ടോക്കിയോ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് മാറ്റി. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയാണ് ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കുന്ന കാര്യം അറിയിച്ചത്. ഈ വര്‍ഷം ജൂലൈ 24നായിരുന്നു ടോക്കിയോയില്‍ ഒളിമ്പിക്സ് ആരംഭിക്കേണ്ടിയിരുന്നത്.
ജപ്പാനും രാജ്യാന്തര ഒളിമ്പിക് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്ന് നേരത്തെ മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി അംഗം ഡിക് പൗണ്ട് ഇക്കാര്യം വ്യക്തമാക്കി. ഔദ്യോഗിക വാര്‍ത്ത മാത്രമാണ് പിന്നീട് വരാനുണ്ടായിരുന്നത്. നാലര മാസം കൂടി ബാക്കിയുള്ളതിനാല്‍ ഒളിമ്പിക്സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനെപ്പറ്റി നിലവില്‍ ആലോചിക്കേണ്ട കാര്യമില്ലെന്നു തുടരെത്തുടരെ പ്രഖ്യാപിച്ച ഐഒസി ഞായറാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണു നിലപാടു മാറ്റിയത്. ഇതിനു പിന്നാലെ ഇന്നലെ ഐഒസി പ്രസിഡന്റ് തോമസ് ബാക്കുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ ഒളിമ്പിക്സ് നടത്താന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് ഷിന്‍സോ ആബെ അറിയിക്കുകയായിരുന്നു.
നീട്ടിവച്ചില്ലെങ്കില്‍ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് കാനഡയും ഒാസ്ട്രേലിയയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ സുരക്ഷയെക്കരുതിയാണു തീരുമാനമെന്നു കനേഡിയന്‍ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റികള്‍ അറിയിച്ചു. 2021ലെ ഒളിമ്പിക്സിനു തയാറെടുക്കാന്‍ ഓസ്ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റി താരങ്ങളോട് ആവശ്യപ്പെട്ടതോടെയാണ് അവരുടെ പിന്മാറ്റം ഉറപ്പായത്. കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പുറമേ മറ്റു ചില രാജ്യങ്ങളും പല പ്രമുഖ അത്ലറ്റുകളും ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയും ന്യൂസിലന്‍ഡും ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. നാലായിരത്തോളം ഒളിമ്പിക്സ്, പാരാലിമ്പിക്സ് കായികതാരങ്ങള്‍ക്കിടയില്‍ സര്‍വെ നടത്തിയ ശേഷമാണ് അമേരിക്കയുടെ തീരുമാനം.
പൊതുവേ കായിക താരങ്ങള്‍ക്കും ഈ അവസരത്തില്‍ മത്സരവുമായി മുന്നോട്ട് പോകുന്നതിനോട് താല്പര്യമില്ലെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ഒളിമ്പിക്സുമായി മുന്നോട്ട് പോകരുതെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. ന്യൂസിലന്‍ഡും താരങ്ങളുടെ ഇടയില്‍ ഇത്തരത്തിലൊരു സര്‍വേ നടത്തിയിരുന്നു. അതിനെ മാതൃകയാക്കിയാണ് അമേരിക്കയും ഈ സമീപനം സ്വീകരിച്ചത്.
നേരത്തെ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് ഫുട്ബോള്‍, കോപ്പ അമേരിക്ക ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: