അതിവിസ്തൃതമായൊരു ഗാനപ്രപഞ്ചമായിരുന്നു പുരന്ദരദാസന്‍. ‘സംഗീതത്തിന്റെ പിതാമഹന്‍’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ശ്രീനിവാസനായക് എന്നായിരുന്നു യഥാര്‍ത്ഥ നാമം. പിന്നീട് അതു മാറ്റി ഭഗവാന്‍ വിഷ്ണുവിന്റെ പുരന്ദരന്‍ എന്ന പേര് സ്വീകരിച്ചു.
ഭക്തിയും പ്രതിഭാഗുണവും, കവിത്വഗുണവും അദ്ദേഹത്തിന്റെ കവിതകളില്‍ സമന്വയിച്ചു. ആത്മീയചിന്തകളുടെ പാരമ്യത്താല്‍ അദ്ദേഹത്തിന്റെ ഗാനങ്ങളെ ‘പുരന്ദര ഉപനിഷത്ത്’ എന്ന് വിളിച്ചിരുന്നു. ‘സകലഗ്രഹഫലനീനെ’- അഠാണരാഗംഖണ്ഡചാപ്പ്താളം മധ്യമാവതി രാഗത്തിലുള്ള, ഏറെ ജനസമ്മിതി നേടിയ ‘ഭാഗ്യാത ലക്ഷ്മിബാരമ്മ’, നാട്ടരാഗത്തിലുള്ള ‘ചരണു സിദ്ധിവിനായക’, മാണ്ട് രാഗത്തിലുള്ള ‘ബാരോനമ മനഗേ ഗോപാലകൃഷ്ണ’ മുതലായവ പുരന്ദരദാസന്റെ ഭക്തിനിര്‍ഭര കൃതികളാണ്.
‘ഇന്നുദയ ബാരതേ’ എന്ന കല്യാണവസന്തം രാഗത്തിലുള്ള ഗാനത്തില്‍
‘ഏനുമാഡിദരേണു പ്രാണനിനദുസ്വാമി
നീനാദപുരന്ദരവിഠലനദാസനമേലെ’എന്നു കാണാം.
ഇതു പോലെ അനേകം ഗാനങ്ങളില്‍ അദ്ദേഹം ‘പുരന്ദരവിഠലന്‍’ എന്നത് മുദ്രയായി സ്വീകരിച്ചിട്ടുണ്ട്. ഗാനങ്ങള്‍ മിക്കതും കന്നട ഭാഷയിലായിരുന്നു. മതസംബന്ധിയായ പഠനങ്ങളിലും സംഗീതത്തിലും സാഹിത്യത്തിലും സംസ്‌കൃത ഭാഷയിലും അദ്ദേഹം പ്രാവീണ്യം നേടി. 475000 ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നെങ്കിലും ഇപ്പോള്‍ പ്രചാരത്തിലുള്ളത് ഏതാണ്ട് 1000 കൃതികള്‍ മാത്രമാണ്.
ദക്ഷിണേന്ത്യന്‍ സംഗീതം പ്രത്യേക ശാഖയായി വളര്‍ന്നത് പുരന്ദരദാസരുടെ കാലത്താണ്. സംഗീത അഭ്യസനത്തിന്റെ ബാലപാഠങ്ങള്‍ മായാമാളവഗൗളരാഗത്തില്‍ ആയിരിക്കണമെന്ന് നിശ്ചയിച്ചത് അദ്ദേഹമാണ്. സപ്തസ്വരങ്ങള്‍, സരളിവരിശകള്‍, ജണ്ടവരിശകള്‍, താരസ്ഥായി,മധ്യസ്ഥായി, മന്ദ്രസ്ഥായി, ദാട്ടുവരിശകള്‍, അലങ്കാരങ്ങള്‍ എന്നിവ അദ്ദേഹമാണ് മായാമാളവഗൗള രാഗത്തില്‍ ക്രമീകരിച്ചത്.
കണ്ഠസാധകവും ശാരീരശുദ്ധിയും താളജ്ഞാനവും ഉണ്ടാകാന്‍ വരിശകള്‍ മുതല്‍ അലങ്കാരങ്ങള്‍ വരെയുള്ള പാഠ്യക്രമം അദ്ദേഹം വളരെ സമര്‍ത്ഥമായി ക്രമീകരിച്ചു. ധ്രുവം, മഠ്യം, രൂപകം, ചമ്പ, ത്രിപുട, അട, ഏകം എന്നീ ഏഴുതാളങ്ങളും ചതുരശ്രം, തിശ്രം, ഘണ്ഡം, മിശ്രം, സങ്കീര്‍ണം എന്നീ അഞ്ച് ജാതികളില്‍ പ്രത്യേകം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഈ ബാലപാഠങ്ങള്‍ തന്നെയാണ് ഇന്നും നാം ഉപയോഗിക്കുന്നത്.
മലഹരി രാഗത്തിലുള്ള ‘ലംബോധരലകുമികര’ എന്ന വിഘ്‌നേശ്വരഗീതവും, ‘കുന്ദഗൗര’ എന്ന മഹേശ്വരഗീതവും അദ്ദേഹമാണ് രചിച്ചത്. ‘പിള്ളാരിഗീതങ്ങള്‍’ എന്നറിയപ്പെടുന്ന ഗീതങ്ങള്‍ അദ്ദേഹം ബാലപാഠങ്ങള്‍ അഭ്യസിച്ച അതേ രാഗമായ മായാമാളവഗൗളരാഗത്തിന്റെ ജന്യരാഗമായ മലഹരിരാഗത്തില്‍ ചിട്ടപ്പെടുത്തി. സംസ്‌കൃതപദങ്ങള്‍ ഇടകലര്‍ത്തിയായിരുന്നു ഗീതങ്ങളുടെ രചന.
ലക്ഷണഗീതങ്ങള്‍, താനവര്‍ണ്ണങ്ങള്‍, തില്ലാനകള്‍, പദങ്ങള്‍, ദേവര്‍നാമങ്ങള്‍ തുടങ്ങിയ ഗാനരൂപങ്ങളും രചിച്ചിട്ടുണ്ട്. അവയ്‌ക്കുള്ള താളങ്ങളും രാഗങ്ങളും നിശ്ചയിച്ചതും അദ്ദേഹമാണ്. ഏകദേശം 80 രാഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
‘സൂളാദി’ എന്നാണ് പുരന്ദരദാസരുടെ കാലത്തെ ഗാനങ്ങള്‍ക്ക് പറഞ്ഞിരുന്നത്. അവയ്‌ക്ക് പല്ലവി, അനുപല്ലവി, ചരണങ്ങള്‍ എന്നിങ്ങനെ ഘടകങ്ങള്‍ ഏര്‍പ്പെടുത്തി. സംഗീതാഭിനിവേശത്താല്‍ കുലത്തൊഴില്‍ ഉപേക്ഷിച്ച് പുരന്ദരദാസര്‍ സംഗീതത്തില്‍ മുഴുകി.
ധനികവ്യാപാരിയായിരുന്ന പുരന്ദരദാസരുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ട്. ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ മകന്റെ ഉപനയനത്തിന് പണമില്ലാതെ പുരന്ദരദാസരെ സമീപിച്ചു. അദ്ദേഹം ഒരു നിസ്സാര തുകയാണ് ബ്രാഹ്മണന് കൊടുത്തത്. എന്നാല്‍ ഈശ്വരഭക്തയും ദാനശീലയുമായ, പുരന്ദരദാസരുടെ ഭാര്യ തന്റെ വൈരമൂക്കുത്തി ബ്രാഹ്മണന് നല്‍കി. പുരന്ദരദാസര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ബ്രാഹ്മണന്‍ മൂക്കുത്തി വില്‍ക്കാന്‍ പുരന്ദരദാസരെ സമീപിച്ചു. പുരന്ദരദാസര്‍ മൂക്കുത്തി വാങ്ങി വച്ച്, ഭാര്യയുടെ അടുത്തെത്തി വൈരമൂക്കുത്തി അന്വേഷിച്ചു. കുറ്റബോധത്താല്‍ ആ സാധു സ്ത്രീ ആത്മഹത്യയ്‌ക്ക് ഒരുങ്ങി. പൂജാമുറിയില്‍ ചെന്ന് വിഷം കലക്കി കുടിക്കാനൊരുങ്ങവേ വിഷത്തിനടിയില്‍ വൈരമൂക്കുത്തി തിളങ്ങി കണ്ടു.
മൂക്കുത്തി ഭര്‍ത്താവിന് കൊണ്ടുപോയി കൊടുത്തു. കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞ് ഭഗവാന്റെ കൃപാകടാക്ഷത്തെകുറിച്ച് വിവരിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തന്റെ സ്വത്തുക്കള്‍ വിഠലേശ്വരന്റെ പേരില്‍ ഭക്തര്‍ക്ക് ദാനം ചെയ്ത് വീടുവിട്ടിറങ്ങി. തുടര്‍ന്നുള്ള ജീവിതമത്രയും ഹരിഭക്തിയില്‍ മുഴുകിക്കഴിഞ്ഞു. അവസാനകാലം ഹംപിയിലായിരുന്നു. അവിടെ അദ്ദേഹം ഇരുന്നിരുന്ന മണ്ഡപം ഇപ്പോള്‍ പുരന്ദരദാസമണ്ഡപം എന്നാണ് അറിയപ്പെടുന്നത്. ജീവിതാവസാനകാലത്ത് സംന്യാസം സ്വീകരിച്ച പുരന്ദരദാസരുടെ ദേഹവിയോഗം എണ്‍പതാമത്തെ വയസ്സിലായിരുന്നു.
(നാളെ: മയില്‍മീത് വിളയാടും
വടിവേലനെ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക