ന്യൂദല്‍ഹി: സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വിവിധ മേഖലകളിലെ പാവപ്പെട്ടവര്‍ക്കായി 1.70 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.
അമ്പതു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷംരൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 22 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. കൊറോണയ്ക്കെതിരെ സ്വജീവന്‍ പോലും അവഗണിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്കുന്ന നടപടിയാണിത്.
ശുചീകരണ തൊഴിലാളികള്‍, വാര്‍ഡ് ബോയ്സ്, നഴ്സസ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, ടെക്നീഷ്യന്‍സ്, ഡോക്ടര്‍മാര്‍ തുടങ്ങി ആശാവര്‍ക്കര്‍മാര്‍ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയിലാണ്. കോവിഡ് 19 ബാധിച്ച രോഗിയെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരിലാര്‍ക്കെങ്കിലും അപകടം ഉണ്ടായാല്‍ 50 ലക്ഷംരൂപ ഇന്‍ഷ്വറന്‍സ് തുക ലഭിക്കും.
എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളും വെല്‍നെസ് സെന്ററുകളും ആശുപത്രികളും ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി.
75 ശതമാനം പിഎഫ് പിന്‍വലിക്കാം മൂന്നു മാസം കേന്ദ്രം അടയ്ക്കും
കൊറോണാ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഓരോ ജീവനക്കാരനും സ്വന്തം ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് 75 ശതമാനം വരെ പണം പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിഎഫിലെ 75 ശതമാനം നിക്ഷേപമോ ഏതാണോ കുറവ്, ആ തുകയാണ് പിന്‍വലിക്കുമ്പോള്‍ ലഭിക്കുക.
നൂറ് ജീവനക്കാരില്‍ താഴെ പിഎഫ് അംഗത്വമുള്ള ചെറുകിട സ്ഥാപനങ്ങളുടെ ഇപിഎഫ് തുക അടുത്ത മൂന്നുമാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ജീവനക്കാരില്‍ 90 ശതമാനം പേര്‍ക്കും 15,000 രൂപയില്‍ താഴെയാണ് ശമ്പളമെങ്കില്‍ ആണ് ഈ പ്രയോജനം ലഭിക്കുക. തൊഴിലാളിയുടേയും തൊഴിലുടമയുടേയും വിഹിതം ചേരുമ്പോള്‍ വരുന്ന ശമ്പളത്തിന്റെ 24 ശതമാനം ആണ് കേന്ദ്രസര്‍ക്കാര്‍ പിഎഫിലേക്ക് അടയ്ക്കുന്നത്.
കെട്ടിട നിര്‍മാണ ക്ഷേമത്തിനായി സ്വരൂപിച്ച 31,000 കോടിരൂപയുടെ ഫണ്ടില്‍ നിന്ന് നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം. മൂന്നരക്കോടി തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ശേഖരിച്ച 25,000 കോടി രൂപയുടെ ജില്ലാ മിനറല്‍ ഫണ്ടില്‍ നിന്ന് മെഡിക്കല്‍ പരിശോധന, സ്ക്രീനിങ്, മറ്റ് ആരോഗ്യകാര്യങ്ങള്‍ എന്നിവയ്ക്ക് പണം ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്കി.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ സ്ത്രീകള്‍ക്ക് 1500 രൂപ
എല്ലാ ജന്‍ധന്‍ വനിതാ അക്കൗണ്ടുകളിലേക്കും 1,500 രൂപ വീതം നല്‍കും. പ്രതിമാസം 500 രൂപ വീതം. ഇരുപത് കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ പണമെത്തും.
പ്രായമായവര്‍, വിധവകള്‍, ദിവ്യാംഗര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ അക്കൗണ്ടില്‍ ആയിരം രൂപ വീതം നല്‍കും. മൂന്നു കോടി പേര്‍ക്കാണ് പ്രയോജനം.
മൂന്ന് സിലിണ്ടറുകള്‍ സൗജന്യമായി
ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ട 8.3 കോടി വനിതകള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് മൂന്നു പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പ്രയാസം കണക്കിലെടുത്താണിത്.
വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് ഈടില്ലാതെ നല്കുന്ന ബാങ്ക് വായ്പ ഇരുപത് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇത് 10 ലക്ഷമായിരുന്നു. വനിതകളുടെ കൈയിലെ പണലഭ്യത വര്‍ദ്ധിപ്പിക്കാനാണ് ദീനദയാല്‍ പദ്ധതി പ്രകാരമുള്ള ഈ തീരുമാനം. രാജ്യത്തെ ഏഴ് കോടിയിലേറെ സ്ത്രീകളാണ് സ്വയംസഹായ സംഘങ്ങളിലുള്ളത്.
അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യം
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നല്‍കും. നിലവില്‍ നല്കുന്ന അഞ്ച് കിലോയ്ക്ക് പുറമേയാണിത്. നാല് പേരുള്ള ഒരു കുടുംബത്തിന് 20 കിലോ ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി പ്രതിമാസം ലഭിക്കുക. മൂന്നുമാസത്തേക്കാണ് ഒരാള്‍ക്ക് അഞ്ച് കിലോ എന്ന കണക്കില്‍ നല്‍കുക. റേഷന്‍ കാര്‍ഡിന് ഒന്ന് എന്ന കണക്കില്‍ ഒരു കിലോ പയറുവര്‍ഗ്ഗങ്ങളും മൂന്നുമാസം സൗജന്യമായി നല്‍കും.
കിസാന്‍ സമ്മാന്‍ നിധിയില്‍ 2000 രൂപ
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ കര്‍ഷകര്‍ക്കും രണ്ടായിരം രൂപ വീതം നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ ആദ്യ ആഴ്ച തുക അക്കൗണ്ടിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി ഇതിനകം 6,000 രൂപ രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. 8.69 കോടി കര്‍ഷകര്‍ക്കാണ് വീണ്ടും 2,000 രൂപ വീതം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: