ഹിന്ദുദര്ശനപദ്ധതികളിലെല്ലാം തന്നെ ധര്മ്മകല്പനയില് നിരവധിപൊതുഘടകങ്ങള് കാണാം. ഒരു വ്യക്തിയുടെ ശരീരമനോബുദ്ധികളുടെ ആരോഗ്യത്തെ ഹനിക്കുന്നതൊന്നും വ്യക്തിധര്‍മ്മമല്ല. ഇതുപോലെ കുടുംബഭദ്രതയെ ഇല്ലാതാക്കുന്നതൊന്നും ആ കുടുംബാംഗങ്ങളായ വ്യക്തികളുടെ ധര്‍മ്മമല്ല. ഈ നിലപാടു തന്നെയാണ് സമൂഹ, ലോക, പ്രകൃതി തലങ്ങളിലും ഏതൊരു വ്യക്തിയും സ്വീകരിക്കേണ്ടത്. ഇത് സാര്‍വലൗകികമായ, സാര്‍വജനീനമായ, സാര്വകാലികമായസാമാന്യധര്മ്മം ആണ്. ഓരോ ദര്ശനപദ്ധതിക്കും അതാതിന്റെ സവിശേഷധര്‍മ്മം ഉണ്ട്. അവ മേല്‍പ്പറഞ്ഞ സാമാന്യധര്മ്മത്തെ ഉല്ലംഘിക്കുന്ന തരത്തിലാകരുതെന്നും ഇവിടെ നിഷ്കര്‍ഷിച്ചിരുന്നു. ലോയല്‍ റൂ (Loyal Rue) എന്ന മത-തത്വചിന്താപണ്ഡിതന് സെമിറ്റിക്മതങ്ങളുടേതില് നിന്നും തികച്ചും വ്യത്യസ്തമായ ഘടന ഹിന്ദുആചാരാനുഷ്ഠാനങ്ങള്ക്കേകുന്നത്ധര്മ്മസങ്കല്പമാണ് എന്നു പറയുന്നു (Religion Is Not About God). ചുരുക്കി പറഞ്ഞാല്‍, ദുഃഖത്തിന്റെ എന്നെന്നേക്കുമായുള്ള നിവാരണം അഥവാ സുഖത്തിന്റെ എന്നെന്നേക്കുമായുള്ള ആസ്വാദനം എന്ന പൊതു അടിത്തറയിലുള്ള വൈവിധ്യാന്തര്ഗതഏകാത്മതാ വീക്ഷണവും അതിന്റെ അനുബന്ധങ്ങളായ അധികാരി-യോഗ്യതാ-സന്ദര്ഭവാദവും ധര്മ്മസങ്കല്പവും ആണ,് ഹിന്ദുഭൂമിയുടെ ഭൗതികസവിശേഷത ഉരുവം കൊടുത്ത ഹിന്ദുതനിമയെ, നിര്‍വചിക്കുന്ന ഘടകങ്ങള്‍. ഇത് മേല്‍പ്പറഞ്ഞ സുവര്‍ണ്ണകാലഘട്ടത്തില്‍ തന്നെ ഹിന്ദു ഉപബോധത്തില്‍ രൂഢമൂലമായിക്കഴിഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ സിദ്ധപരമ്പരയുടെ ശാസ്ത്രീയാധ്യാത്മികതയും (scientific spiritualism) ഹിന്ദുഉപബോധത്തെ ആഴത്തില്‍ സ്വാധീനിച്ചു. അതും ഹിന്ദുതനിമയുടെ അവിഭാജ്യഘടകമായി.
പില്ക്കാലത്തു പല തവണ പരിഷ്ക്കരിക്കപ്പെട്ടു പ്രചരിച്ച വേദേതിഹാസപുരാണദര്ശനാദിചട്ടക്കൂടുകളിലെല്ലാം തന്നെ ഈ തനിമയുടെ സ്വാധീനം നമുക്കു കാണാം. ഈ ഹിന്ദുതനിമയെ ഭാരതത്തിലെ പല പ്രദേശങ്ങളിലുമുണ്ടായിരുന്ന സര്‍വകാലാശാലകളില്‍ പഠിപ്പിച്ചിരുന്നു എന്ന് സുശീല്‍കുമാര്‍ മിത്ര ചൂണ്ടിക്കാണിക്കുന്നു (The Pedagogy of the Hindus). ഈ അഭിപ്രായത്തെ രാധാകുമുദ് മുക്കര്‍ജി തന്റെ ഫണ്ഡമെന്റല് യൂണിറ്റി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുമുണ്ട്. ഈ തനിമയെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ടപ്പോഴെല്ലാം നാം, ആത്മവിസ്മൃതിയിലാണ്ട ഒരു ജനത അനുഭവിക്കേണ്ട കഷ്ടതകളെല്ലാം, അനുഭവിച്ചു എന്നതിനു ചരിത്രം സാക്ഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: