കാസര്‍കോട്: കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്. ജില്ലയിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ച് പൂര്‍ണമായും അടച്ചു. സിആര്‍പിസി 144 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡി.അജിത് ബാബു ഉത്തരവിറക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ നിലനില്ക്കും. ജില്ലയിലെ എല്ലാ ആഭ്യന്തര, പൊതു ഗതാഗത സംവിധാനങ്ങളും നിരോധിച്ചിട്ടുണ്ട്. ആവശ്യ സര്‍വീസുകള്‍ക്കും സാധനങ്ങള്‍ക്കും ബുദ്ധിമുട്ടാകാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കി. അനാവശ്യമായി റോഡിലിറങ്ങി കറങ്ങി നടക്കുന്നവരെയും കൂട്ടംകൂടുന്നവരെയും കണ്ടെത്തി ബോധവല്‍ക്കരണം നടത്തി തിരിച്ചയയ്ക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല ആയതിനാല്‍ പ്രധാന പാതകളിലെല്ലാം തന്നെ കര്‍ശന പരിശേധനയാണ് നടക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ 12 റോഡുകള്‍ ഇതിനകം തന്നെ അടച്ചിട്ടുണ്ട്. ജില്ല പൂര്‍ണ്ണമായും അടയ്ക്കുന്നതോടെ ആവശ്യസാധന നീക്കത്തിന് തടസ്സമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. മെഡിക്കല്‍ കോളേജോ ആധുനിക ചികിത്സാ സൗകര്യങ്ങളോ വേണ്ടത്ര കാസര്‍കോടില്ല. ആധുനിക ചികിത്സയ്ക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി കാസര്‍കോടന്‍ ജനത ഇന്നും ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. മംഗലാപുരത്ത് നിന്നാണ് പ്രധാനമായും ഭക്ഷ്യധാന്യങ്ങള്‍ മരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജില്ലയിലേക്കെത്തുന്നത്. ജില്ല അടച്ച് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയില്‍ കൂടി സര്‍ക്കാര്‍ കാര്യക്ഷമമായി ശ്രദ്ധിക്കുമോയെന്ന ആശങ്കയിലാണ് കാസര്‍കോട് നിവാസികള്‍. ഏറ്റവും വലിയ തീരപ്രദേശമേഖലയുള്ള ജില്ല കൂടിയാണ് കാസര്‍കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: