മക്കളേ,
ഉപഭോഗവസ്തുക്കളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് പലപ്പോഴും നമ്മള് നമുക്കു ചുറ്റുമുള്ള വ്യക്തികളോട് ഇടപെടാറുള്ളത്. വീട്ടുപകരണങ്ങള്‍ക്കു കേടു വന്നാല്‍ ആദ്യം നമ്മള് അവ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും. വീണ്ടും വീണ്ടും തകരാറിലായാല്‍ അവ ഒഴിവാക്കി പുതിയതു വാങ്ങും. അതുപോലെ നമ്മളുമായി പൊരുത്തപ്പെടാത്ത വ്യക്തികളെയും ആദ്യം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റുവാന്‍ ശ്രമിക്കും. അതില്‍ പരാജയപ്പെട്ടാല്‍ അവരുമായുള്ള ബന്ധം വേര്‍പെടുത്തും. എന്നിട്ട് നമുക്കു ഇഷ്ടപ്പെട്ട പുതിയ ആള്‍ക്കാരുമായി ബന്ധം സ്ഥാപിക്കും. നമ്മുടെ ഭാഗത്തു തെറ്റുണ്ടെന്നോ, നമ്മുടെ സമീപനത്തിലോ വീക്ഷണത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമാണെന്നോ എന്നൊന്നും ചിന്തിക്കാന്‍ നമ്മള് മെനക്കെടാറില്ല.
ജീവിതത്തില്‍ എന്തു പ്രശ്നം നേരിടുമ്പോഴും, അതിനുള്ള കാരണം ബാഹ്യലോകത്തുള്ള ഏതെങ്കിലും വസ്തുവിലോ വ്യക്തിയിലോ ആരോപിക്കുന്നതിനു പകരം ആദ്യം തന്റെ ഉള്ളിലേക്കു തിരിഞ്ഞു നോക്കുകയാണ് വേണ്ടത്. പുറംലോകത്തില്‍ മാറ്റത്തിനായി കൊതിക്കുന്ന നമ്മുടെ ഉള്ളിലാണ് ആദ്യം മാറ്റം വരേണ്ടത്. അങ്ങനെ ആന്തരികമായ ഒരു മാറ്റത്തിനു നമ്മള് സ്വയം തയ്യാറാകണം. അല്ലെങ്കില്‍ ഒരിക്കലും നമുക്കു ശാന്തി കിട്ടില്ല.
ഒരാള്‍ ഒരു യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് അവള് ഭയങ്കര വഴക്കാളിയാണെന്ന് അയാള്‍ക്കു മനസ്സിലായത്. ഭര്‍ത്താവ് എന്തു ചെയ്താലും അതിലൊക്കെ അവള് കുറ്റം കണ്ടുപിടിക്കും. അയാള്‍ ചെരുപ്പ് ശരിക്കു വെച്ചില്ല, സാധനങ്ങള്‍ അടുക്കി വെച്ചില്ല എന്നിങ്ങനെ ഓരോന്നു പറഞ്ഞ് അവള് ദിവസവും ഭര്‍ത്താവുമായി വഴക്കിടും. അതേ സമയം അവള് ഭര്‍ത്താവിന്റെ ആരോഗ്യകാര്യങ്ങളിലും അയാള്‍ക്കു വേണ്ടുന്ന വസ്തുക്കള്‍ എടുത്തുവെയ്ക്കുന്നതിലുമെല്ലാം ശ്രദ്ധിച്ചിരുന്നു. പക്ഷെ നിത്യവുമുള്ള വഴക്കുകള്‍ക്ക് ഒരു കുറവുമില്ല. ഒടുവില്‍ അയാള്‍ വഴക്കാളി ഭാര്യയെ വേണ്ട, സമാധാനപ്രിയയായ ഒരു ഭാര്യയെയാണ് വേണ്ടതെന്നു തീരുമാനിച്ചു. അങ്ങനെ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. മറ്റൊരു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭാര്യ മധുരമായി പെരുമാറും, വഴക്കടിക്കില്ല. പക്ഷെ, അവള് വളരെ ആഡംബരപ്രിയയായിരുന്നു. അയാള്‍ക്കു കിട്ടുന്ന ശമ്പളം മുഴുവന്‍ ചെലവാക്കി അവര്‍ ആഡംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടി. പിന്നീട്, വരവില്‍ കൂടുതല്‍ ചെലവാക്കാന്‍ തുടങ്ങി. അവളുടെ ഈ ശീലം മാറ്റിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇഷ്ടപ്പെട്ട ഭാര്യയായതുകൊണ്ട് അവള് എന്താവശ്യപ്പെട്ടാലും അയാള്‍ കടം വാങ്ങിയാണെങ്കിലും അതു സാധിച്ചുകൊടുത്തു. പരമാവധി കടമെടുത്തു. അതും മതിയാകാഞ്ഞ് അവസാനം കൈക്കൂലി വാങ്ങാന്‍ തുടങ്ങി. ഒടുവില്‍ ഒരു ദിവസം കൈക്കൂലി വാങ്ങിയതിന് അയാളെ പോലീസ് അറസ്റ്റു ചെയ്തു. ജയില്‍ശിക്ഷ ലഭിച്ചു. അപ്പോള്‍ അയാള്‍ ചിന്തിച്ചു, ‘ആദ്യഭാര്യയായിരുന്നു ഇതിലും ഭേദം. അല്പം അഡ്ജസ്റ്റു ചെയ്തു നീങ്ങിയാല്‍ മതിയായിരുന്നു.’ സ്വയം തിരുത്താനും മാറാനും തയ്യാറാകാതെ പുറംലോക്കത്തു മാറ്റങ്ങള്‍ക്കുവേണ്ടി കൊതിച്ചാല്‍ ഇതായിരിക്കും അനുഭവം.
നമുക്കു ചുറ്റുമുള്ള വ്യക്തികള്‍ നമുക്കു കൈകാര്യം ചെയ്യാനുള്ള വെറും ഉപകരണങ്ങളല്ല എന്ന് നമ്മള് മനസ്സിലാക്കണം. നമ്മളെപ്പോലെ വികാരങ്ങളും വിചാരങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയുള്ള മനുഷ്യരാണവര്‍. ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു സമൂഹാന്തരീക്ഷം സൃഷ്ടിക്കുവാന്‍ നമ്മള് ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ അവരായിത്തന്നെ ഉള്‍ക്കൊള്ളാന്‍ നമ്മള് തയ്യാറാകണം. വിട്ടുവീഴ്ചയും വിശാലതയുമുള്ള ഒരു സമീപനം നമ്മള് വളര്‍ത്തിയെടുക്കണം. അപ്പോഴേ അതിനെ സ്നേഹമെന്നു വിളിക്കാനാവൂ.
എല്ലാവരിലും കുറവുകള്‍ ഉണ്ടാകും. മറ്റുള്ളവരെ തിരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വയം തിരുത്താനും മാറാനും വളരാനുംകൂടി നമ്മള് തയ്യാറാകണം. സ്വയം മാറുന്നതിലും വളരുന്നതിലുമായിരിക്കണം നമ്മുടെ ഊന്നല്‍. അങ്ങനെയായാല്‍ എവിടെച്ചെന്നാലും അകത്തും പുറത്തും ശാന്തിയും സംതൃപ്തിയും അനുഭവിക്കാന്‍ നമുക്കു കഴിയും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: