തിരുവനന്തപുരം: ലോക്ഡൗണിന്റെ മൂന്നാം ദിവസവും പോലീസും ജനങ്ങളുമായി വാക്കു തര്‍ക്കം. വാഹനങ്ങള്‍ പിടിച്ചെടുത്തു. അവശ്യ സര്‍വീസുകള്‍ ഒഴികെ നിരത്തിലിറങ്ങരുതെന്നും അത്യാവശ്യമുള്ളവര്‍ പോലീസിന്റെ പാസ് വാങ്ങണമെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇത് പലയിടത്തും പോലീസുമായി വാക്കേറ്റത്തിന് ഇടയാക്കി.
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മൂന്ന് ദിവസങ്ങളിലായെടുത്ത കേസുകളുടെ എണ്ണം 5710 ആയി. രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചവരുടെ വാഹന രജിസ്‌ട്രേഷനും റദ്ദ് ചെയ്തു തുടങ്ങി. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 1447 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ പുറത്തിറിങ്ങി പോലീസിനെ കബളിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതിനാല്‍, ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വാഹനങ്ങളുടെ നമ്പര്‍ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ ഇടാന്‍ സ്ഥലമില്ലെങ്കില്‍ ഗ്രൗണ്ടില്‍ കൊണ്ടുപോയി ഇടാന്‍ പോലീസ് കമ്മീഷണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് കല്ലടയ്‌ക്കല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോകാനുള്ള വഴി തടസ്സപ്പെടുത്തിയത് നീക്കം ചെയ്യാന്‍ എത്തിയ പോലീസുകാരെ കോളനി നിവാസികള്‍ മര്‍ദ്ദിച്ചു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍, ചിലയിടങ്ങളില്‍ അവശ്യസര്‍വീസ് ജീവനക്കാരെ പോലീസ് തടയുന്നത് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. വ്യക്തമായ പാസ് കാണിച്ചിട്ടും പോകാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പോലീസ് പ്രായോഗിക ബുദ്ധിയോടെ പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരാതികള്‍ ആവര്‍ത്തിച്ചാല്‍ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമലംഘനം; കൂടുതല്‍ കേസുകള്‍ ഇടുക്കിയില്‍
നിയമലംഘനം നടത്തിയതിന് ഇന്ന് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയില്‍, 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തു.
നിയമം കര്‍ക്കശമാക്കിയ കാസര്‍കോട് 27 കേസുകള്‍ മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ്, 214 പേര്‍. കുറവ് വയനാട്ടില്‍, 31. കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയില്‍, 80. കുറവ് വയനാട്ടില്‍, 12.
പ്രതികരിക്കാൻ ഇവിടെ എഴുതുക: