Categories: Varadyam

അപൂര്‍വ്വ സംഗമം

ജ്ഞാനപീഠം ലഭിച്ച മഹാകവി അക്കിത്തവും എം.ടി. വാസുദേവന്‍ നായരും മാതൃവിദ്യാലയമായ കുമരനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒത്തുചേര്‍ന്നപ്പോള്‍

ഒരു കണ്ണീര്‍ക്കണം മറ്റു-

ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവി-

ലായിരം സൗരമണ്ഡലം’

‘ഒരു പുഞ്ചിരി ഞാന്‍ മറ്റു

ള്ളവര്‍ക്കായ്‌ച്ചെലവാക്കവേ

ഹൃദയത്തിലുലാവുന്നു

നിത്യ നിര്‍മല പൗര്‍ണമി’

ഒരു ദേശത്തിന്റെ പെരുമ വാനോളം ഉയര്‍ത്തിയവര്‍, കാലവും കര്‍മവും കാത്തുവച്ച അപൂര്‍വ്വ നിമിഷം, കഥയും കവിതയും ഒരുമിച്ചപ്പോള്‍ ഒരു നാട് തന്നെ അതിനു സാക്ഷിയായി.

ഒരു സ്‌കൂളിലെ രണ്ട് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് ജ്ഞാനപീഠം. മലയാള സാഹിത്യലോകത്തെ മഹാത്ഭുതം. അവര്‍ രണ്ടുപേരും ഒരുമിച്ച് ഒരു വേദിയില്‍. ഇത് കുമരനല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മാത്രമല്ല, ഓരോ മലയാളിക്കും അഭിമാന നിമിഷം. ജ്ഞാനപീഠം ലഭിച്ച മഹാകവി അക്കിത്തവും എം.ടി. വാസുദേവന്‍ നായരും മാതൃവിദ്യാലയത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ അതൊരു അത്യപൂര്‍വ്വകാഴ്ചയായി.

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആറാമതും ജ്ഞാനപീഠമെത്തിയപ്പോള്‍ ഒരു ദേശത്തിനത് രണ്ടാമത്തേതായിരുന്നു. നാടും നാട്ടുകാരും, പഠിച്ച സ്‌കൂളും, അവിടെയുള്ള വിദ്യാര്‍ഥികളും ഏറെ സന്തോഷിച്ചു. ഇതോടെ കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പെരുമ ഉന്നതങ്ങളിലെത്തുകയായിരുന്നു.

രണ്ട് നക്ഷത്രങ്ങള്‍

തങ്ങളുടെ പ്രിയപ്പെട്ട മഹാകവിക്ക് ജ്ഞാനപീഠം ലഭിച്ചതോടെ പ്രത്യേക സ്വീകരണം നല്‍കണമെന്ന തീരുമാനത്തിലായിരുന്നു നാട്ടുകാര്‍. അത് ഉദ്ഘാടനം ചെയ്യാന്‍  ഉചിതമായ വ്യക്തിത്വം അതേ സ്‌കൂളില്‍ പഠിച്ചതും, ജ്ഞാനപീഠ ജേതാവും, കവിയെ സഹോദര തുല്യം കാണുന്നയാളുമായ എം.ടി. വാസുദേവന്‍ നായര്‍ തന്നെയായിരുന്നു. പിന്നീടങ്ങോട്ട് ഉത്സാവാഘോഷമായിരുന്നു. കുരുത്തോലകളും തോരണങ്ങളുംകൊണ്ട് സ്‌കൂള്‍ അങ്കണം ഉത്സവാന്തരീക്ഷത്തിലായി.

പാലക്കാട് ജില്ലയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള കപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘അക്കിത്തം അച്യുതം’ എന്ന പേരില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന്മാതൃവിദ്യാലയത്തില്‍ നടന്ന ആദര പരിപാടിയിലാണ് രണ്ട് മഹദ് വ്യക്തിത്വങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ചെത്തിത്. 1995-ല്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ജ്ഞാനപീഠം ലഭിച്ചപ്പോള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ആദര പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് ഇതിനു മുന്‍പ് പങ്കെടുത്തത്.  

പഠിച്ച് കളിച്ചു വളര്‍ന്ന സ്‌കൂള്‍ മുറ്റത്ത് കാറിലെത്തിയ അക്കിത്തത്തെ കാല്‍ നൂറ്റാണ്ടിലധികമായി സ്‌കൂള്‍ കലോത്സവത്തില്‍ പഞ്ചവാദ്യത്തിന്റെ അധീശത്വം തുടരുന്ന പെരിങ്ങോട് സ്‌കൂളിലെ വാദ്യസംഘമാണ് സ്വീകരിച്ചത്. വീല്‍ചെയറില്‍  വന്ന കവിയെ വേദിയിലും സദസ്സിലുള്ളവരും എഴുന്നേറ്റു നിന്ന് ആദരവറിയിച്ചു.

വേദിയിലെ പ്രധാന കസേരകള്‍ക്കിടയില്‍ അക്കിത്തം ഇരുന്ന ഉടനെയാണ് വാസുവെന്ന് വിളിക്കാറുള്ള എം.ടി. വാസുദേവന്‍ നായരെത്തിയത്. ‘എന്തുണ്ട് വാസുവെ’ എന്ന പുഞ്ചിരിച്ചുകൊണ്ടുള്ള വാക്കിനു മുന്നില്‍ മഹാകവിയുടെ കാല്‍തൊട്ട് വന്ദിച്ചാണ് എംടി തൊട്ടരികിലെ കസേരയിലിരുന്നത്. പിന്നീട് ഇരുവരുടെയും കണ്ണുകളായിരുന്നു സംസാരിച്ചത്.  പഴയ സ്‌കൂള്‍ കുട്ടികളായി മാറിയ ഇരുവരും പഴയ ഓര്‍മകളിലേക്ക് പോവുകയായിരുന്നു. അക്കിത്തത്തിന്റെ ‘ആണ്ടമുളപൊട്ടല്‍’ എന്ന കവിത കവി പി.രാമന്‍ ചൊല്ലിയപ്പോള്‍ വിരലുകൊണ്ട് താളം പിടിക്കുന്നുണ്ടായിരുന്നു എംടി.

‘വാസൂ, ഇത് വായിക്കൂ’

ജ്ഞാനപീഠം ലഭിച്ച മഹാകവി അക്കിത്തത്തെ ആദരിക്കുവാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്ന് പറഞ്ഞുകൊണ്ടായിരുന്നു എംടി ആദരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു തുടങ്ങിയത്. ”നമ്മളോട് സംസാരിക്കുമ്പോഴും ഹൃദയത്തില്‍ കവിതയെഴുതുന്ന അക്കിത്തത്തിന്റെ സ്‌നേഹം അനുഭവിക്കുവാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. സ്‌കൂളില്‍ അക്കിത്തം അഭിനയിച്ച നാടകം കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. അക്കിത്തം തനിക്ക് ജ്യേഷ്ഠനുംഗുരുനാഥനുമാണ്. പ്രിയങ്കരനായ അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങില്‍ എത്തുകയെന്നത് കര്‍ത്തവ്യം മാത്രമല്ല, നിര്‍ബന്ധവും

കൂടിയാണ്. ഇത് ജീവിതത്തിലെ മനോഹര നിമിഷമാണ്. കോഴിക്കോട് അദ്ദേഹത്തോടൊപ്പം താമസിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. അന്നദ്ദേഹം എഴുതിയ കവിതകള്‍ ‘വാസൂ, ഇത് വായിക്കൂ’ എന്നു പറഞ്ഞ്, തരും. ആ കവിതകള്‍ വായിക്കുന്നതോടൊപ്പം അവ മനസ്സില്‍ സൂക്ഷിച്ചുവയ്‌ക്കാറുമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോഴും പുസ്തകങ്ങള്‍ വായിക്കുവാന്‍ നല്‍കാറുണ്ട്.”

പഠിക്കുന്ന കാലത്ത് ഒഴിവ് ദിവസങ്ങളില്‍ കൂടല്ലൂരില്‍ നിന്ന് പറക്കുളം കുന്നിലൂടെ ആറ് നാഴിക താണ്ടിയാണ് അക്കിത്തത്തിന്റെ വീട്ടില്‍ എത്താറ്. അവിടെ നിന്ന് പുസ്തകങ്ങള്‍ വാങ്ങി തിരിച്ചുപോകും. വായന കഴിഞ്ഞാല്‍ ഈ പുസ്തകങ്ങള്‍  തിരിച്ചേല്‍പ്പിച്ച് അടുത്തവ വാങ്ങുമെന്നും എംടി പറഞ്ഞു.

”അക്കിത്തത്തിന്റെ പ്രസിദ്ധീകരിക്കാത്ത പല കവിതകളുമുണ്ട്. ഞാനാണ് ഇക്കാര്യം അക്കിത്തത്തെ ഓര്‍മിപ്പിച്ച് പിന്നീട് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയത്. എനിക്ക് എഴുത്തിന്റെയും പുസ്തകങ്ങളുടെയും പ്രപഞ്ചത്തിലേക്കുള്ള വാതായനം തുറന്നു തന്നത് അക്കിത്തവും ഈ നാടുമാണ്. അദ്ദേഹത്തിന്റെ സര്‍ഗപ്രതിഭയ്‌ക്ക് വലിയൊരു ബഹുമതി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നവരില്‍ ശിഷ്യനുംസഹോദരനുമായ ഈ വാസുവുമുണ്ട്.” തന്നെ പഠിപ്പിച്ച അധ്യാപകരുടെയും സഹപാഠികളുടെയും പേരെടുത്ത് പറഞ്ഞാണ് എംടി സ്‌കൂള്‍ കാലഘട്ടത്തെ ഓര്‍മ്മകള്‍ പങ്കുവച്ചത്. തുടര്‍ന്ന് ഗുരുവന്ദ്യനായ  അക്കിത്തത്തെ എംടി പൊന്നാടയണിയിക്കുകയും, ഉപഹാരം നല്‍കുകയും ചെയ്തു. വാസുവിനെ അക്കിത്തവും തിരിച്ചും പൊന്നാടയണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി. അക്കിത്തത്തിന്റെ കാല്‍തൊട്ടുവണങ്ങിയാണ് എംടി വേദി വിട്ടതും.

വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച അക്കിത്തം കവിതകളുടെ കാവ്യാലാപനത്തോടെയാണ് വേദിയുണര്‍ന്നത്. തുടര്‍ന്ന് ‘അക്കിത്തം കവിതകളിലെ മാനവികദര്‍ശനം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജനപങ്കാളിത്തം ഏറെയായിരുന്നു. പ്രൊഫ.എം.എം. നാരായണനാണ് ഉദ്ഘാടനം ചെയ്തത്. നവോത്ഥാനത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിച്ചുകൊണ്ടാണ് അക്കിത്തം കവിതകള്‍ കടന്നുവന്നതെന്നും, ചവിട്ടിത്താഴ്‌ത്തപ്പെട്ടവരുടെ ഉയര്‍പ്പിനെ രേഖപ്പെടുത്തിയ കവിതാ പ്രസ്ഥാനമാണ് അദ്ദേഹത്തിന്റേതെന്നും നാരായണന്‍ ഓര്‍മിപ്പിച്ചു.

മായാത്ത പേരുകള്‍

ജ്ഞാനപീഠം നേടിയ രണ്ടു പേര്‍ പഠിച്ച രാജ്യത്തെ ഏക സ്‌കൂള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ രജിസ്റ്ററില്‍ രണ്ടു പേരുകള്‍ ഇപ്പോഴും മങ്ങാതെയുണ്ട്. അച്യുതന്‍ നമ്പൂതിരി എ, വാസുദേവന്‍ എം.ടി. ഹാജര്‍ പുസ്തകത്തിലെ ആ പേര് കണ്ടപ്പോള്‍  പഴയ കാലം ഓര്‍മയില്‍ വന്ന എംടി ഒന്ന് പുഞ്ചിരിച്ചു. അതെ, തന്റെ പേരും ഹാജര്‍നിലയും രേഖപ്പെടുത്തിയിരിക്കുന്നു.1944-1945 കാലത്തെ മൂന്നാം ഫോറം ക്ലാസിലാണ് വാസുദേവന്‍ എം.ടി എന്ന പേരുള്ളത്. ആ വര്‍ഷത്തെ 189 അധ്യയന ദിനങ്ങളില്‍ 162ലും ഹാജരായിട്ടുണ്ട്.  

1943-44 വര്‍ഷത്തെ അഞ്ചാം ഫോറം ക്ലാസില്‍ നാലാം നമ്പരിലാണ് ഇന്നത്തെ അക്കിത്തമെന്ന അച്യുതന്‍ നമ്പൂതിരിയുടെ പേരുള്ളത്. 2536 എന്ന അഡ്മിഷന്‍ നമ്പരിലെ വിദ്യാര്‍ഥിയായ അക്കിത്തം ആ വര്‍ഷത്തെ 182 അധ്യയന ദിവസങ്ങളില്‍ 155 ക്ലാസുകളില്‍ ഹാജരായിട്ടുണ്ട്.  മാതൃവിദ്യാലയത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആകെയൊരു മാറ്റം. ക്ലാസും അങ്കണവും സ്‌കൂളും ആകെ മാറിയിരിക്കുന്നു. എന്നാല്‍ സ്‌കൂള്‍ ഓര്‍മകള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് പറഞ്ഞാണ് ഇരുവരും പടിയിറങ്ങിയത്.

നിറങ്ങളുടെ കാവ്യവര

മഹാകവിയുടെ കാവ്യലോകം നിറങ്ങളുടെ കാന്‍വാസിലെത്തിയപ്പോള്‍ അത് അദ്ദേഹത്തിനുള്ള സമര്‍പ്പണമായി. കാവ്യവരയെന്ന പേരില്‍ അക്കിത്തത്തിന്റെ കവിതകളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമായത്. മഹാകവിയുടെ ചക്രം, മേല്‍ശാന്തി, മുത്തശ്ശി, റാന്തല്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, നിത്യ മേഘം എന്നീ കവിതകളാണ് കാന്‍വാസിലുടെ ആസ്വാദകരെ അതിശയിപ്പിച്ചത്. അക്കിത്തത്തിന്റെ സഹോദരനും

പ്രശസ്ത ചിത്രകാരനുമായ അക്കിത്തം നാരായണനാണ് ചക്രം എന്ന കവിതയെ ആസ്പദമാക്കിക്കൊണ്ടുള്ള ചിത്രം വരച്ച് കാവ്യവര ഉദ്ഘാടനം ചെയ്തത്. ചിത്രരചനയുമായി ബന്ധപ്പെട്ട ലേഖനങ്ങളും പുസ്തകങ്ങളും വായിക്കുവാന്‍ ഏട്ടന്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജ്യോമട്രിക്, അബ്‌സ്ട്രാക്ട് രീതിയില്‍  വരക്കുന്നതിനാല്‍ ഏട്ടന്റെ പല കവിതകളും കാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല. വൈകിയാണെങ്കിലും ലഭിച്ച ബഹുമതിയില്‍ ഏറെ സന്തോഷമുണ്ടെന്നും നാരായണന്‍  പറഞ്ഞു. അരവിന്ദന്‍ വട്ടക്കുളം, വിനീതന്‍ പടിഞ്ഞാറങ്ങാടി, പി.എസ്. ഗോപി,എം.വി.മനോജ്, ഗോപു പട്ടിത്തറ, അനുപമ, എം.പി.ശിവദാസന്‍, വിഷ്ണുരാജ്, സി.ആര്‍. വര്‍ഷ എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്. ഇവരില്‍ പലരും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ്.  

അവരുടെ അക്കിത്തം

ജ്ഞാനപീഠം ലഭിച്ച എംടിയെയും അക്കിത്തത്തെയുംകുറിച്ച്  പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞ വാക്കുകള്‍ ഇരുവരുടെയും ജീവിതത്തിന്റെ നേരുകളെ തൊട്ടുകാട്ടുന്നതായിരുന്നു.

റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍: 130 കോടി ജനങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഒരു കൊച്ചുഗ്രാമത്തില്‍ നിന്നുള്ള രണ്ടുപേര്‍ക്കാണ് ജ്ഞാനപീഠം ലഭിച്ചിരിക്കുന്നത്. രാജ്യത്തെവിടെയും ഇത്തരമൊരു സ്‌കൂള്‍ ഇല്ല.

ഇന്നത്തെ പല കുട്ടികളെയും രക്ഷിതാക്കള്‍ ഗ്രൂം ചെയ്തുകൊണ്ടുവരികയാണ്. കുട്ടികള്‍ എങ്ങനെ പഠിക്കുന്നു, അവരുടെ സാഹിത്യാഭിരുചി എന്താണ് എന്നതൊക്കെ സംബന്ധിച്ച് അക്കാലത്തെ രക്ഷിതാക്കള്‍ ശ്രദ്ധിക്കില്ലായിരുന്നു. എന്നാല്‍ ഈ രണ്ടുപേരും സ്വയം വളര്‍ന്നുവന്ന പ്രതിഭകളാണ്. ഇവര്‍ പഠിച്ച സ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഔദ്യോഗിക സ്ഥാനമാനങ്ങളോ പദവികളോ ഒന്നുമല്ല,  യഥാര്‍ത്ഥത്തിലുള്ള പ്രതിഭ എന്നു പറയുന്നത് തനിയെ ഉദയം ചെയ്തുവന്നിട്ടുള്ളതാണ്. അക്കിത്തത്തെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ദൈവകൃപയായി കാണുന്നു.

ഡോ. അനില്‍ വള്ളത്തോള്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍: അപൂര്‍വ്വമായ പ്രതിഭകളുടെ സംഗമത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. മലയാളം സര്‍വ്വകലാശാല എന്തുകൊണ്ട് തിരൂരിലെന്ന ചോദ്യത്തിനുള്ള മറുപടിയാണ് എംടിയുടെയും മഹാകവിയുടെയും സാന്നിധ്യം. മലയാളത്തിന്റെ മഹത്വത്തെയും മാധുര്യത്തെയും ഓരോ വരികളിലും ചാലിച്ചെടുത്ത കഥകളും കവിതകളും സമ്മാനിച്ചവരാണ് മഹാകവി അക്കിത്തവും എംടിയും. ജ്ഞാനപീഠം ലഭിച്ച മഹാകവി അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങ് ജ്ഞാനപീഠം ലഭിച്ച എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. മഹാകവി അക്കിത്തത്തിന് മലയാളം സര്‍വ്വകലാശാലയുടെ ആദ്യത്തെ ഡീലിറ്റും, എംടിക്ക് ആദ്യ എമിററ്റസ് പ്രൊഫസര്‍ പദവി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍: കേരളത്തിന് രണ്ട് വലിയ സാഹിത്യകാരന്മാരെ സമ്മാനിച്ച ഗ്രാമമാണ് കുമരനെല്ലൂര്‍. ലോകം അതിസങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യനു വേണ്ടി സംസാരിക്കാനും ദുഃഖിക്കാനും,സന്തോഷിക്കാനും തുനിഞ്ഞിറങ്ങിയിട്ടുള്ള  രണ്ടു സാഹിത്യകാരന്മാരാണ്  അക്കിത്തവും എംടിയും. അക്കിത്തത്തിന്റെ കവിതകളിലുടനീളം കാണുന്നത് നിരുപാധികമായ സ്‌നേഹമാണ്.  സ്‌നേഹത്തിനുവേണ്ടി മനുഷ്യര്‍ ദാഹിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇരുവരെയും മനസ്സുകൊണ്ട് പ്രണമിക്കുന്നു.

കവി പ്രഭാവര്‍മ: അക്കിത്തത്തിന്റെ സന്തോഷത്തോടൊപ്പം നില്‍ക്കുന്നു. അക്കിത്തത്തിനുള്ള ഉചിതമായ ആദരമെന്നാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ ചൊല്ലുകയെന്നതാണ്. ആധുനികതയുടെ പതാകാവാഹകന്‍ അക്കിത്തമാണ്. ഭാഷയെ നവീകരിച്ചത് അക്കിത്തമാണ്.

ആലങ്കോട് ലീലാകൃഷ്ണന്‍: ഈ രണ്ട് ആചാര്യന്മാര്‍ ആദരിക്കപ്പെടേണ്ടവരാണ്. ആചാര്യന്മാരെന്നാല്‍ വെളിച്ചം പകരുക മാത്രമല്ല, ജീവിതത്തില്‍ ആചരിക്കുന്നവര്‍ കൂടിയാണ്. കുമരനെല്ലൂര്‍ മഹാസര്‍വ്വകലാശാല പോലെയാണ്.

അക്ഷരത്തിന്റെ  സര്‍വ്വകലാശാല. ഇവിടെ ഉണ്ടാവാന്‍ കഴിഞ്ഞത് പുണ്യമാണ്. ഇക്കാലത്ത് ജീവിച്ചത് മഹാഭാഗ്യം. ഇന്ന് ജീവിച്ചിരിക്കുന്ന ലോക കവികളില്‍ ഒന്നാംസ്ഥാനത്തിരിക്കേണ്ടയാളാണ് മഹാകവി അക്കിത്തം. ഭൂമിയോളം തലതാഴ്‌ത്തി നടക്കുന്ന വിനയത്തിന്റെ മൂര്‍ത്തീഭാവമായതുകൊണ്ട് തിണ്ണമിടുക്കുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടുവാന്‍ 94 വയസുവരെ കാത്തിരിക്കേണ്ടി വന്നു.

ഒരക്ഷരം വിഭാഗീയതയ്‌ക്കുവേണ്ടിയോ സ്‌നേഹത്തിനെതിരായോ എഴുതിയിട്ടില്ല. സ്‌നേഹം, ധര്‍മം, വിശ്വാസം, മാനവികത എന്നിവയ്‌ക്കുവേണ്ടിയാണ് അദ്ദേഹം കവിതകളെഴുതിയത്. ഒരേ സമയം വിപ്ലവകാരിയും സന്ന്യാസിയുമാണ്. ജീവിച്ചിരിക്കെ മോക്ഷം കിട്ടിയ ആളാണ്. നവോത്ഥാന നായകനാണ്. ആധുനിക മലയാള കവിതയിലെ ദീപസ്തംഭമാണ് മഹാകവി.

മഹാകവിയുടെ മറുമൊഴി

തന്റെ പ്രിയപ്പെട്ട നാടും നാട്ടുകാരും സ്‌കൂളും ക്ഷണിച്ച സ്വീകരണ പരിപാടിയില്‍ പ്രായാധിക്യത്തിന്റെ അവശതകളൊക്കെ മറന്നാണ് മഹാകവി അക്കിത്തം എത്തിയത്. വിനയത്തിന്റെ മൂര്‍ത്തീഭാവമായ അക്കിത്തം വേദിയിലുള്ളവരെയും സദസ്സിനെയും സാദരം വണങ്ങി. തുടര്‍ന്ന് പരിപാ

ടിയുടെ ഉദ്ഘാടകനും ശിഷ്യനുമായ എംടിയെത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് സ്വീകരിച്ച് ഹസ്തദാനം നടത്തി. പരിപാടിയുടെ അവസാനമാണ് എഴുതി തയ്യാറാക്കിയ തന്റെ മറുപടി പ്രസംഗം വായിച്ചത്. രണ്ടുവരി വായിച്ചെങ്കിലും തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടതോടെ കവി ആലങ്കോട് ലീലാകൃഷ്ണനാണ് തുടര്‍ന്നത്.  

”സ്‌കൂളില്‍ മുമ്പൊരിക്കല്‍ സ്വീകരണ യോഗത്തില്‍ ഒരു ‘കവിയുടെ പരാജയം’ എന്ന തന്റെ കവിത ചൊല്ലിയപ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ് നിന്നും ആളുകള്‍ സ്വീകരണങ്ങള്‍ക്കായി വിളിക്കുന്നുണ്ട്. ഈ പ്രായത്തില്‍ സ്വീകരണങ്ങളോട്  താത്പര്യമില്ല.” മുന്‍പ് സഹപാഠിയും എംടിയുടെ ഏട്ടനുമായ കൊച്ചുണ്ണി പനി ബാധിച്ചു കിടന്ന തന്റെ മക്കള്‍ക്ക് ഹോമിയോ മരുന്ന് എത്തിച്ച സംഭവവും അക്കിത്തം ഓര്‍മിച്ചു. ആ കൊച്ചുണ്ണിയുടെ അനുജന്‍ വാസു ഈ ചടങ്ങില്‍ തന്നോടൊപ്പം ഉണ്ടായതില്‍ അതിയായ സന്തോഷമുണ്ട്. ഇടശ്ശേരിയുടെയും എംടിയുടെയും കവിതകളോടുള്ള താത്പര്യമാണ് തന്നെ കവിതയെഴുതാന്‍ പ്രേരിപ്പിച്ചതെന്നും മറുപടി പറഞ്ഞുനിര്‍ത്തി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക