മേല്‍പ്പറഞ്ഞ പൊതു അടിത്തറയില്‍ അതായത് ഏകാത്മതയില്‍, ദര്‍ശനപദ്ധതികളില്‍ കാണപ്പെടുന്ന മേല്‍വിവരിച്ച വൈരുദ്ധ്യങ്ങളെ, വൈവിദ്ധ്യങ്ങളായി കണ്ട് സമന്വയിപ്പിക്കുന്നത് എങ്ങിനെ? ഈ ഓരോ ദര്ശനപദ്ധതിയും ഭൗമേതരസത്താകല്പനകളും അതാതു മാര്‍ഗം പിന്തുടരാന് വേണ്ട അഭിരുചി ഉള്ള വ്യക്തിയുടെ കാഴ്ച്ചപ്പാടില്‍ ശരിയാണ് എന്ന സമീപനമാണതിനുള്ള വഴി. ഓരോ വ്യക്തിയുടെയും അഭിരുചിയും ഉള്‍ക്കൊള്ളാനുള്ള കഴിവും രീതിയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണെന്ന് ഇന്ന് ആധുനികമനശ്ശാസ്ത്രവും പറയുന്നു. ഭിന്നരുചിര്ഹിലോകാഃ എന്ന ഈ മനശ്ശാസ്ത്രസത്യം നമ്മുടെ പൂര്‍വികരും മനസ്സിലാക്കിയിരുന്നു. അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളെ യഥാവലെ ചേരുംപടിചേര്ക്കുന്നതന്വയം പരികീര്ത്തിതംഭ എന്നു ബാലപ്രബോധനം സംസ്കൃതഭാഷയിലെ അന്വയക്രിയയെ (പദങ്ങളെ അറിവുണ്ടാകാനുതകുന്ന രീതിയില്‍ കൂട്ടിച്ചേര്‍ക്കല്‍) വര്‍ണിക്കുന്നു. അതേ രീതിയില്‍ ഹിന്ദുദാര്ശനികന്റെ ദൃഷ്ടിയില് ദര്ശനവൈവിധ്യവും തദനുസൃതമായ ആചാരാനുഷ്ഠാനവൈവിധ്യവും മനശ്ശാസ്ത്രദൃഷ്ട്യാ സഹജമാണ്, ഓരോരോ വ്യക്തിയുമായി ചേരുംപടി ചേര്‍ക്കേണ്ടതുമാണ്. ആയുര്‍വേദത്തില്‍ പനിക്കു തന്നെ നിരവധി കഷായങ്ങള്‍ പറഞ്ഞിരിക്കുന്നതുകാണാം. ആ വൈദ്യശാസ്ത്രമനുസരിച്ച് പ്രതിവ്യക്തി ഏതൊരു രോഗവും വിഭിന്നമാണ്. രോഗത്തിന്റെ പൊതുലക്ഷണം, വൈദ്യനെ കാണാന്‍ വരുന്ന സമയത്ത് ആ രോഗത്തിന്റെ പാകാവസ്ഥ, രോഗിയുടെ പ്രത്യേകമൂല പ്രകൃതി (വാത-പിത്ത-കഫങ്ങളുടെ ജന്മനാ ഉള്ള ചേരുവ), രോഗത്തിന്റെ ആദ്യഹേതുവായ അപത്ഥ്യം മുതലായ രോഗനിര്‍ണയ ഘടകങ്ങളും വിവിധകഷായങ്ങളിലെ പലതരം ഔഷധികളുടെ ചേരുവകളും മേമ്പൊടികളും തട്ടിച്ചുനോക്കി വേണം ഒരു പ്രത്യേകകഷായം വൈദ്യന് നിശ്ചയിക്കേണ്ടത്. അങ്ങനെ കുറിക്കുന്ന കഷായം വിധിപ്രകാരം വെച്ചു കഴിച്ചാല്‍ അതു കുറിക്കു കൊള്ളുകയും ചെയ്യും. ഈസമീപനരീതിയാണ് ഏതു ദര്‍ശനപദ്ധതിയാണ് തനിക്കു ചേരുക എന്നു നിശ്ചയിക്കാന്‍ ഓരോ വ്യക്തിയും (അല്ലെങ്കില്‍ വിവേകമുള്ള ഗുരു) സ്വീകരിക്കേണ്ടത്. ഹിന്ദുആധ്യാത്മികശാസ്ത്രത്തില് ഈ സമീപനത്തിന് അധികാരി-യോഗ്യതാ-സന്ദര്‍ഭവാദം എന്നു പറയുന്നു. അഭിരുചിയും കഴിവുമാണ് അധികാരി-യോഗ്യതാവാദത്തില് പ്രധാനമായും പരിഗണിക്കുന്നത്. തെറ്റും ശരിയും കേവലം സന്ദര്ഭാതീതം (രീിലേഃേളൃലല) മാത്രമല്ല സന്ദര്‍ഭാനുസൃതം ((രീിലേഃേലെിശെശേ്ല) കൂടിയാണ് എന്നതാണ് സന്ദര്‍ഭവാദം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാമാന്യം ((ൗിശ്ലൃമെഹ)), വിശേഷം (ുമൃശേരൗഹമൃ)എന്നിവയുടെ ചേര്‍ച്ച ഏതു കാര്യത്തിലും അവസരത്തിലും പരിഗണിക്കണം എന്നതാണത്. കേദാരകുല്യാന്യായമനുസരിച്ചും, ഖളേ കപോത
ന്യായമനുസരിച്ചുമാണ് ഈ ചേരുംപടിചേര്ക്കല് നടപ്പിലാക്കുന്നത്. ഒരു വയലില്‍ എല്ലായിടത്തും വേണ്ട അളവില്‍ വെള്ളം എത്തിക്കാന്‍ പല വലുപ്പത്തിലുള്ള ചാലുകളോ കുഴലുകളോ അനുക്രമമായി ചേര്‍ത്തുവെക്കുന്ന പ്രക്രിയയാണ് കേദാരകുല്യാന്യായം അര്‍ത്ഥമാക്കുന്നത്. പാടത്ത് മെതി കഴിഞ്ഞ് ധാന്യം കൂട്ടിയിട്ടിരിക്കുന്ന കളത്തില്‍ പറന്നിറങ്ങുന്ന പ്രാവുകള്‍ ഓരോന്നും അതാതിനിഷ്ടപ്പെട്ട ധാന്യമണികളെ അതാതിനു വേണ്ട അളവില്‍ സ്വായത്തമാക്കുന്ന പ്രക്രിയയെ ആണ് ഖളേ കപോതന്യായം കൊണ്ടുദ്ദേശിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിച്ചതിനു ശേഷം ഏതെല്ലാം തരത്തിലാണ് ശരീരംസപ്തധാതുക്കളായി മാറ്റി സ്വാംശീകരിക്കുന്നത് എന്നു വിശദീകരിക്കാന്‍ ആയുര്‍വേദം ഈ രണ്ടു ന്യായങ്ങളേയും ഉപയോഗിക്കുന്നു. മാധവാചാര്യരുടെ സര്വദര്ശനസംഗ്രഹം എന്ന കൃതിയില്‍ ആദ്യത്തെ ന്യായത്തിനുള്ള ഉദാഹരണംകാണാം. ആ പുസ്തകത്തില്‍ ചാര്‍വാകം തൊട്ട് ശാങ്കരാദ്വൈതം വരെയുള്ള പതിനാറു ദര്‍ശനപദ്ധതികളെ ഒന്നിനൊന്നു മീതെയായി വര്‍ണിക്കുന്നു. രണ്ടാമത്തേതിന് ഉദാഹരണം തന്ത്രശാസ്ത്രത്തില്‍ പറയുന്നതാണ്. ഒരു വ്യക്തി ഒരു ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നു. ആ ഗുരുവില്‍ നിന്നും തനിക്കു വേണ്ടതു കിട്ടുന്നില്ലെന്നു ബോധ്യം വന്നാല്‍ വണ്ട് തനിക്കിണങ്ങിയ തേന്‍ കുടിക്കാന്‍ ഒരു പൂവില്‍ നിന്നും മറ്റൊരു പൂവിലേക്കെന്ന പോലെ മറ്റൊരു ഗുരുവിനെ പ്രാപിക്കണം എന്നു തന്ത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: