തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിച്ചതോടെ ബീവറേജസ് ഔട്ലെറ്റുകളും പൂട്ടാന്‍ ഉത്തരവ്. രാജ്യത്ത് കോവിഡ് 19 ആശങ്കയുണര്‍ത്തുന്ന വിധത്തില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കര്‍ശ്ശന നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബീവറേജസ് ഔട്ലെറ്റുകള് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബീവറേജസ് ഔട്ലെറ്റുകള് നിലനിര്‍ത്തിക്കൊണ്ട് ബാറുകള്‍ മാത്രം പൂട്ടാനാണ് ഉത്തരവിട്ടത്. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ മദ്യവില്പനശാലകളും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ ബെവ്കോ മാനേജിങ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടു. ബാറുകളില്‍ ചില്ലറ വില്‍പ്പന അനുവദിക്കാനുള്ള തീരുമാനവും ഇതോടെ ഉപേക്ഷിച്ചു. എന്നുവരെ ബീവറേജസ് അടച്ചിടുമെന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.
കോവിഡ് 19 പശ്ചാത്തലത്തില്‍ വിദേശ മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ മുഖ്യമന്ത്രിക്കും എക്സൈസ്, സഹകരണ മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .
അതേസമയം രാജ്യത്തെ അവസ്ഥ കൈവിട്ടു പോയാല്‍ ഇടപെടാനായി സൈന്യം സജ്ജമാണ്. സൈനിക മേധാവിമാര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. കേരളത്തില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: