ശ്ലോകം 149
കോശൈരന്നമയാദൈ്യഃ പഞ്ചഭിരാത്മാ ന സംവൃതോ ഭാതി
നിജശക്തിസമുത്പന്നൈഃ ശൈവാല പടലൈരിവാംബുവാപീസ്ഥം
സ്വന്തം ശക്തിയില്‍ നിന്നുണ്ടായ അന്നമയം മുതലായ പഞ്ചകോശങ്ങളാല്‍ ആവരണം ചെയ്യപ്പെടുന്നതു കൊണ്ട് ആത്മാവ് പ്രകാശിക്കുന്നില്ല. വെള്ളത്തില്‍ നിന്നുണ്ടായ പായല്‍ കുളത്തിലെ വെള്ളത്തെ മൂടും പോലെയാണിത്.
ആത്മ- അനാത്മാക്കളെ വിവേകത്താല്‍ തിരിച്ചറിയാം എന്ന് പറഞ്ഞതിനെ കൂടുതല്‍ വിവരിക്കയാണ് ഇനി.വാളുറ മൂലം വാള് മറഞ്ഞിരിക്കും.അതു പോലെ ഈ ശരീരം മൂലം ആത്മാവും.
ഞാന്‍ ഈ ശരീരമാണ് എന്ന് കരുതുമ്പോള്‍ അത് വലിയ തെറ്റിദ്ധാരണയെന്ന് മുമ്പ് പറഞ്ഞു. സ്ഥൂല, സൂക്ഷ്മ ,കാരണ ശരീരങ്ങളാണ് ഞാന്‍ എന്നത് വിചാരിക്കുന്നത് വലിയ മണ്ടത്തരമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് താന്‍ ഈ കാണുന്ന സ്ഥൂല ശരീരം മാത്രമാണ്. മറ്റ് രണ്ടിനെക്കുറിച്ച് ചിലപ്പോള്‍ അറിവ് പോലുമുണ്ടാകില്ല.
ഈ ശരീരത്രയങ്ങള്‍ പഞ്ചകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥൂല ശരീരം അന്നമയകോശമാണ്.സൂക്ഷ്മ ശരീരം പ്രാണമയവും മനോമയവും വിജ്ഞാനമയവുമായ കോശങ്ങള്‍ ചേര്‍ന്നതാണ്. കാരണ ശരീരം ആനന്ദമയകോശമാണ്.
മൂന്ന് ശരീരങ്ങളില്‍ നിന്നും വേറിട്ടതും പഞ്ചകോശങ്ങള്‍ക്ക് അതീതവുമാണ് അവയ്ക്കെല്ലാം ആധാരമായ ആത്മാവ്. എന്നാല്‍ അന്നമയം മുതലായ പഞ്ചകോശങ്ങളാല്‍ മൂടപ്പെടുമ്പോള്‍ ആത്മാവ് വിളങ്ങുന്നതായി നാം അറിയുന്നില്ല. ആത്മാവിന്റെ തന്നെ ദിവ്യമായ മായാശക്തി കൊണ്ട് ഇവ ആത്മാവിനെ മറച്ച് നിലകൊള്ളുന്നു. തന്റെ തന്നെ വിക്ഷേപ ശക്തി കൊണ്ട് രൂപമെടുത്ത ഈ പഞ്ചകോശങ്ങളിലുള്ള താദാത്മ്യമാണ് ആത്മാവിനെ മറയ്ക്കുന്നത്.
കുളം, പൊയ്ക മുതലായ ജലാശയങ്ങളില്‍ പായല്‍ വന്ന് നിറയാറുണ്ട്. പ്രത്യേകിച്ചും നിരന്തരമായി ഉപയോഗിക്കാത്തവയാണെങ്കില് പൂര്‍ണമായും മൂടിക്കിടക്കും .ഇവ നിറഞ്ഞ് പരന്ന് കിടക്കുന്നതിനാല്‍ വെള്ളം കാണാന്‍ കഴിയില്ല. പച്ച നിറത്തിലുള്ള അത് കണ്ടാല്‍ പുല്ത്തകിടിയാണെന്ന് തോന്നും.
പായല്മൂടിക്കിടന്നാല് സൂര്യപ്രതിബിംബവും അവിടെ കാണില്ല. എന്നാല്‍ പായല്‍ പതുക്കെ നീക്കിയാല്‍ വെള്ളവും കാണാം. സൂര്യപ്രതിബിംബവും കാണാം. എന്നാല്‍ കൈമാറ്റിയാല് പായല്‍ വീണ്ടും പഴയതുപോലെ മൂടിക്കിടക്കും.
വാസനയില്‍ നിന്നുണ്ടായ വിക്ഷേപങ്ങളും ജഗത്തിന്റെ പ്രതീതിയും മനസ്സില്‍ പായല്‍ പോലെ വന്ന് മൂടും. ഉള്ളം ശുദ്ധമായില്ലെങ്കില്‍ പരമാത്മ ചൈതന്യത്തെ പ്രതിഫലിക്കാന്‍ അതിനാവില്ല. സ്വധര്‍മ്മത്തെ വേണ്ടപോലെ ചെയ്യുമ്പോള്‍ ഉള്ളിലെ അഹന്തയും മമതയും നീങ്ങും. ഇങ്ങനെ ഉള്ളിലെ പായല്‍ നീങ്ങിയാല്‍ ആത്മതത്വത്തെ ഭാവന ചെയ്യാനാകും.
ബുദ്ധിയിലെ ആവരണവും മനസ്സിലെ വിക്ഷേപവും നീങ്ങിയാല്‍ ഉള്ളം പായല്‍ നീങ്ങിയ കുളം പോലെ തെളിയും. ഗ്രാമങ്ങളിലെയും വീടുകളിലേയും കുളങ്ങള്‍ ഇടയ്ക്ക് പൂര്‍ണമായും പായല്‍ നീക്കം ചെയ്യാറുണ്ട്.
പായല്‍ മൂടി കിടന്നാല്‍ അതേക്കുറിച്ച് അറിയാത്തവരോ കുട്ടികളോ അതില്‍ ചെന്ന് വീഴാനും അപകടത്തില്‍പ്പെടാനും ഇടയുണ്ട്. ചിലയിനം എന്നാല്‍ വാസ്തവറിയുന്നവര് ഈ ആപത്തില്‍ പെടില്ല. അറിവില്ലാത്തവരാണ് പായല്‍ പോലെയുള്ള ഈ പഞ്ചകോശമറ കാരണം ആത്മാവാകുന്ന യഥാര്‍ത്ഥ വസ്തുവിനെ അറിയാത്തത്.
പായല്‍ കുറച്ച് നീക്കിയതുകൊണ്ട് മാത്രം കാര്യമില്ല. മുഴുവനും നീക്കണം. എല്ലാം വാരിക്കളയണം. നല്ല വെള്ളം വന്ന് നിറയണം. കുളം നിറഞ്ഞൊഴുകിയാല് പായലും പോകും. സ്വാദ്ധ്യായമാണ് അതിന് വേണ്ടത്. ആദ്ധ്യാത്മിക കാര്യങ്ങളെ കേള്‍ക്കണം, അതേക്കുറിച്ച് വിചാരം ചെയ്യണം. പിന്നീട് അതിനെ ഉറപ്പിച്ച് തന്റേതാക്കി മാറ്റണം.ഇങ്ങനെ ശ്രവണ, മനന, നിദിദ്ധ്യാസനങ്ങളിലൂടെ പായല്‍ നീങ്ങിയ കുളം പോലെ ഉള്ളം ശുദ്ധമാക്കണം.അപ്പോള്‍ മറനീങ്ങി ആത്മദര്‍ശനം സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: