മനുഷ്യ രാശിക്ക് മേൽ ഭീതിയുടേയും മരണത്തിന്റെയും നിഴൽ വീഴ്‌ത്തിയിരിക്കുകയാണ് കൊറോണ എന്ന അണുരൂപം. പക്ഷെ മലയാളിക്ക് ഇപ്പോഴും അതിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ?
എന്തായാലും മലയാളികളുടെ ഇപ്പോഴത്തെ ഈ മനോഭാവത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് ഡോക്ടർ സോഹൻ റോയ് എഴുതി ബി ആർ ബിജുറാം സംഗീതം നൽകി ആലപിച്ച ‘അണു മഹാമാൾ ‘ എന്ന കവിത സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
മതത്തിന്റെയും ഭാഷയുടെയും രാജ്യങ്ങളുടെയും വേലിക്കെട്ടുകൾ ഭസ്മമാക്കി, കാട്ടുതീയുടെ ആയിരമിരട്ടി വേഗതയിൽ ഓടുന്ന രോഗത്തെ പിടിച്ചു കെട്ടാൻ, ആളുകൾ ഒത്തു കൂടാൻ ഇടയുള്ള സർവ്വ സംഗമ കേന്ദ്രങ്ങളും അടച്ചു പൂട്ടുക എന്നതാണ് ഭരണ കൂടങ്ങളുടെ മുന്നിലുള്ള വഴി എന്ന് കവി ആദ്യ രണ്ട് വരികളിൽ വിശദീകരിക്കുന്നു. എന്നാൽ വീണ് കിട്ടിയ അവസരങ്ങളെ എങ്ങനെ പരമാവധി തനിക്ക് പ്രയോജനകരമാകുന്ന രീതിയിൽ മുതലാക്കാം എന്ന കാര്യത്തിൽ ജന്മാന്തരങ്ങളായി ഗവേഷണം നടത്തിക്കോണ്ടിരിക്കുന്ന മലയാളി, ഇതിനെയും ഒരു ‘അവധിക്കാലമായി ‘ കാണുകയാണ്. ഊണും ഉറക്കവുമൊഴിച്ച് അണുവിനെതിരേ ലോകം മുഴുവൻ ഒരു മഹായുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, കുടുംബ സമേതം ‘മാളുകൾ ‘ സന്ദർശിക്കുന്നതിനേക്കുറിച്ച് ആലോചിക്കാൻ മലയാളിക്കേ കഴിയൂ എന്ന് കവി പറഞ്ഞു വയ്‌ക്കുന്നു. ആക്ഷേപഹാസ്യവും അവബോധവും സമന്വയിപ്പിച്ച മനോഹരമായ ഇത്തരം ഓർമ്മപ്പെടുത്തലുകളിലൂടെ സാംസ്‌കാരിക നായകരുടെ തൂലികകൾ ലോകത്ത് നിലവിലുള്ള ഭാഷകളിലൂടെയൊക്കെ സഞ്ചരിച്ചുകൊണ്ടിരിക്കേണ്ട സമയമാണ് ഇത്. ഹാസ്യത്തിലൂടെ സാമൂഹ്യ അവബോധം ഊട്ടിയുറപ്പിക്കാൻ മുൻകൈയെടുക്കുകയാണ് ഡോക്ടർ സോഹൻ റോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: