രാജ്യം നേരിടുന്ന മഹാമാരിയായ കോവിഡ് 19നെ നേരിടാന്‍ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ നമ്മള് കൃത്യമായി അനുസരിക്കുക എന്നത് സ്വയരക്ഷയ്ക്കും അതിലൂടെ മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്താനും നാം പാലിക്കേണ്ടത് അത്യാവശ്യമാണ്. 21 ദിവസം വീട്ടിലിരിക്കുമ്പോള്‍ നാം ഓരോരുത്തരും ഈ പത്തു കാര്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണ
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക. ഇതിന് നല്ല ഭക്ഷണം കഴിക്കണം. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കണം ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇതോടൊപ്പം ജീവകം ബി കോംപ്ലക്സ് ലഭിക്കും ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഫാസ്റ്റ്ഫുഡ്, മാംസാഹാരം എന്നിവ ഒഴിവാക്കണം.
ദിവസവും എട്ടുമുതല്‍ പത്തുഗ്ലാസ് വരെ വെള്ളം കുടിക്കണം. ചൂട് കാലമായതിനാല്‍ നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം വേണം കുടിക്കാന്‍. ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങ വെള്ളം കരിക്കിന് വെള്ളം എന്നിവ നല്ലത്. സോഫ്റ്റ് ഡ്രിങ്സ് ഒഴിവാക്കണം
വ്യായാമം മുടങ്ങാതെ ചെയ്യണം. പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ മുറ്റത്തോ മുറിക്കുള്ളിലോ നടക്കാം. പടികള്‍ കയറിയിറങ്ങാം, മറ്റു വ്യായാമങ്ങള്‍ ചെയ്യാം. 30 മിനിറ്റ് വ്യായാമം ചെയ്യണം. പ്രതിരോധ ശേഷി വര്‍ധിക്കാന്‍ ഇതാവശ്യമാണ്.
പ്രഭാതത്തിലെ വെയില് കൊള്ളണം. രാവിലെ 11 മണിക്ക് മുമ്പുള്ള വെയില് വേണം കൊള്ളാന്‍. അള്‍ട്രാവയലറ്റ് രശ്മിയിലൂടെ ജീവകം ഡി ശരീരത്തിന് ലഭിക്കും. ഫഌറ്റില്‍ താമസിക്കുന്നവര്‍ പ്രഭാത വെയില് തീര്‍ച്ചയായും കൊള്ളണം.
ശുചിത്വം പാലിക്കുകയാണ് വൈറസിനെ അകറ്റി നിര്‍ത്താന്‍ പ്രധാനമായി വേണ്ടത്. രോഗത്തെ നിയന്ത്രിക്കാന്‍ മരുന്നോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല. പാല്, പച്ചക്കറി എന്നിവ എടുത്ത ശേഷം ഒരു മിനിറ്റ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. ദിവസവും കുളിക്കണം, വസ്ത്രങ്ങള്‍ മാറണം. വീട്ടിലെ വയോജനങ്ങളെയും ദിവസവും കുളിപ്പിച്ച് വസ്ത്രം മാറ്റണം.
ലഹരി വസ്തുക്കള്‍ ഒഴിവാക്കണം. മദ്യപാനം, പുകയില, പുകവലി എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പുകവലിക്കാര്‍ക്ക് ശ്വാസകോശ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ ഇത്തരക്കാരില്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്.
മറ്റ് രോഗമുള്ളവര്‍ക്ക് വളരെ കരുതല്‍ വേണം. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ അതു മുടക്കരുത്. പ്രമേഹ പരിശോധന കൃത്യമായി നടത്തണം. രക്തസമ്മര്‍ദ്ദം നോര്‍മല്‍ ആണെന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ കുടുംബ ഡോക്ടറെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ തേടണം.
ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് വയോജനങ്ങള്‍ക്കാണ്. അവരെ ഈ സമയത്ത് പ്രത്യേക മുറിയില്‍ പാര്‍പ്പിക്കണം. ഭക്ഷണം മുറിയില്‍ തന്നെ കൊടുക്കണം. അവരുടെ ഭക്ഷണ കാര്യത്തില്‍ കുടുതല്‍ കരുതല്‍ വേണം. കഴിവതും കുട്ടികള്‍ ഇവരുമായി അധികം ഇടപഴകാതെ നോക്കണം. കുട്ടികള്‍ പലപ്പോഴും രോഗവാഹകരായിരിക്കും. പക്ഷേ ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.
സാധാരണ പനി, ചുമ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ഇവര്‍ മറ്റൊരു മുറിയില്‍ കഴിയണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിക്കണം. സ്വയം ചികിത്സ പാടില്ല. രോഗവിവരം മറച്ചുവയ്ക്കരുത്.
മൂന്നാഴ്ചത്തെ മാനസികാവസ്ഥ വ്യത്യാസമായിരിക്കും. ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇതിനു പ്രാത്ഥാന, ധ്യാനം തുടങ്ങിയവ പരിശീലിക്കണം. പുസ്തകങ്ങള്‍ വായിച്ചും സംഗീതം ആസ്വദിച്ചും ഉല്ലാസഭരിതമാകാം. കൃഷി ചെയ്യാം, വളര്‍ത്തുമൃഗ പരിപാലനം നടത്താം. ഇവയെല്ലാം മനസിന് ആനന്ദം നല്‍കും.
ഡോ.ബി. പദ്മകുമാര്‍
(പ്രൊഫസര്‍, മെഡിസിന് വിഭാഗം,
ആലപ്പുഴ മെഡിക്കല്‍ കോളേജ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: