കോഴഞ്ചേരി: ജില്ലാ കളക്ടർ പി.ബി. നൂഹിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട സിപിഎം സൈബർ പോരാളികൾക്കെതിരെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ജില്ലാ കളക്ടർക്കെതിരെ സിപിഎം സൈബർ പോരാളികൾ എന്ന തലക്കെട്ടിൽ ജൻമഭൂമി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്ത് എത്തിയത്.
റാന്നിയിലെ കോവിഡ് ബാധിതരായ ഇറ്റലിക്കാരെ രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ജില്ലയിലെ അഞ്ച് എംഎൽഎമാരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു. ഇതെല്ലാം ഏകോപിപ്പിക്കുന്നത് ജില്ലാ കളക്ടർ പി.ബി നൂഹാണ്. രോഗികളുടെ റൂട്ടുമാപ്പ് രാജ്യത്ത് ആദ്യമായി ഇറക്കി പ്രശംസ പിടിച്ചുപറ്റിയ ആളാണ് പത്തനംതിട്ട ജില്ലാ കളക്ടർ, എന്നാൽ കളക്ടർക്കെതിരെ ചിലർ സോഷ്യൽ മീഡിയാ വഴി വ്യാജ പ്രചരണം നടത്തുന്നു. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി എഫ്ബി പോസ്റ്റിൽ ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയതോടെ വെട്ടിലായിരിക്കുകയാണ് സൈബർ പോരാളികൾ. കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിരന്തരം ട്രോളുകളിടുന്ന സഖാക്കൾ ഇതോടെ നിശബ്ദരായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: