ഈ ഹിന്ദുസ്വത്വത്തിന്റെ, തനിമയുടെ അടിസ്ഥാനത്തില്‍, നമുക്കു വര്‍ത്തമാനകാലഘട്ടത്തില്‍, നമ്മുടെ ദാര്‍ശനികപദ്ധതികളെ (ദര്‍ശനങ്ങളും അവയുടെ അടിത്തറയിലുള്ള ആചാരാനുഷ്ഠാനങ്ങളും)യും അവയുമായി ബന്ധപ്പെടുത്തി കൈകാര്യം ചെയ്തുവരുന്ന പ്രയോഗശാസ്ത്രങ്ങളേയും നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും വിലയിരുത്തുകയും, ആവശ്യമെങ്കില്‍ ഉചിതമായി പരിഷ്കരിക്കുകയും ചെയ്യേണ്ടതാണ്. എങ്കിലേ അവ നമുക്കു പ്രയോജനകരമാകൂ. പ്രത്യേകിച്ചും എന്തിനേയും കച്ചവടച്ചരക്കാക്കുക എന്ന പ്രവണതയും പെരുകുന്ന ഈ കാലഘട്ടത്തില്‍ ഇവയെല്ലാം ദുരുപയോഗം ചെയ്യപ്പെടാനും അതുവഴി വ്യക്തി-കുടുംബ- സമൂഹതലങ്ങളില്‍ സംതൃപ്തിക്കു പകരം ഭയാശങ്കകളും അനിശ്ചിതത്വബോധവും വളരാനുമാണല്ലോ കൂടുതല്‍ സാധ്യത. വിശ്വാസത്തിന്റേയും പാരമ്പര്യത്തിന്റെയും മറ്റും പേരില്‍ നമ്മുടെ സമൂഹം ചൂഷണത്തിനരയാകാനുള്ള സാധ്യതയും നാം കാണണം. മതേതരത്വം (secularsim), വിക്റ്റോറിയന്‍ സദാചാരബോധം (victorian moraltiy), പരസ്പരം ബന്ധമില്ലാത്ത തരത്തില്‍ വിഭജിച്ചു ചിന്തിക്കല്‍ (compartmental thinking), ഏതിനേയും വിലയിരുത്താന്‍ സാമ്പത്തിക അസമത്വം (economic dispartiy) എന്ന ഏകമാനദണ്ഡം, സെമിറ്റിക് ഏകരൂപതാ (monolithic) സമീപനം തുടങ്ങിയ പാശ്ചാത്യാശയങ്ങള് നമ്മുടെ ഉപബോധത്തിലും കടന്നു കൂടിയിരിക്കുന്നു. അവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും നാമും ഹിന്ദുതനിമയെ വിലയിരുത്തുന്നതും ഉള്‍ക്കൊള്ളുന്നതും എന്നതാണ് ദു:ഖകരമായ സത്യം. ശിഥിലീകരണവും മതപരിവര്‍ത്തനവും ലക്ഷ്യമിട്ട് ആംഗ്ലോ-ജര്‍മ്മന്‍ പണ്ഡിതരും മാര്‍ക്സിസ്റ്റ് പണ്ഡിതരും ഇത്തരം പാശ്ചാത്യമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തനിമയേയും ആശയങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും വിലയിരുത്തി തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നത് ഇന്നും തുടരുന്നു എന്നതും നാം കാണാതെ പോകരുത്.
ലേഖനപരമ്പരയുടെ സിംഹാവലോകനം എന്ന ഈ ഭാഗത്തിന്റെ തുടക്കത്തില്‍ കീഴടിനാഗരികതയെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ആ നാഗരികതയുടെ യാഥാര്‍ത്ഥ്യത്തെയും കാലഘട്ടത്തെയും ആര്യദ്രാവിഡവാദത്തിനും കൃസ്ത്യന്‍ മതപരിവര്‍ത്തനത്തിനും അനുകൂലമാക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണത്രേ ഇന്നു ഛിദ്രശക്തികള്‍ മുഴുകിയിരിക്കുന്നത് (Keezhadi Racial Sategem and Divisive Identities by B. S. Harishankar). ഓണാഘോഷവുമായി മഹാബലിക്കു ബന്ധമുണ്ടെന്നതിനു തെളിവു തയ്യാറാക്കിയത് കേരളത്തില്‍ മതപ്രചരണത്തിനു വന്ന പോര്‍ച്ചുഗീസ് പാതിരിയായ ജേക്കബ് ഫെനീഷ്യോ (1584631) ആണത്രേ (കെ. ടി. രവിവര്‍മ്മ, ഋഗ്വേദം മുതല്‍ ഓണപ്പാട്ടുകള്‍ വരെ ത്രിവിക്രമ-ബലിമിത്തിന്റെ വികാസപരിണാമങ്ങള്‍, ഡി. സി. ബുക്സ്, 2001). ഹിന്ദുതനിമയുടെ താഴെ പറയുന്ന സവിശേഷതകളും നാം ശ്രദ്ധിക്കേണ്ടതാണ്. ഈ തനിമ രൂപം കൊണ്ടതും ദൃഢമായതും സൈറസ്സ് നമ്മുടെ വടക്കന്‍ അതിരുകളില്‍ വന്നു മുട്ടുന്നതിനും മുമ്പ് ആണെന്നു നാം കണ്ടു. അതു വരെ എങ്കിലും
രാജനൈതികമായോ, സാംസ്കാരികമായോ, മതപരമായോ ബാഹ്യശക്തികളുടെ ബോധപൂര്‍വമായ ഇടപെടലുകള്‍ വന്‍തോതില്‍ ഇവിടെ ഉണ്ടായിട്ടില്ല. ആ സുദീര്‍ഘമായ സുവര്‍ണ്ണകാലത്ത് നമ്മുടെ ആചാരാനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള ആശയസംഹിതകളും തികച്ചും സ്വാഭാവികമായ (natural) ഉല്‍ഭവവികാസപരിണാമങ്ങള്‍ (dynamics) ക്കാണു വിധേയമായത്. ദാസ്ഗുപ്ത (Peculiarities of Indianphilosophy. Difference between Indian and Western Philosophy-The longing felt inside is the driving force behind- Approach to Metaphysics, ch. 3, Philosophical Essays by Surendra Nath Dasguptha..) ചൂണ്ടിക്കാണിക്കുന്നതു പോലെ ആന്തരമായ ഒരു ദാഹം ആയിരുന്നു അതിന്റെചാലകശക്തി. ഹിന്ദുസമൂഹത്തിന്റെ ഉല്ഭവവികാസപരിണാമങ്ങളും ഇത്തരത്തില്‍ സഹജമായിരുന്നു. ഇവ രണ്ടും വേര്‍തിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞാണ് വളര്‍ന്നത്. തന്മൂലം രണ്ടിന്റെയും ഘടനയും ഒരുപോലെ ഏകാത്മതാധിഷ്ഠിതവൈവിധ്യമാണ്. വനഗ്രാമപുരതലങ്ങളിലെ അനന്തവൈവിധ്യവും അതു പേറുന്നു. ആമസോണിലും മറ്റുമുള്ള മഴക്കാടുകളുടെ ഘടനയോടാണ് ഇതിനു സാദൃശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: