കാസർകോട്: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 17 പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രഖ്യാപിച്ച സി ആർ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ ശക്തമായി നടപ്പിലാക്കി വരികയാണെന്നും യാതൊരു കാരണവശാലും ആളുകൾ കൂട്ടം ചേരാൻ പാടില്ലെന്നും ജില്ലാ കളക്ടർ ഡോ.സി.സജിത് ബാബു അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവരോട് ഇനി റൂട്ട് മാപ്പും അഭ്യർത്ഥനയുമില്ല, നടപടി മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന നിരത്തുകളിൽ കളക്ടറുടെ നേത്യത്വത്തിൽ പരിശോധന നടത്തി. അനാവശ്യമായി നിരത്തിലിറങ്ങിയ ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ് ബോധവൽക്കരണം നടത്തി. ചില സ്ഥലങ്ങളിൽ പോലീസുമായി അനാവശ്യ വാക്ക് തർക്കത്തിലേർപ്പെട്ടവരെ പിരിച്ചു വിടാൻ ലാത്തിവീശി. കണ്ണുർ-കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത ഒളവറയിലും കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഗ്യാളിമുഖത്തും പോലീസ് ബാരിക്കേഡ് കെട്ടി ഗതാഗതം പുർണ്ണമായും തടഞ്ഞു.
രാവിലെ 11 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്ന അവശ്യസാധന കടകളിലും ആളുകൾ കൂട്ടം കൂടരുത്. സർക്കാർ നിർദ്ദേശപ്രകാരം വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. അവശ്യസാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കളക്ടർ പറഞ്ഞു. കടകൾ രാവിലെ പതിനൊന്ന് മണി മുതൽ അഞ്ചു മണിവരെ മത്രമേ തുറക്കൂ. ഈ സമയത്ത് തുറക്കാൻ തയാറാകാത്തവരുടെ കടകൾ നിർബന്ധിപ്പിച്ച് തുറപ്പിക്കും. ജാഗ്രതാതല സമിതികൾ പഞ്ചായത്തുകളിൽ സജീവമാണ്. വാഹനങ്ങൾ പരിശോധിക്കും. അനാവശ്യ യാത്രകൾ പാടില്ല. ആശുപത്രിയിലേക്ക് പോകുന്നവർ രേഖകൾ കാണിക്കണമെന്നും കളക്ടർ അറിയിച്ചു.
ഞായറാഴ്ച മാത്രം അഞ്ച് പുതിയ കോവിഡ് കേസുകളാണ് കാസർകോട്ട് നിന്നും റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കളക്ടർ നടപടി കടുപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ച തളങ്കര സ്വദേശി, പൂച്ചകാട് സ്വദേശി, എരിയാൽ സ്വദേശി എന്നിവർ വ്യാപകമായി സമ്പർക്കം നടത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയ ശേഷം വീട്ടിൽ ഇരിക്കാതെ നിരീക്ഷണത്തിലുളളവർ പുറത്തിറങ്ങി നടന്നതാണ് കാസർകോട് രോഗം ഇത്രയും പടരാൻ കാരണം.
സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ കാസർകോട്ട് ഞായാറാഴ്ച രാത്രി ഒൻപത് മണി മുതൽ പ്രബല്യത്തിൽ വന്നു. പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി. ഉത്സവങ്ങളും മതപരമായ ചടങ്ങുകളും പൂർണമായും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 41 പേർ ആശുപത്രികളിലും 721 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: