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്റൈച്ച്, ശ്രാവസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇത്തരത്തില്‍ കുടുങ്ങികിടന്നവരില്‍ ഭൂരിഭാഗവും.
ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി, ലഖ്‌നൗ പോലീസ് കമ്മിഷണര്‍ സുജിത് കുമാര്‍ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ വീടുകളില്‍ എത്തിക്കുന്നത്.
അതേസമയം കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ രാജ്യ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ദല്‍ഹിയിലുള്ള എല്ലാവരേയും ഒരുപോലെയാണ് താന്‍ കാണുന്നതെന്ന് കേജ്‌രിവാള്‍ അറിയിച്ചു. അതിനിടെ സംസ്ഥാനത്തു നിന്നും നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച അന്യ സംസ്ഥാന തൊഴിലാളിയെ ട്രെയിന്‍ വഴി പോകാന്‍ അനുവദിക്കാമെന്നറിയിച്ച് റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ പണം തട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മഗധ് എക്‌സ്പ്രസ്സിന്റെ ഒഴിഞ്ഞ കംപാര്‍ട്ടുമെന്റുകളില്‍ കയറ്റി സ്വന്തം നാടുകളിലേക്ക് അയയ്‌ക്കാമെന്നാണ് ഇയാള്‍ അറിയിച്ചത്. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: