കൊടുങ്ങല്ലൂര്‍: ചരിത്രത്തിലാദ്യമായി ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്ത അശ്വതിപൂജയും കാവുതീണ്ടലും നടന്നു. കൊറാണയുടെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെയും കോമരങ്ങളെയും ഒഴിവാക്കിയായിരുന്നു ക്ഷേത്രചടങ്ങുകള്‍.
തൃച്ചന്ദനചാര്‍ത്ത് കഴിഞ്ഞ് വലിയ തമ്പുരാനും അടികള്‍മാരും കിഴക്കെ നിലപാടുതറയിലെത്തി കാവുതീണ്ടലിന് അനുമതിയായി ചുവന്നപട്ടു കുടനിവര്‍ത്തി. ഇതോടെ പരമ്പരാഗത അവകാശിയായ പാലക്കവേലന്‍ ദേവീദാസന് ഏകനായി കാവുതീണ്ടി. മുന്‍ വര്‍ഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്ന ചടങ്ങാണിത്. നേരത്തെ വലിയ തമ്പുരാന്റെ ചുമതല വഹിക്കുന്ന രഘുനന്ദനന് രാജ രാവിലെ എട്ട് മണിയോടെ കോട്ട കോവിലകത്ത് നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പല്ലക്ക് ഒഴിവാക്കി കാല്‍നടയായാണ് തമ്പുരാന് എത്തിയത്.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിശേഷാല്‍ പൂജകള്‍ക്ക് തമ്പുരാന് അനുമതി നല്കി. ഉച്ചക്ക് ഒരു മണിയോടെ സവിശേഷമായ തൃച്ചന്ദന ചാര്‍ത്ത് പൂജ ആരംഭിച്ചു.
മഠത്തില്‍ മഠം, കുന്നത്ത് മഠം, നീലത്ത് മഠം എന്നിവിടങ്ങളിലെ പ്രതിനിധികളായ മൂന്ന് പേര് ശാക്തേയ വിധിപ്രകാരമുള്ള പൂജ നിര്‍വഹിച്ചു.
ഇന്ന് ഭരണി നാളില്‍ രാവിലെ പട്ടാര്യ സമുദായം കുമ്പളങ്ങ ബലിയര്‍പ്പിച്ച് വെന്നിക്കൊടി നാട്ടുന്നതോടെ ഭരണിയാഘോഷം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: