ന്യൂദല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജന്‍ധന്‍ യോജന അക്കൗണ്ടിലൂടെ 20 കോടി വനിതകള്‍ക്ക് മൂന്ന് മാസത്തേയ്ക്ക് 500 വീതം രൂപ നല്‍കാനും പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേയക്ക് സൗജന്യമായി പാചക വാതക സിലണ്ടര്‍ നല്‍കാനുമാണ് കേന്ദ്ര തീരുമാനം. ഉജ്വല യോജന വഴിയാകും പാചക വാതക സിലണ്ടറുകള്‍ ലഭിക്കുകയെന്നും 8.3 കോടി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുകയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കൊറോണയെ തുടര്‍ന്ന് 21 ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
നേരത്തെ കൊറോണ വൈറസ് രാജ്യത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ 80 കോടി പാവങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് 15 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കും. ഓരോ മാസവും 5കിലോ അരിയും ഗോതമ്പും ആണ് നല്‍കുക.
കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. നിലവില്‍ നല്കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പ് ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാം. കര്‍ഷര്‍ക്ക് അവരുടെ അക്കൗണ്ടിലേക്കു ഉടന്‍ 2000 രൂപ നല്‍കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: