ന്യൂദല്‍ഹി: സാമൂഹിക അകലം പാലിക്കുന്നത്തിന് ഉദാരണവുമായി കേന്ദ്ര മന്ത്രിസഭ യോഗം. രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആഹ്വാനം ചെയ്തതിനു ശേഷമുള്ള ആദ്യത്തെ മന്ത്രിസഭ യോഗമാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ചു ചേര്‍ത്തത്.
ഇത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയും പ്രധാനമന്ത്രി മോദിയുടെ ഇരുവശത്തും അകലം പാലിച്ച് ഇരിക്കുന്നത് കാണാം. ഇവര്‍ക്ക് പുറമെ രാം വിലാസ് പാസ്വാന്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരേയും കാണാം. പിഎംഒയുടെ പ്രധാന അംഗങ്ങളായ പിഎം പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. കെ. മിശ്ര, എന്‍എസ്എ അജിത് ഡോവല്‍ എന്നിവര്‍ക്കൊപ്പം ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചിത്രത്തിലുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ് പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് വ്യക്തമാക്കികൊണ്ടാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. 21 ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും 21 ദിവസം പുറത്തിറങ്ങുന്നത് മറക്കണം. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ രാജ്യത്തെ 21 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ആറ് സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഭാഗികമായ ലോക്ഡൗണിലേക്ക് പോയിട്ടുണ്ട്. കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.
കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ കുറഞ്ഞത് 21 ദിവസമെങ്കിലും വളരെ നിര്‍ണായകമാണ്. ഈ 21 ദിവസങ്ങളില്‍ സ്ഥിതി കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിനും കുടുംബത്തിനും 21 വര്‍ഷം പിന്നോട്ട് പോകുന്ന സഹാചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, നിങ്ങളുടെ വീടിനുള്ളില്‍ തന്നെ നില്‍ക്കാനും മോദി പറഞ്ഞു.
















