ആത്മാനാത്മ വിവേകം
അടുത്ത 7 ശ്ലോകങ്ങളിലായി ആത്മാവിനെയും അനാത്മാവിനേയും വിവേചിച്ച് അറിയുന്നു.
എങ്ങനെയാണ് ബന്ധമോചനം ഉണ്ടാകുന്നത്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യം .
ശ്ലോകം 147
നാസ്ത്രൈര് ന ശസ്ത്രൈരനിലേന വഹ്നിനാ
ഛേത്തും ന ശക്യോ ന ച കര്‍മ്മ കോടിഭിഃ
വിവേക വിജ്ഞാന മഹാസിനാവിനാ
ധാതുഃ പ്രസാദേന സിതേന മഞ്ജുനാ
അസ്ത്രശസ്ത്രങ്ങളെ കൊണ്ടോ വായുവിനെ കൊണ്ടോ അഗ്നിയെ കൊണ്ടോ കോടിക്കണക്കിനുള്ള കര്‍മങ്ങളെ കൊണ്ടോ നശിപ്പിക്കാവുന്ന ഒന്നല്ല സംസാര ബന്ധനം. ഈശ്വരാനുഗ്രഹം കൊണ്ടും അന്തഃകരണ ശുദ്ധിയാലും നല്ലപോലെ മൂര്‍ച്ച കൂട്ടിയ വിവേകവിജ്ഞാനമാകുന്ന വാളുകൊണ്ട് മാത്രമേ ഈ ബന്ധനത്തെ ഛേദിക്കാനാവൂ.
സംസാര ബന്ധത്തെ എന്തൊക്കെ കൊണ്ട് മറികടക്കാനാവില്ല എന്നും ഏതു കൊണ്ട് ആ ബന്ധനം അറുത്ത് കളയാമെന്നും ഇവിടെ വ്യക്തമാക്കുന്നു.വിവേക വിജ്ഞാനമാണ് ഏറ്റവും പ്രധാനം. എന്താണ് വിവേകം? വേര്‍തിരിച്ച് അറിയാന്‍ കഴിയല്‍ തന്നെ. എന്തിനെയാണ് വേര്‍തിരിച്ച് അറിയേണ്ടത്? ആത്മാവിനേയും അനാത്മാവിനേയും തമ്മില്‍.
അനാത്മാവിനെ ആത്മാവെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ് എല്ലാ സംസാര ദുരിതങ്ങളും വന്നു പെട്ടത്. തെറ്റിദ്ധാരണ നീങ്ങിയാലേ ക്ലേശങ്ങള്‍ നീങ്ങുകയുള്ളൂ.നമുക്ക് സാധാരണഗതിയില്‍ അറിയാവുന്ന സാധനങ്ങളെ കൊണ്ടൊന്നും സംസാര ബന്ധനം അറുത്ത് മാറ്റാനാവില്ല. അതിനെ നശിപ്പിച്ചു കളയാനാവില്ല.
അസ്ത്രത്തിനും ശസ്ത്രത്തിനും സംസാരക്കെട്ട് പൊട്ടിക്കാന്‍ കഴിയില്ല. പ്രയോഗിച്ചു കഴിഞ്ഞാല്‍ തിരിച്ച് വരാത്തതാണ് അസ്ത്രം. വിട്ടയാളുടെ കൈയില്‍ തന്നെ തിരികെ വന്നു ചേരുന്നത് ശസ്ത്രവും. കൈയില്‍ തന്നെ പിടിച്ച് ഉപയോഗിക്കുന്നവയെല്ലാം ശസ്ത്രത്തില്‍ പെടും. പ്രധാനമായും ലോഹമയമാണത്. ഇത്തരത്തിലുള്ള ആയുധങ്ങളെ കൊണ്ട് എന്തും നശിപ്പിക്കാനാവും. എന്നാല്‍ എന്തു തന്നെയായാലും, ഏത് തരത്തിലുള്ള ഒരായുധത്തിനും സംസാരബന്ധനത്തെ ഭേദിക്കാന്‍ കഴിയുകയില്ല.
ഞാന്‍ ദേഹമാണ് എന്ന വ്യാമോഹവും അതേ തുടര്‍ന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും നീക്കാന്‍ ആയുധങ്ങള്‍ക്കാവില്ല.
പ്രകൃതിയുടെ നേരിട്ടുള്ള നശീകരണ ശക്തികള്‍ പോലും അതിന് മുന്നില്‍ തോറ്റു പോകും. കാറ്റിനും അഗ്നിയ്ക്കും ഒട്ടുമിക്കതിനേയും ഇല്ലാതാക്കാനാവും. കാറ്റ് എല്ലാറ്റിനേയും വരട്ടിയുണക്കുന്നു, പറത്തി വീഴ്ത്തി തവിടുപൊടിയാക്കുന്നു. തീയ്ക്ക് എല്ലാറ്റിനേയും ചുട്ടെരിക്കാനുമാകും. പക്ഷേ ഇതൊന്നും സംസാര ബന്ധത്തെ നശിപ്പിക്കാന്‍ പോരാ.
ഇനി എന്തൊക്കെ തരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്താലും അജ്ഞാന ബന്ധനത്തെ ഇല്ലാതാക്കാനാവില്ല. എല്ലാ കര്‍മ്മങ്ങള്‍ക്കും കാരണമായത് അവിദ്യയായതിനാല് കോടികണക്കിന് കര്‍മങ്ങള്‍ ചെയ്താലും അത് നീങ്ങില്ല.
വിവേക വിജ്ഞാനമാകുന്ന കരുത്തുറ്റ വലിയ വാളുകൊണ്ട് വേണം അജ്ഞാന ബന്ധനത്തെ അറുത്ത് മുറിയ്ക്കാന്‍. അന്തഃകരണ ശുദ്ധി കൊണ്ട് നല്ലതുപോലെ മൂര്‍ച്ച കൂട്ടിയതാകണം ഈ വിവേകമാകുന്ന വാള്. ധാതു പ്രസാദം എന്ന വാക്ക് നമ്മുടെ ഉള്ളം ശുദ്ധമാക്കേണ്ടതിനെ കാണിക്കുന്നു. ഒപ്പം തന്നെ ഈശ്വരാനുഗ്രഹത്തേയും.
ഈശ്വരന്റെ കനിവ് കൊണ്ട് മാത്രമേ ബന്ധനം വിച്ഛേദിക്കാനാവൂ.വിവേക വിചാരം ചെയ്യണമെങ്കില്‍ ഉള്ളം നന്നായി ശുദ്ധമാകണം. വാസനകള്‍ ഒടുങ്ങുമ്പോഴേ മനസ്സിലെ വിക്ഷേപങ്ങളടങ്ങി ശാന്തമാകൂ. അങ്ങനെ പ്രസന്നവും ശാന്തവുമായ മനസ്സും അതിലൂടെ മറനീങ്ങി തെളിഞ്ഞ ബുദ്ധിയും ചേര്‍ന്നാല്‍ വിവേക വിചാരം തീക്ഷ്ണമാകും. ഈശ്വരകൃപയാലുള്ള വിവേകം ദൃഢതരമാകും.
ഈ വിവേക വാളിനാല്‍ ബന്ധനത്തെ അരിഞ്ഞ് വീഴ്ത്തുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: