ചെറുതോണി : ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക ശ്രമകരമെന്ന് ആരോഗ്യ വകുപ്പ്. പ്രതിപക്ഷ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ഇയാള്‍ നിയമസഭ മന്ദിരത്തിലെത്തി പ്രതിപക്ഷ- ഭരണകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.
നിരീക്ഷണത്തിലാകുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം നിരീക്ഷണത്തിലാകുന്നതിന് മുന്‍പ് പോയെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇവയെല്ലാം കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ആരോഗ്യ വകുപ്പിന് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.
എന്നാല്‍ അടുത്തകാലത്തൊന്നും ഈ നേതാവ് വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരും വീട്ടിലില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇയാളുമായി അടുത്തിടപഴകിയ നേതാക്കളില്‍ പലരും ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
മാര്‍ച്ച് 15നാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. 14 വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പനി ബാധിച്ചതിന് ശേഷം കഴിഞ്ഞ 20നും അതിന് മുന്‍പ് 13നും ഇദ്ദേഹം ചെറുതോണിയിലെ മുസ്ലിം പള്ളിയില്‍ പോയി പ്രാര്‍ത്ഥന നടത്തി. ഈ സമയം അവിടെ ഇയാളുമായി അടുത്തിടപഴകിയവരും നീരീക്ഷണത്തിലേക്ക് മാറണമെന്ന് ജില്ലഭരണകൂടം നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസിന്റെ തൊഴിലാളി പോഷക സംഘനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇയാള്‍. ഈ സംഘടന ഫെബ്രുവരി 13 മുതല്‍ പകുതി മുതല്‍ മാര്‍ച്ച് ഒമ്പത് വരെ സംസ്ഥാന ജാഥ സംഘടിപ്പിച്ചിരുന്നു.
പനിയെത്തുടര്‍ന്ന് ഈ മാസം 13-ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. വിദേശത്തുനിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുമായോ ബന്ധമുള്ളതായി പറയാത്തതിനാല്‍ മരുന്നുനല്‍കി വിട്ടു. പനി മാറാതിരുന്നതിനെത്തുടര്‍ന്ന് 23-ന് ജില്ലാആശുപത്രിയില്‍ വീണ്ടുമെത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.
വ്യാഴാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. 23 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കുമാറ്റി. ഇടുക്കിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ള രണ്ടാമത്തെയാളാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: