തിരുവല്ല: കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ആവശ്യത്തിന് സാധാനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിലുള്ള കാലതാമസം കാരണം ഇന്നലെ പച്ചക്കറിയടക്കമുള്ള സാധനങ്ങൾക്ക് വില കൂടിയിട്ടുണ്ട്.
പയർ വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ സ്റ്റോക്ക് തിരുവല്ല ചന്തയിലും മറ്റും പരിമിതമാണ്. ചില്ലറ കച്ചവടക്കാർക്ക് ആവശ്യപ്പെടുന്നതിന്റെ പകുതി മാത്രമേ കൊടുക്കാൻ കഴിയുന്നുള്ളുവെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിൽ കൊറോണ വ്യാപനം കൂടുതലാണെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള ലോറി ഡ്രൈവർമാർ കേരളത്തിലേക്ക് വരാൻ കൂട്ടാക്കാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
നിലവിൽ പലവ്യഞ്ജന സാധാനങ്ങൾക്കൊന്നും വലിയ വിലക്കയറ്റമില്ലെങ്കിലും ലോറി ഉടമകൾ വാടക കൂട്ടി ചോദിച്ചാൽ വില വർധിപ്പിക്കേണ്ടിവരുമെന്ന് വ്യാപാരികൾ അറിയിച്ചു. പച്ചക്കറിക്കാണ് വില കാര്യമായി വർധിച്ചത്. കഴിഞ്ഞ നാല് ദിവസം മുമ്പ് 12 രൂപയുണ്ടായിരുന്ന തക്കാളി ഇന്നലെ തിരുവല്ല മാർക്കറ്റിൽ 24 രൂപക്കാണ് വിൽപ്പന നടന്നത്. പച്ചമുളക്കിന് 15 ൽ നിന്ന് 35 ലേക്ക് കയറിട്ടുണ്ട്
. ചെറിയ ഉള്ളിയുടെ വില 60 ൽ നിന്ന് 75 ആയി ഉയർന്നു. ബിറ്റ്റൂട്ടിന് 15ൽ നിന്ന് 20 ആയി ഉയർന്നു. സാധാരണ ഗതിയിൽ ആറ് ലോഡ് തക്കാളിയെങ്കിലും തിരുവല്ലയിൽ ഒരു ദിവസം എത്താറുണ്ടെങ്കിലും ഇന്നലെ രണ്ടായി ചുരുങ്ങി. ഗുണ്ടൽപെട്ട്, മൈസൂർ മാർക്കറ്റുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തോട്ടങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലെ ഇടറോഡുകൾ വഴിയാണ് കേരളത്തിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നത്.
പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിലും മറ്റും വില കുറഞ്ഞ ചിക്കന് ഇന്നലെ വില ഇരട്ടിയായി.60 മുതൽ 100 വരെ വിൽപ്പന നടത്തിയിരുന്ന കോഴിയിറച്ചിക്ക് 140 രൂപയായി ഉയർന്നു. സാധാരണ കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്നാണ് കോഴി എത്താറെങ്കിലും അവിടെ നിന്നുള്ള വരവ് നിലച്ചിട്ടുണ്ടെന്നും വ്യാപരികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: