ആവരണ വിക്ഷേപ ശക്തികള്‍
അടുത്ത രണ്ട് ശ്ലോകങ്ങളിലായി ആവരണ വിക്ഷേപ ശക്തികളെ ഒന്നുകൂടി ഉദാഹരണ സഹിതം വിവരിക്കുന്നു.
ശ്ലോകം 143
കബൡത ദിനനാഥേ ദുര്‍ദ്ദിനേ സാന്ദ്രമേഘൈഃ
വ്യഥയതി ഹിമഝംഝാവായുരുഗ്രോ യഥൈതാന്‍
അവിരതതമസാത്മന്യാവൃതേ മൂഢബുദ്ധിം
ക്ഷപയതി ബഹു ദുഃഖൈഃ തീവ്രവിക്ഷേപ ശക്തിഃ
തിങ്ങി നിറഞ്ഞ കാര്‍മേഘങ്ങള്‍ സൂര്യനെ മറച്ച ദുര്‍ദിനത്തില്‍ ഉഗ്രമായ ശീതക്കാറ്റ് മനുഷ്യരെ കഷ്ടപ്പെടുത്തും. അതുപോലെ കൊടും തമസ്സിനാല്‍ ആത്മാവ് മൂടപ്പെടുമ്പോള്‍ ഉഗ്രമായ വിക്ഷേപ ശക്തി മൂഢ ബുദ്ധിയായ മനുഷ്യനെ പലതരത്തിലുള്ള ദുഃഖങ്ങളെ കൊണ്ട് കഷ്ടപ്പെടുത്തും.
ദിനത്തിന്റെ നാഥനായ സൂര്യനെ മേഘങ്ങള്‍ പൂര്‍ണ്ണമായും മൂടിക്കളയുന്ന ദിവസത്തെ ദുര്‍ദ്ദിനം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടെ കടുത്ത ശീതക്കാറ്റും വന്നാല്‍ വല്ലാത്ത ദുരിതമായിരിക്കും. അതുപോലെയാണ് കട്ടപിടിച്ച തമസ്സാകുന്ന അജ്ഞാനത്താല്‍ ആത്മസൂര്യന്‍ മറയ്ക്കപ്പെടുന്നത്. ഒപ്പം വിക്ഷേപശക്തിയുടെ തീവ്രതയും ഉണ്ടായാല്‍ പിന്നെ പറയേണ്ട..
എന്നാല്‍ മേഘം മറയ്ക്കാത്ത ഭാഗത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍ക്ക് ഒരു പ്രയാസവുമുണ്ടാകില്ല. സൂര്യനും മേഘത്തെ കൊണ്ട് ഒരു പ്രശ്നവുമില്ല. ആത്മജ്ഞാനികളെ സംബന്ധിച്ചിടത്തോളം അവര്‍ അജ്ഞാനത്തിന്റെ മേഘമറയേല്ക്കാത്തവരാണ്. അതിനാല്‍ തന്നെ അവിദ്യയില്‍ നിന്നുണ്ടായ ഈ സംസാരം അവരെ ബാധിക്കുന്നില്ല.
സംസാരദുഃഖമനുഭവിക്കാന് ജീവന് എന്നതും അവിടെയില്ല. പരമാത്മാവിനെ മറയ്ക്കാന്‍ അജ്ഞാനത്തിനാകില്ല എന്നതിനാല്‍ ഇതൊന്നും അതിനെയും ബാധിക്കുന്നില്ല. ഞാന്‍ കര്‍തൃത്വ-ഭോക്തൃത്വ അഭിമാനിയായിരിക്കുമ്പോള് അവിദ്യ എനിക്ക് വളരെ അടുത്താണ്. ആത്മാവ് വളരെ അകലെയുമാകും. ജീവന് തമസ്സിലൂടെ നോക്കുമ്പോള്‍ ആത്മാവിനെ കാണില്ല.
ശരീരം, മനസ്സ്, ബുദ്ധി എന്നിവയില്‍ താദാത്മ്യം പ്രാപിച്ച് ആസക്തിയോടെ കഴിയുന്നയാള്‍ മൂഢ ബുദ്ധിയാണ്. അയാളെ വിഷയ- വികാര – വിചാരങ്ങളാല്‍ നിറഞ്ഞ ഈ ലോകം അലട്ടും. വിക്ഷേപശക്തിയുടെ പീഡനം അയാളെ കഷ്ടത്തിലാക്കും. ദുരിതം തന്നെ ദുരിതം…
അജ്ഞാനമറ മൂലം ആത്മസൂര്യന്‍ മറഞ്ഞാല്‍ വിക്ഷേപത്തിന്റെ ശീതക്കാറ്റേറ്റ് പല പല ദു:ഖങ്ങളില്‍ അകപ്പെടും.
ശ്ലോകം 144
ഏതാഭ്യാമേവ ശക്തിഭ്യാം ബന്ധഃപുംസഃ സമാഗതഃ
യാഭ്യാം വിമോഹിതോ ദേഹം മത്വാത്മാനം ഭ്രമത്യയം
ഈ രണ്ടു ശക്തികളില്‍ നിന്ന് തന്നെയാണ് മനുഷ്യന് ബന്ധനം വന്ന് ചേര്‍ന്നിരിക്കുന്നത്.ഇവയാല്‍ വ്യാമോഹിതനായി ദേഹത്തെ ആത്മാവെന്ന് കരുതി മനുഷ്യന് സംസാര ചക്രത്തില്‍ ഭ്രമിക്കുന്നു. ആരവണ, വിക്ഷേപ ശക്തികള്‍ മൂലമാണ് മനുഷ്യര്‍ക്ക് ബന്ധനം ഉണ്ടാകുന്നത്. ഞാന്‍ ദേഹമാണ് എന്ന് കരുതുന്നിടത്തോളം കാലം എത്രയും അല്പനും നിസ്സാരനുമായിത്തീരും.
സാധാരണക്കാരന് ഈ സ്ഥൂല ശരീരമാണ് എന്നാണ് തോന്നുക. കുറച്ച് കൂടി ഉയര്‍ന്ന് ചിന്തിക്കുന്നവര്‍ക്ക് താന്‍ മനസ്സാണ് എന്ന് തോന്നും. ആധുനിക യുക്തിചിന്തകര്‍ കരുതും താന്‍ ബുദ്ധിയാണെന്ന്.പക്ഷേ വാസ്തവത്തില്‍ നാം ഇതു മൂന്നുമല്ല. സ്ഥൂല സൂക്ഷ്മ, കാരണ ശരീരങ്ങളില്‍ നിന്ന് വേറിട്ടതാണ് ആത്മാവ്. അതാണ് ഞാന്‍.
എന്നാല്‍ ഈ ദേഹത്തെ ആത്മാവെന്ന് കരുതി നമ്മള് ജനന മരണ സ്വരൂപവും സുഖദുഃഖ സമ്മിശ്രവുമായ സംസാര ചക്രത്തില്‍ പെട്ട് ഉഴലുകയാണ്.വ്യാമോഹത്തില്‍ പെട്ട് ആടിയാടിക്കളിക്കുകയാണ്. ആട്ട് തൊട്ടിലില്‍ നിന്ന് ശവമഞ്ചത്തിലേക്ക് അവിടെ നിന്ന് വീണ്ടും ഗര്‍ഭ പാത്രത്തിലേക്ക്…. ഒടുങ്ങാത്ത ദുരിതയാത്രയാണ്. സംസാരമാകുന്ന കൊടുംകാട്ടില്‍ വഴിയാതെ ഒട്ടേറെ പീഢകളേറ്റു വാങ്ങി ഭയന്ന് നിലവിളിയോടെയുള്ള ഓട്ടമാണ്. ഈ ചുറ്റിക്കറക്കം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: